ADVERTISEMENT

വരുന്ന അഞ്ചു മുതൽ ആറു വർഷം കൊണ്ട് ഓഹരി വിപണിയിൽ 100 ശതമാനം വളർച്ചയുണ്ടാകുമെന്ന് വിശകലനം. കൊച്ചി അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അക്ഷയ് അഗർവാളിന്റെതാണ് ഈ വിലയിരുത്തൽ. കോവിഡ് കാലത്തിനു ശേഷം ഓഹരിവിപണിയിൽ ഇടപാടുകാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. നഷ്ടസാധ്യതകളുടെ പാഠങ്ങൾ പഠിച്ചാൽ ട്രേഡിങ് മികച്ച കരിയറാക്കാം. ഒരു കാലത്ത് മെട്രോ നഗരങ്ങളിലുള്ളവരാണ് ട്രേഡിങ് കരിയർ തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ ചെറു നഗരങ്ങളിലുള്ളവരും രംഗത്തു സജീവമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ ജനസംഖ്യയുടെ ആറു മുതൽ ഏഴു ശതമാനം വരെ ആളുകളാണ് ഓഹരി വിപണിയിൽ അക്കൗണ്ടുള്ളവർ. ആഗോള തലത്തിൽ താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിൽ 50 ശതമാനവും ചൈനയിൽ 30 ശതമാനവുമാണ്. മിക്ക വികസ്വര രാജ്യങ്ങളിൽ പോലും ഇത് 15 – 20 ശതമാനമാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ നാം ഇനിയും മുന്നോട്ടു പോകാനുണ്ട്. 8 കോടി അക്കൗണ്ട് എന്നത് വൈകാതെ 50 മുതൽ 60 കോടി വരെയാകും. ഇതു മനസിലാക്കി ഇപ്പോൾ ആളുകൾ കൂടുതലായി നിക്ഷേപത്തിനു വരുന്നുണ്ട്.

നിക്ഷേപകന് എന്തു പ്രതീക്ഷിക്കാം?

വിപണിയുടെ വളർച്ച വിലയിരുത്തുന്നതിനു നിശ്ചിത അളവുകോലുകളുണ്ട്. ജിഡിപി വളർച്ചയുടെ ഏതാണ്ട് ഇരട്ടിയാണ് കമ്പനികളുടെ വളർച്ച. അതേ നിരക്കിലായിരിക്കും ഓഹരി വിപണിയുടെയും വളർച്ച. ഇന്ത്യയിൽ ജിഡിപി ശരാശരി 7.5 മുതൽ 8 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ അതുകൊണ്ടു തന്നെ കണ്ണും അടച്ച് 15 ശതമാനം വളർച്ചയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിപണി  വികസിക്കുമ്പോൾ വരുമാനത്തിൽ അൽപം കുറവുണ്ടാകാം. ഒരു 12 – 13 ശതമാനം വരുമാനമായിരിക്കും നിക്ഷേപകനു പ്രതീക്ഷിക്കാവുന്നത്. 

നികുതി കൂടി പരിഗണിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിനു പലിശ എന്നത് ആറു ശതമാനമാണ്. ഇതു പൂർണമായും നികുതിബാധകമാണ്. ഓഹരി വരുമാനത്തിനും നികുതിയുണ്ട്. എന്നിരുന്നാലും വരുമാനം ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ ഇരട്ടിയാണ്. ഓഹരി വിപണിയിൽ നഷ്ടസാധ്യതയുണ്ടെങ്കിലും ആത്യന്തികമായി വരുമാനവും നികുതിയും പരിഗണിച്ചാൽ ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാൾ ലാഭം ഓഹരികളിലെ നിക്ഷേപമാണെന്നു വ്യക്തമാകും. 12 ശതമാനം വളർച്ച ഉണ്ടായാൽ വിപണി ആറു വർഷംകൊണ്ട് ഇരട്ടിയാകും. അങ്ങനെയെങ്കിൽ സെൻസെക്സ് അഞ്ചു വർഷം കൊണ്ട് ഏതാണ്ട് ഒരു ലക്ഷം മുതൽ 120,000 വരെ ഉയരാം. നിഫ്റ്റി 30000 വരെ വളർച്ച രേഖപ്പെടുത്താം എന്നാണ് വിലയിരുത്തൽ

