ADVERTISEMENT

അത്യാഗ്രഹവും ഭീതിയുമാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്. വിപണിയില്‍ എല്ലാവരിലും ഭയം ജനിക്കുന്ന സമയത്ത് ആ ഭയത്തെ നിയന്ത്രിച്ച് മികച്ച സാധ്യതകളുള്ള ഓഹരിയില്‍ നിക്ഷേപം തുടരുന്നവരാണ് വിജയിക്കുക. ഈ വര്‍ഷം ഫെബ്രുവരിയില്‍  റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒട്ടേറെ നിക്ഷേപകര്‍ അസ്വസ്ഥരാകുകയും കയ്യിലുള്ള ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. അവരെല്ലാം ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും. കാരണം, സെപ്റ്റംബറില്‍ നിഫ്റ്റി വീണ്ടും 18,000 ലെവല്‍ തൊട്ടു. ഒട്ടേറെ മിഡ് ക്യാപ് ഓഹരികള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി.

 

നാലര മാസത്തെ ഉയര്‍ന്ന നിലയിലാണ് വിപണി എത്തിയത്. ഉത്സവ സീസണും സാമ്പത്തിക വളര്‍ച്ച കണക്കുകളും മൊത്തത്തില്‍ പോസിറ്റീവ് അന്തരീക്ഷമാണു സൃഷ്ടിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം  നിലനിര്‍ത്തി  ഇന്ത്യ മുന്നേറുകയാണ്. അതുകൊണ്ടു തന്നെ അടുത്ത ഏതാനും വർഷങ്ങളിൽ ഓഹരി നിക്ഷേപകർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം.  താഴെ പറയുന്ന തത്വങ്ങൾ മറക്കാതെ  മുന്നോട്ട് നീങ്ങുക.

 

അടിസ്ഥാനപരമായ ആറു തത്വങ്ങള്‍ 

1. വിപണി ചാഞ്ചാട്ടത്തില്‍ അധിഷ്ഠിതമാണെന്ന വസ്തുത അംഗീകരിക്കുക. യുദ്ധം, മഹാമാരി, രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ തുടക്കത്തില്‍ വിപണി നെഗറ്റീവ് ആകാം.

2. ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ക്കായി തയാറെടുത്തു നില്‍ക്കുക. അടിസ്ഥാനപരമായി ശക്തിയുള്ള ഓഹരികളില്‍ മാത്രം നിക്ഷേപം നടത്തുക. കാരണം, വികാരപരമായ പ്രതികരണങ്ങള്‍ അതിജീവിച്ചും നേട്ടം തരാന്‍ അവയ്ക്കാകും. 

3. നിങ്ങളുടെ സമ്പത്തിന്റെ 20 ശതമാനത്തിലധികം വിപണിയില്‍ നിക്ഷേപിക്കാതിരിക്കുക. ഉയര്‍ന്ന ചാഞ്ചാട്ടമുള്ള അവസ്ഥകളില്‍ സ്വസ്ഥമായിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. 

4. സമ്പത്തിന്റെ 10-20% നിര്‍ബന്ധമായും ഓഹരിയില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം. പണപ്പെരുപ്പത്തെ അതിജീവിച്ചു മികച്ച സമ്പത്തുണ്ടാക്കാന്‍ അത് സഹായിക്കും. 

5. തുടക്കക്കാരന്‍ ആണെങ്കില്‍ എപ്പോഴും ഒരു പ്രഫഷനലിന്റെ പിന്തുണ തേടുക. അത്യാവശ്യം അനുഭവസമ്പത്തുള്ള നിക്ഷേപകര്‍ പോലും പ്രഫഷനല്‍ സഹായം തേടാറാണു പതിവ്. അവര്‍ക്കു സ്വന്തം പ്രഫഷനില്‍ ശ്രദ്ധിക്കുന്നതോടൊപ്പം നിക്ഷേപം മികച്ചരീതിയില്‍ തുടരാനും സാധിക്കും. 

6. ഇന്‍ട്രാ ഡേ ട്രേഡിങ്, ഊഹക്കച്ചവടം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചു തുടക്കക്കാര്‍ക്കു ധാരണ വേണം. ഇന്‍ട്രാ ഡേ ട്രേഡിങ്ങിനെക്കാള്‍ ഒരു നിക്ഷേപകന്റെ മനസ്സോടെ വിപണിയെ സമീപിക്കുന്നതാണു നല്ലത്. ഹ്രസ്വകാലത്തേക്ക് 30%, ഇടക്കാല നിക്ഷേപത്തിന് 30%, ദീര്‍ഘകാല നിക്ഷേപത്തിന് 40% എന്നിങ്ങനെ വകയിരുത്തുന്നത് ഗുണം ചെയ്‌തേക്കും.

 

ലേഖകൻ – CA സജീഷ്കൃഷ്ണൻ AAA profit Analytics മാനേജിങ് ഡയറക്ടറാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com