ജീവിത സായാഹ്നത്തിൽ പെരുവഴിയിലാകാതിരിക്കാൻ എന്തു ചെയ്യണം?

Mail This Article
ഇന്ന് രാജ്യാന്തര വയോജന ദിനം. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിത സായാഹ്നത്തിലെത്തുമ്പോൾ ഒറ്റപ്പെടുന്ന ഒട്ടേറെ പേർ നമുക്കു ചുറ്റുമുണ്ട്. ജോലിയിൽ നിന്നു വിരമിക്കുമ്പോൾ കിട്ടുന്നത് കടം വീട്ടാനും മക്കൾക്കും വീതിച്ചു നൽകിയും കഴിയുന്നതോടെ മരുന്നു വാങ്ങാൻ പോലും കാശില്ലാതെ, മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥ. എന്താണ് ഈ ദുരവസ്ഥയ്ക്ക് കാരണം?
കരുതാൻ മറക്കല്ലേ
നാം അധ്വാനിച്ചുണ്ടാക്കുന്നത് പണം അടിച്ചു പൊളിക്കാനും മക്കൾക്ക് വീതിച്ചു നൽകാനും മാത്രമല്ല, അതു നമ്മുടെ ഭാവി ജീവിതത്തിനും കൂടിയുള്ളതാണ്. ജീവിതാന്ത്യം വരെയുള്ള ചെലവുകൾക്കുള്ളത് ഈ പണത്തിൽ മാറ്റി വയ്ക്കണം. വയസ്സുകാലത്ത് അധ്വാനിക്കാനാകില്ല, അതിനാൽ വരുമാനവുമുണ്ടാകില്ല. ആ സമയത്ത് നമ്മുടെ കൈയിലുള്ള പണമാണ് നമുക്കു വേണ്ടി അധ്വാനിക്കേണ്ടത്. അതിൽ നിന്നുള്ള വരുമാനം കൊണ്ട് അല്ലലില്ലാതെ; മക്കളുടെ മുമ്പിൽ കൈ നീട്ടാതെ നമുക്കു ജീവിക്കാം. പെൻഷൻ കൂടി ഉള്ളവർക്ക് കാര്യങ്ങൾ അൽപം കൂടി എളുപ്പമാകും. പണപ്പെരുപ്പം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ വർഷങ്ങൾ കഴിയുമ്പോൾ കിട്ടുന്ന പണം ജീവിത ചെലവിന് മതിയാകാതെ വരുമെന്നതും ഓർക്കണം.
എവിടെ നിക്ഷേപിക്കണം
വിരമിക്കുമ്പോൾ ലഭിക്കുന്നതോ അതുവരെയുള്ള അധ്വാനത്തിൽ നിന്നും മിച്ചം പിടിച്ചതോ ആയ വാർധക്യകാലാവശ്യത്തിനായി നിക്ഷേപിക്കുമ്പോൾ സുരക്ഷിതത്വത്തിനാണ് മുൻഗണന നൽകേണ്ടത്. നേട്ടം അല്പം കുറഞ്ഞാലും മുതലിന് സുരക്ഷ വേണം. കിട്ടുന്ന ആദായത്തിന് ഉറപ്പും.
മൊത്തം സംഖ്യയുടെ 15-20 % ഉയർന്ന നേട്ടം നൽകുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ബാക്കിയുള്ള സംഖ്യ മുഴുവൻ നിശ്ചിത വരുമാനം നൽകുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയിലേക്കു മാറ്റാം. അത്തരം ഒരു നിക്ഷേപ പദ്ധതി നമുക്കു പരിചയപ്പെടാം.
പോസ്റ്റോഫീസ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായും സാമാന്യം ഉയർന്ന പലിശ നൽകുന്നതുമായ ചെറുകിട നിക്ഷേപ പദ്ധതിയാണിത്. 60 വയസ്സു പൂർത്തിയായ ഇന്ത്യൻ പൗരനു അക്കൗണ്ട് തുടങ്ങാം. 55 കഴിഞ്ഞാൽ വിരമിച്ചവർക്കും സ്വയം വിരമിച്ചവർക്കും നിബന്ധനകൾക്കു വിധേയമായി ചേരാം.
കാലാവധി: 5 വർഷം. 3 വർഷം കൂടി തുടരാം.
നിക്ഷേപം: 1000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാം.
പലിശ 7.6 ശതമാനം
ഒക്ടോബർ 1 മുതൽ നിക്ഷേപത്തിന് 7.6% പലിശ ലഭിക്കും. നേരത്തെ ഇത് 7.4% മായിരുന്നു. പലിശ മുന്നു മാസം കൂടുമ്പോൾ സേവിങ്സ് അക്കൗണ്ടിലൂടെ പിൻവലിക്കാം. നിബന്ധനകൾക്കു വിധേയമായി അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്ത് പണമെടുക്കാനും വ്യവസ്ഥയുണ്ട്.
ആദായ നികുതിയിളവ്
നിക്ഷേപ തുകയ്ക്ക് സെക്ഷൻ 80C അനുസരിച്ചുള്ള നികുതിയിളവ് ലഭിക്കും. പ്രതിവർഷം കിട്ടുന്ന 50,000 രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് ബാധകമല്ല. ആദായ നികുതിയുടെ പരിധിയിൽ വരാത്ത നിക്ഷേപകർക്ക് 15G/15H നൽകി ടിഡിഎസിൽ നിന്ന് ഒഴിവാകാം.
കരുതലും സുരക്ഷയും
കൈയെത്തും ദൂരത്ത് ലഭിക്കുന്ന പോസ്റ്റോഫീസ് പദ്ധതികൾ ഏറെ സുതാര്യവും സുരക്ഷിതവുമാണ്.