കേരളീയർക്ക് ഓഹരി വിപണിയിൽ താൽപ്പര്യമേറുന്നു

കേരളത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ മികച്ച വളർച്ചയുടെ പ്രവണതയാണുള്ളത്. പ്രത്യേകിച്ചും കോവിഡിനു ശേഷം. ദീർഘകാലത്തേയ്ക്കു നിക്ഷേപിക്കുകയാണെങ്കിൽ ബ്ലൂചിപ് കമ്പനി ഓഹരികൾ വാങ്ങി വളർച്ച ആസ്വദിക്കാം. ഇപ്പോൾ പുതിയ ഓപ്ഷൻ ട്രേഡേഴ്സ് വന്നിട്ടുണ്ട്. വിപണിയിൽ നോക്കുമ്പോൾ കൂടുതൽ വിറ്റുവരവും ഇടപാടുകളും ഉള്ളത് ഇത്തരത്തിലുള്ള ട്രേഡേഴ്സിനാണ്. അതുകൊണ്ടു തന്നെ കമ്പനി പലതരത്തിലുള്ള ഓപ്ഷൻസ് വയ്ക്കാറുണ്ട്. വളരെ പോസിറ്റീവായ പ്രവണതയാണ് നിലവിലുള്ളത്. യുവ തലമുറയാണ് ഇതിനായി രംഗത്തുള്ളത്.

ഓഹരിയിൽ എല്ലാം കൂടി നിക്ഷേപിക്കരുത്

ഓഹരി വിപണിയിൽ നിക്ഷേപത്തിനിറങ്ങുമ്പോൾ അറിവാണ് എല്ലാത്തിലും പ്രധാനം. സാധാരണ ആളുകൾ കാശു കളയുന്നത് ഊഹ ഇടപാടുകളിലാണ്. ആരെങ്കിലും പറഞ്ഞു വാങ്ങും, വിൽക്കാൻ പറഞ്ഞാൽ വിൽക്കും. ഇതു മാറി പഠിച്ചു വിപണിയിൽ വരണം. അറിവുണ്ടെങ്കിൽ, അച്ചടക്കമുണ്ടെങ്കിൽ പ്രഫഷണൽ ട്രേഡറായി കരിയറുണ്ടാക്കാം. വിപണിയിൽ വളർച്ച കാണുമ്പോൾ അച്ചടക്കമില്ലാതെ നഷ്ടവും ലാഭവുമെല്ലാം ബുക്ക് ചെയ്യും. അച്ചടക്കമുണ്ടെങ്കിൽ അതിന്റെ തന്ത്രങ്ങൾ വച്ചു കച്ചവടം നടത്തിയാൽ ലാഭമുണ്ടാകും. 

ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഒരാൾ അയാളുടെ മൂലധനത്തിന്റെ നിശ്ചിത ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കരുത്. ട്രേഡിങ് ചെയ്യുമ്പോൾ നിക്ഷേപത്തിന്റെ എത്ര ശതമാനം വരെ ഇടപാടുകൾ നടത്താം എന്ന കാര്യത്തിൽ ബോധ്യമുണ്ടാകണം. അത് അഞ്ചു ശതമാനമോ പത്തു ശതമാനമോ മാത്രമായിരിക്കണം. നമ്മുടെ ആകെ നിക്ഷേപം ഒരു ലക്ഷം രൂപയാണെങ്കിൽ ഇതു പൂർണമായും ഓഹരി വിപണിയിൽ ഇടരുത്. ഒരു ഭാഗം മാത്രമേ നിക്ഷേപിക്കാവൂ. മികച്ച ഓഹരികളാണെങ്കിൽ അപകടങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്യാം. 

English Summary : Malayalees are Interested in Share Investment Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com