ഇന്നലത്തെ അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. മൈക്രോ സോഫ്റ്റിന്റെ വരുമാന-വീഴ്ച ഇന്ന് അമേരിക്കൻ വിപണിക്ക് സമ്മർദ്ദം നൽകിയേക്കാം.
ടെസ്‌ലയുടെ റിസൾട്ട് ഇന്ന്
ലോക്ക് ഹീഡ് മാർട്ടിൻ അടക്കമുള്ള ഡിഫൻസ് കമ്പനികളുടെയും 3എം, പക്കാർഡ് അടക്കമുള്ള മാനുഫാക്ച്ചറിങ് കമ്പനികളുടെയും മികച്ച റിസൾട്ടുകൾ ഡൗ ജോൺസിന് ഇന്നലെ മുന്നേറ്റം നൽകി. ആപ്പിൾ മുന്നേറ്റം നേടിയെങ്കിലും നിയമ നടപടികളിൽ കുരുങ്ങിയ ഗൂഗിളിന്റെ വീഴ്ചയും, ചിപ്പ് ഓഹരികളിലെ ലാഭമെടുക്കലും നാസ്ഡാക്കിനും, എസ്&പിക്കും ഇന്നലെ മുന്നേറ്റം നിഷേധിച്ചു. മൈക്രോ സോഫ്റ്റ് വിപണി പ്രതീക്ഷിച്ച ലാഭം നേടിയെങ്കിലും വരുമാനത്തിൽ ഇടിവ് വന്നത് ഇന്ന് വിപണിക്ക് ക്ഷീണമായേക്കാം. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണത് അമേരിക്കൻ ടെക്ക് സെക്ടറിന് അനുകൂലമാണ്. യൂറോപ്യൻ വിപണികളും ഇന്നലെ മിക്സഡ് ക്ലോസിങ് നേടി.
ബോയിങ്, എടി&ടി, അബ്ബോട്ട്, ടെസ്‌ല, ഐബിഎം മുതലായ കമ്പനികളുടെ റിസൾട്ടുകൾ ഇന്ന് അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്. നാളത്തെ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ പണപ്പെരുപ്പ കണക്കുകളും ഈ ആഴ്ച വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിൻബലത്തിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ ഫ്ലാറ്റ് ക്ലോസിങ് നടത്തി. ബാങ്കിങ്, ഫാർമ, മെറ്റൽ, ഇൻഫ്രാ, റിയൽറ്റി സെക്ടറുകളിലെ ലാഭമെടുക്കലും റിലയൻസിന് മുന്നേറാനാകാതെ പോയതും ഇന്നലെ ഇന്ത്യൻ വിപണിയുടെ നേട്ടങ്ങൾ ഇല്ലാതാക്കി. ആഭ്യന്തര ഫണ്ടുകളുടെ വാങ്ങലാണ് ഇന്നലെ വിപണിയെ പിടിച്ചു നിർത്താനായത്.. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു,
ഇന്നലെയും 18118 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18060 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18000 പോയിന്റിലും, 17940 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18180 പോയിന്റിലും, 18250 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ പ്രധാന റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
എച്ഡിഎഫ്സി ബാങ്ക് ഒറ്റക്ക് മുന്നേറിയ ഇന്നലെ ബാങ്ക് നിഫ്റ്റിയുടെ നഷ്ടം 87 പോയിന്റിൽ ഒതുങ്ങി. 42733 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 42600 പോയിന്റിലും, 42350 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43000 പോയിന്റ് പിന്നിട്ടാൽ 43100 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ.
റിസൾട്ടുകൾ
ടാറ്റ മോട്ടോഴ്‌സ്, ഡിഎൽഎഫ്, സിപ്ല, ഡോക്ടർ റെഡീസ്, ബജാജ് ഓട്ടോ, സിയറ്റ്, ടാറ്റ എൽഎക്സി, ഇന്ത്യൻ ബാങ്ക്, ഐജിഎൽ, ഡിക്‌സൺ, അമരരാജ, ഒലക്ട്ര, ടീം ലീസ്, ടോറന്റ് ഫാർമ, പതഞ്‌ജലി ഫുഡ്സ്, വിഐപി ഇൻഡസ്ട്രീസ്, ജ്യോതി ലാബ്സ് മുതലായ ഓഹരികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററിയിലെ മുന്നേറ്റം ഇന്നലെ ക്രൂഡിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 86 ഡോളറിലും അമേരിക്കൻ എണ്ണ വില 80 ഡോളറിലും വ്യാപാരം തുടരുന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ച ഇന്നലെ സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. ബോണ്ട് യീൽഡ് റിക്കവറി സ്വർണത്തിന് തിരുത്തൽ നൽകിയേക്കാമെങ്കിലും 1960 ഡോളറിലാണ് 1940 ഡോളറിനടുത്ത് വ്യാപാരം തുടരുന്ന സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക