ADVERTISEMENT

ഏറെ വർഷങ്ങള്‍ക്കു മുന്‍പ് പ്രസ് ക്ലബ്ബില്‍ വച്ചാണ് അറ്റ്ലസ് രാമചന്ദ്രനെ ആദ്യം കാണുന്നത്. താനും ഒരു മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞാണ് അദ്ദേഹം പരിചയപ്പെട്ടത്. വർഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്‍റെ അഭിമുഖമെടുത്തു. അതുകഴിഞ്ഞതും മാറ്റിനിർത്തി പറഞ്ഞു: ‘‘നിങ്ങള്‍ക്ക് ഞാനൊരു സാധനം തരുന്നുണ്ട്.’’ അദ്ദേഹം നീണ്ട റോളില്‍ അഭിനയിച്ച ഒരു സിനിമയുടെ സിഡിയാണ്. ആ സിനിമ കണ്ടോയെന്ന് ചോദിച്ച് പിന്നെയും വിളി വന്നു. ഒടുവില്‍ കണ്ട് അഭിപ്രായം പറഞ്ഞു.

2013 ല്‍ ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത, നൂലുണ്ടാക്കുന്ന ഒരു കമ്പനിയെ അറ്റ്ലസ് രാമചന്ദ്രന്‍ വാങ്ങുന്നത്. ജിഎല്‍ വൂളന്‍സ് എന്ന ആ രാജസ്ഥാന്‍ കമ്പനിയുടെ പേര് മാറ്റി അറ്റ്ലസ് ജ്വല്ലറി ഇന്ത്യ എന്ന് ആക്കുകയായിരുന്നു. പുതിയ ഐപിഒ വഴി ഓഹരിവിപണിയിലെത്താനുള്ള ഭീമമായ ചെലവ് ഓർത്തായിരിക്കാം അദ്ദേഹം റിവേഴ്സ് മെർജർ പോലുള്ള ഈ രീതി അവലംബിച്ചത്. പലരും കരുതിയിരിക്കുന്നത് ഓഹരിവിപണിയിലേക്കുള്ള രംഗപ്രവേശമാണ് രാമചന്ദ്രനെ തളർത്തിയതെന്നാണ്. അത് ശരിയാവണമെന്നില്ല. കാരണം, ചെറിയ മാർക്കറ്റ് ക്യാപ് ഉള്ള ജിഎല്‍ വൂളന്‍സിന് വലിയ വില ആയിട്ടുണ്ടാവില്ലെന്നതു തന്നെ. 

ഇതറിഞ്ഞ് വിളിച്ചപ്പോള്‍ ഇപ്പോള്‍ വാർത്ത കൊടുക്കരുത്, അത് റഗുലേറ്ററി പ്രശ്നമുണ്ടാക്കും, അതുകൊണ്ട് എല്ലാ അനുമതിയും ലഭിക്കുന്നതു വരെ ക്ഷമിക്കണമെന്ന് പറഞ്ഞു.

atlas-ramachandran-pic

പിന്നീട്, മുഴുവന്‍ അനുമതിയും കിട്ടിയപ്പോള്‍ കൃത്യമായി ഇങ്ങോട്ട് വിളിച്ചു പറഞ്ഞു: ‘‘വന്നോളൂ, ഇനി ഞാനതിനെക്കുറിച്ച് പറയാം.’’ അങ്ങനെ, ആലുവയിലുള്ള അദ്ദേഹത്തിന്‍റെ ഹോട്ടല്‍ കം ഫ്ലാറ്റ് സമുച്ചയത്തില്‍ പോയി. ഉല്‍സാഹിയായ കുഞ്ഞിനെപ്പോലെ ക്യാമറയുടെ ഫ്രെയിം നിർദ്ദേശിക്കാനൊക്കെ അദ്ദേഹം തന്നെ മുന്നില്‍ നിന്നു. അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി വിലയും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഓഹരിവിപണിയില്‍ പ്രവേശിക്കാന്‍ സഹായിച്ച പാണ്ഡെയെന്നോ മറ്റോ പേരുള്ള ഒരാളെയും പരിചയപ്പെടുത്തി. അദ്ദേഹത്തിന്‍റെ അഭിമുഖവും എടുക്കണമെന്ന് പറഞ്ഞു. 

അതേസമയത്തു തന്നെ സ്വർണവില ഇടിയുകയായിരുന്നു. ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങിയിട്ടുണ്ടെങ്കില്‍, അത് പണയമായി വച്ച് പണം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ നഷ്ടം വരാനുള്ള സാധ്യതയുമുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിങ്ങനെ മാറിയും മറിഞ്ഞുമൊക്കെ വരുമെന്നാണ് ഉത്തരം പറഞ്ഞത്. കൂടുതലും പറഞ്ഞത് ഓഹരിവിപണിയെക്കുറിച്ചാണ്. വലിയ പ്രതീക്ഷകളായിരുന്നു. അറ്റ്ലസിന്‍റെ ഇന്ത്യാ ബിസിനിസ് മാത്രമാണ് വിപണിയിലുള്ള കമ്പനിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഗള്‍ഫിലുള്ളത് വേറൊരു കമ്പനിയായി നിലനിർത്തുകയാണെന്നും പറഞ്ഞിരുന്നു.

പിന്നീട്, അദ്ദേഹം ബിസിനസില്‍ ഉണ്ടായ തിരിച്ചടികള്‍ മൂലം ജയിലിലായ സമയത്ത് അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി വില ഇടിഞ്ഞു. നിലവില്‍ 20 രൂപയിലാണ് നില്‍ക്കുന്നത്. ഇപ്പോഴും പ്രമോട്ടർ ലിസ്റ്റില്‍ രാമചന്ദ്രന്‍റെ പേര് തന്നെയാണ് കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com