ADVERTISEMENT

ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആന്തരികശക്തി ഒന്നുകൂടി തെളിഞ്ഞു കണ്ട വർഷമാണ് കടന്നുപോവുന്നത്. ഓഹരിവിപണി വലിയ അപകടങ്ങളിലേക്ക് പോവാതെ നിന്നതിനും മറ്റൊരു കാരണമില്ല. മറ്റ് ഓഹരിവിപണികള്‍ പലതും കറന്‍സികളുടെ മൂല്യത്തകർച്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പിന്നോട്ട് പോയപ്പോഴും ഇവിടെ ഡീകപ്പ്ള്‍ഡ് ആയി വിഭിന്നവും ശക്തവുമായി നില്‍ക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് കണ്ടത്.

രൂപയുടെ മൂല്യത്തകർച്ച, ആഗോളവിപണികളെ മുഴുവന്‍ ഉലച്ച വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളൊക്കെ ഇവിടെയുമുണ്ടായിരുന്നു. പക്ഷേ, അതിന്‍റെ പേരില്‍ പോലും ഒരു പരിധി വിട്ട് ഇന്ത്യന്‍ വിപണികള്‍ ഇടിഞ്ഞില്ലെന്ന് കാണാം. വർഷാവസാനം കോവിഡിന്‍റെ പേരില്‍ വിപണികള്‍ ഉലഞ്ഞപ്പോഴും ഇതങ്ങനെ വല്ലാതെ നീണ്ടു പോവുന്ന തിരുത്തലാവില്ലെന്ന് പൊതുവെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നതും ഇന്ത്യയുടെ സമ്പദ്ഘടന കൂടുതല്‍ ശക്തമാവുന്നത് മനസിലാക്കിത്തന്നെയാണ്. റിസർവ് ബാങ്ക് യഥാസമയം ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനായി ചെയ്ത നടപടികളും ശ്ലാഘനീയമാണ്. കയറ്റുമതിയുടെ കണക്കുകളും അത്ര മോശമായില്ല. 

തിരഞ്ഞെടുത്ത ഓഹരികളിലെ ഒൗട്ട്പെർഫോമന്‍സ്

സൂചികകള്‍ പക്ഷേ, ഫിക്സഡ് ഡfപ്പോസിറ്റിന്‍റെയത്രയും റിട്ടേണ്‍ തന്നില്ലെന്ന് വാദിക്കാം. പക്ഷേ, തിരഞ്ഞെടുത്ത ഓഹരികളില്‍ ഒൗട്ട്പെർഫോമന്‍സ് ഉണ്ടായെന്ന കാര്യവും മറക്കരുത്. 

down

റഷ്യ യുക്രെയ്ന്‍ ആക്രമണത്തിന്‍റെ തുടക്ക സമയത്ത്, ഫെബ്രുവരി 24 ന് സെന്‍സെക്സിന് 2702 പോയിന്‍റ് നഷ്ടമായതാണ് ഏറ്റവും വലിയ ഒറ്റദിന ഇടിവ്. എന്നാല്‍, മാസങ്ങള്‍ കടന്നുപോയതോടെ വിപണികള്‍ അതത്ര പ്രശ്നമാക്കിയില്ല. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് കിട്ടിയതും നേട്ടമായി. 

കോവിഡിന്‍റെ കാലത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ച ഐ.ടിയും ഫാർമയും പക്ഷേ 2022 ല്‍ വിഷമിച്ചു. അമേരിക്കയില്‍ നിന്നും മോശം വാർത്തകള്‍ വന്ന ദിനങ്ങളിലെല്ലാം ഐ.ടി പിന്നെയും ക്ഷീണിച്ചു. പക്ഷേ, വർഷാവസാനമായപ്പോള്‍ മുന്‍നിര ഫാർമയില്‍ നിക്ഷേപതാല്‍പര്യം കൂടി. പൊതുമേഖലാ കമ്പനികളും തിളക്കത്തില്‍ നിന്നു. 

Photo: T. Schneider/Shutterstock
Photo: T. Schneider/Shutterstock

അദാനി ഗ്രൂപ്പ് ഓഹരികള്‍ തങ്ങളെ വെല്ലാന്‍ ആളില്ലെന്ന മട്ടില്‍ മികച്ച പ്രകടനം തുടർന്നു. അദാനി വില്‍മറിന്‍റെ ലിസ്റ്റിങ്, അംബുജാ സിമന്‍റ്, എന്‍.ഡി.ടിവി എന്നിവയുടെ ഏറ്റെടുക്കല്‍ എന്നിവയെല്ലാം ഗ്രൂപ്പിന്‍റെ പ്രകടനത്തിന് മാറ്റു കൂട്ടി.

2021 ല്‍ 55 കമ്പനികള്‍ ലിസ്റ്റ് ചെയ്തിടത്ത് 40 കമ്പനികളാണ് ഈ വർഷം വന്നത്. മൊത്തം സമാഹരിച്ചത് 64,000 കോടി രൂപ (2021 ല്‍ ഒരു ലക്ഷം കോടി). ഇതില്‍ 21,000 കോടിയും എല്‍.ഐ.സിയുടെ മെഗാ ഐ.പി.ഒയില്‍ നിന്നാണ് സമാഹരിച്ചത്.

എല്‍.ഐ.സിയും പേടിഎമ്മും

എല്‍.ഐ.സിയില്‍ പ്രതീക്ഷിച്ച നേട്ടം കിട്ടിയില്ലെങ്കിലും ക്ഷമയുണ്ടെങ്കില്‍ തിരിച്ചുവരവിന്‍റെ കാര്യം സംശയിക്കേണ്ടെന്നാണ് വിപണിയിലുള്ളവർ പറയുന്നത്. എല്‍.ഐ.സിയുടെ യഥാർത്ഥ മൂല്യത്തിനു താഴെയാണ് ഐ.പി.ഒ വിലയെന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉണ്ടായെങ്കിലും ലിസ്റ്റ് ചെയ്ത ശേഷം അത് നിരന്തരം താഴേക്ക് വരുകയായിരുന്നു. ഐ.പി.ഒ വില 949 രൂപയായിരുന്നു. 588 രൂപ വരെയിടിഞ്ഞ ഓഹരി ഡിസംബർ 26 ന് 688 ലാണ് ക്ളോസ് ചെയ്തത്. വർഷാവസാനമായപ്പോഴേക്കും ഓഹരി തിരിച്ചുവരവിനുള്ള സൂചനകള്‍ തരുന്നുണ്ട്. പ്രധാന കാരണം പ്രൊഫഷണല്‍ മാനേജ്മെന്‍റിനെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്‍റെ നിക്കങ്ങള്‍ തന്നെയാണ്. 

insu-lic-2-

ന്യൂ ജനറേഷന്‍ എന്ന ആമുഖത്തോടെ കഴിഞ്ഞ വർഷം നവംബറില്‍ അവതരിച്ച പേടിഎം നിക്ഷേപകരുടെ പണം കുറച്ചധികം കളഞ്ഞുകുളിച്ചു. ഇഷ്യു വിലയേക്കാള്‍ 70 ശതമാനത്തിന്‍റെ ഇടിവു വരെ ഇതില്‍ കണ്ടു. പക്ഷേ, സമീപകാലത്ത് വരുന്ന ബ്രോക്കറേജ് റിപ്പോർട്ടുകള്‍ ഈ ഫിന്‍ടെക് കമ്പനിക്ക് ആശ്വാസമേകുന്നതാണ്. ഫ്രീ ക്യാഷ് ഫ്ളോയിലേക്ക് കമ്പനി പോയേക്കുമെന്ന മാനേജ്മെന്‍റിന്‍റെ ശുഭാപ്തിവിശ്വാസമാണ് ഇതിന് കാരണം. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റിസ് 1285 രൂപ ടാർജറ്റ് നിശ്ചയിച്ച് ബൈ റേറ്റിങ് നല്‍കി കഴിഞ്ഞു. നിലവില്‍ 500 രൂപയ്ക്ക് മുകളിലാണ് ഓഹരിവില. 2100 രൂപയ്ക്കടുത്തായിരുന്നു ഇഷ്യു വില. 

