ADVERTISEMENT

2022 ന്‍റെ രണ്ടാം പകുതിയില്‍ ഐ പി ഒ വിപണി ചൂടു പിടിച്ചത് നാം കണ്ടു. ഏതൊക്കെ കമ്പനികളാണ് വന്നതെന്ന് ഓർത്തെടുക്കാന്‍ പോലുമാവാത്ത വിധം ബാഹുല്യം. ആ ആവേശം 2023 ലും തുടർന്നേക്കും. സാഹ് പോളിമേഴ്സ് എന്ന കമ്പനി ഈ വർഷം തുടക്കത്തില്‍ തന്നെ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. നല്ല പ്രതികരണമാണ് സാഹിന് ലഭിച്ചത്. റേഡിയന്‍റ് ക്യാഷ് മാനേജ്മെന്‍റ് എന്ന കമ്പനിയും ജനുവരി തുടക്കത്തിലാണ് എത്തിയത്. 

കഴിഞ്ഞ ദിവസം പുറത്തുവന്ന വിലക്കയറ്റത്തിന്‍റെ കണക്കുകള്‍ അനുകൂലമാവുന്നതിനാല്‍ ഇനിയങ്ങോട്ട് ബാങ്ക് പലിശ നിരക്കുകള്‍ ഉയർന്നേക്കില്ലെന്ന് വിലയിരുത്തലുണ്ട്. വ്യാവസായിക സൂചികകളും മെച്ചപ്പെട്ട അവസ്ഥ ചൂണ്ടിക്കാണിക്കുന്നു, ഇതെല്ലാം പുതിയ കമ്പനികളുടെ വിപണിപ്രവേശത്തെ സഹായിച്ചേക്കും. രണ്ടു മൂന്നു വർഷം മുന്‍പ് ഐ.പി.ഒക്ക് അപേക്ഷിക്കുകയും കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അവസാനനിമിഷം പിന്മാറേണ്ടി വന്നതുമായ ചില കമ്പനികളുണ്ട്. സാഹചര്യം അനുകൂലമാവാന്‍ വേണ്ടി അങ്ങനെ മാറ്റി വയ്ക്കപ്പെട്ട കമ്പനികളും പുതിയ ആപ്ലിക്കേഷന്‍ വാങ്ങുന്നുവെന്നാണ് മനസിലാവുന്നത്. 

തിരഞ്ഞെടുക്കാന്‍ വലിയൊരു ശേഖരം

ഈ വർഷം 100 കമ്പനികള്‍ ഐ.പി.ഒ വഴി ഇന്ത്യന്‍ ഓഹരിവിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍.എസ്.ഇ, ബി.എസ്.ഇ മെയ്ന്‍ ബോർഡുകളിലും ബി.എസ്.ഇയുടെ സ്മോള്‍ ആന്‍റ് മീഡിയം എന്‍റർപ്രൈസസ് വിഭാഗത്തിലുമായാണ് ഇവ അണിനിരക്കുക. നിക്ഷേപകർക്ക് തിരഞ്ഞെടുക്കാന്‍ വലിയൊരു ശേഖരം തന്നെയാണ് ഒരുങ്ങുന്നതെന്ന് സാരം. 

55 കമ്പനികള്‍ക്ക് ഐ.പി.ഒയുമായി വിപണിയിലിറങ്ങാന്‍ റഗുലേറ്ററായ സെബി അനുമതി നല്‍കിക്കഴിഞ്ഞു. ടി.വി.എസ് സപ്ളൈ ചെയ്ന്‍ സൊല്യുഷന്‍സ്, വിക്രം സോളാർ, നവി ടെക്നോളജീസ്, ആധാർ ഹൗസിങ് ഫിനാന്‍സ് മുതല്‍ കേരള ബന്ധമുള്ള ജോയ് ആലുക്കാസ് വരെ വിപണിയെലെത്തിയേക്കും. 90 കോടി മുതല്‍ 3000 കോടി വരെ ഇഷ്യു സൈസ് ഉള്ള കമ്പനികളാണ് ജനമധ്യത്തിലേക്കെത്തുന്നത്. ടാറ്റാ പ്ളേ (ടാറ്റാസ്കൈ), ടാറ്റാ ടെക്നോളജീസ് എന്നിവയും വിപണിയിലേക്ക് വരുന്നുണ്ട്. ഇത് ഈ വർഷം തന്നെയുണ്ടാവുമോയെന്നത് വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

സ്നാപ്ഡീല്‍, ഓയോ, യാത്രാ ഓണ്‍ലൈന്‍, ബോട്ട്, സ്വിഗി, മൊബിക്വിക്ക് തുടങ്ങിയ ന്യൂജന്‍ കമ്പനികളുമുണ്ടാവും. ഇടയ്ക്കൊന്നു പിന്നോട്ട് പോയ സ്റ്റാർട്ടപ്പ് സംരംഭങ്ങളും വിപണിയിലേക്കുണ്ടാവും. ബൈജൂസിന്‍റെ പേര് കുറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഈ വർഷം ഉണ്ടാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. 

വന്‍ പരസ്യകോലാഹലങ്ങള്‍ നല്‍കി മൂല്യം പെരുപ്പിച്ച് കാട്ടി ഇറങ്ങിയ പല ന്യൂ ജന്‍ കമ്പനികളും പിന്നീട് വിപണിയില്‍ വീണു പോയിരുന്നു.  ഇവയില്‍ ചിലത് തെറ്റ് മനസിലാക്കി അനാവശ്യച്ചെലവുകള്‍ വെട്ടിച്ചുരുക്കി തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ട് താനും. ഉദാഹരണം പേടിഎം. 

നിയന്ത്രണം ശക്തമാക്കും

എന്തായാലും, മൂല്യം പെരുപ്പിച്ച് കാട്ടിയതു വഴി നിക്ഷേപകർക്ക് ഇത്തരം ഐ.പി.ഒകളില്‍ നിക്ഷേപിച്ച് കൈപൊള്ളിയത് സെബിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തോന്നുംപടി വില ഉയർത്തി വയ്ക്കുന്ന പ്രവണതക്ക് അന്ത്യം വരാനുള്ള നിയമങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. 

സൗന്ദര്യവർധകവസ്തുക്കളുടെ നിർമാതാക്കളായ മാമാഏർത്ത് (ഹൊനാസ കണ്‍സ്യൂമർ) ആണ് ഏറ്റവുമൊടുവില്‍ പെരുപ്പിച്ച് കാണിക്കുന്ന മൂല്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ടത്. മറ്റൊരു പേടിഎം ആവാനുള്ള പുറപ്പാടാണോയെന്ന് മാമാഏർത്തിനോട്  നിക്ഷേപകർ ട്വറ്റർ വഴി ചോദ്യമുയർത്തുന്നുണ്ട്. 

English Summary : More Companies are Coming to Share Market this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com