നേട്ടവും നഷ്ടവും വരുത്തിയവർ 

അദാനി വില്‍മർ, പ്രുഡന്‍റ്, ഹർഷ എന്‍ജിനിയേഴ്സ്, ഇലക്ട്രോണിക്സ് മാർട്ട്, ഡി.സി.എക്സ്, ഡ്രീംഫോക്ക്സ്, കാമ്പസ് ആക്ടിവേർ, ഹരിഓം പൈപ്പ്സ്, വീനസ് പൈപ്പ്സ് തുടങ്ങിയവ മികച്ച പ്രകടനം നടത്തിയ ഐ.പി.ഒകളാണ്. 34 ഐ.പി.ഒകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ എട്ടെണ്ണം മാത്രമേ ചുവപ്പ് കാണിച്ചിട്ടുള്ളൂവെന്നത് അല്‍പ്പം ആശ്വാസകരമാണ്. പക്ഷേ, ഇതില്‍ 75 ലക്ഷം അപേക്ഷകള്‍ വന്ന എല്‍.ഐ.സി ഉണ്ടെന്നത് കേരളമടക്കമുള്ള ഇടങ്ങളിലെ നിക്ഷേപകരുടെ ഫണ്ട് അതില്‍ കുടുങ്ങാനിടയാക്കി. വന്‍ പരസ്യ കോലാഹലങ്ങളുമായി വന്ന ഡെലിവെറി എന്ന ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരിയും ഇഷ്യു വിലയെക്കാള്‍ താഴെയാണ്. 

വർഷാവസാനം ഐ.പിഒകളുടെ വരവ് കൂടിയിട്ടുണ്ടെങ്കിലും പലതും യഥാർത്ഥ മൂല്യത്തിനപ്പുറം വില കാണിക്കുന്ന പതിവ് തുടരുകയാണ്. ഇതിനു മൂക്കുകയറിടാനുള്ള തീരുമാനം സെബി തലത്തിലുണ്ടായേക്കും.  

ക്ലിക്കായി എസ്.എം.ഇ ലിസ്റ്റിങ്

ഇതിനിടെ മെയിന്‍ബോർഡില്‍ നിന്നുമാറി ചെറുകിട കമ്പനികളുടെ എസ്.എം.ഇ ലിസ്റ്റിങ് നന്നായി ശ്രദ്ധിക്കപ്പെട്ടു. 2021 ലെ 800 കോടിയുടെ സ്ഥാനത്ത് 108 കമ്പനികളിലായി 2000 കോടിയാണ് ഈ വർഷം സമാഹരിക്കപ്പെട്ടത്. അതില്‍ തന്നെ കൂള്‍ക്യാപ് (565 %), എംപ്റിയന്‍ കാഷ്യു (620 %), രചന ഇന്‍ഫ്ര (720 %), രത്തന്‍ ടി.എം.ടി (540%), ജയ് ജല്‍റാം ടെക് (530 %), വരേനിയം ക്ലൗഡ് (710 %), കണ്ടെയ്ന്‍ ടെക് (540 ശതമാനം %) എന്നിവ ഗംഭീര പ്രകടനമാണ് നടത്തിയത്. എസ്.എം.ഇ ബോർഡിലുണ്ടായിരുന്ന ശീതള്‍ കൂള്‍ പ്രൊഡക്ട്സ് അതിഗംഭീര പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ പിന്നീട് മെയ്ന്‍ ബോർഡായ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്ന കാഴ്ചയും കണ്ടു. അടിത്തട്ടില്‍ പ്രവർത്തിക്കുന്ന കൊച്ചു കമ്പനികളുടെ വളർച്ചയായും രാജ്യത്തെ ബിസിനസ് ഡൈനാമിക്സ് മാറുന്നതിന്‍റെ സൂചനയായും ഇതിനെ കാണുന്നുവരുമുണ്ട്. 

English Summary : The Shining Performance of Share Market in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com