ADVERTISEMENT

അമേരിക്കൻ വിപണി ഇന്നലെ വീണ്ടും നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് പോസിറ്റീവ് തുടക്കമാണ് നടത്തിയത്. ജാപ്പനീസ് വിപണി നഷ്ടതുടക്കം നടത്തി. 

അമേരിക്ക വീണ്ടും ഫെഡ്-ഭീതിയിൽ 

ചൊവ്വാഴ്ച  അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ ഫെഡ് നിരക്ക് വർദ്ധന ദീർഘ കാലം നിലനിർത്തിയേക്കാമെന്ന പ്രതീക്ഷയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി.  മാർച്ചിലും, മേയിലും ഫെഡ് 0.25% വീതം നിരക്ക് വർദ്ധന തുടർന്നേക്കാമെന്ന സൂചന നൽകിയ ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു.  ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ’പൊതു വേദിയിൽ തെറ്റായ ഉത്തരം നൽകിയത് ഇന്നലെ ഓഹരിക്ക് 7% വീഴ്ച നൽകിയതും അമേരിക്കൻ ടെക്ക് സെക്ടറിന്റെ വീഴ്ചയുടെ ആക്കം കൂട്ടി. ഫിനാൻഷ്യൽ, എനർജി, കൺസ്യൂമർ അടക്കമുള്ള സെക്ടറുകളും വീണത് ഡൗ ജോൺസിന് 0.61% വീഴ്ച നല്കയപ്പോൾ നാസ്ഡാക് ഇന്നലെ 1.68% തിരുത്തൽ നേരിട്ടു. 

ഇന്ന് വരുന്ന ജർമനിയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ജനുവരിയിലെ മികച്ച നോൺ ഫാം പേ റോൾ കണക്കുകൾക്ക് ശേഷം ഇന്ന് വരുന്ന ജോബ് ഡേറ്റ അമേരിക്കൻ വിപണിക്കും വളരെ പ്രധാനമാണ്.      

നിഫ്റ്റി 

ഫെഡ് ചെയർമാന്റെ പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആർബിഐ ചെയർമാന്റെ പിന്തുണയിൽ ഇന്നലെ നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാകിന്റെ നേട്ടത്തിനൊപ്പം ഇന്ത്യൻ ഐടി സെക്ടറും ഇന്നലെ നേട്ടം കുറിച്ചു.  ആർബിഐയുടെ  0.25 റിപ്പോ നിരക്ക് വർദ്ധന വിപണി ഉൾകൊണ്ട് കഴിഞ്ഞിരുന്നത് ബാങ്കിങ്, ഓട്ടോ, റിയൽറ്റി സെക്ടറുകൾക്ക് ഫ്ലാറ്റ് ക്ലോസിങ് നൽകിയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മെറ്റൽ സെക്ടർ 3.8% മുന്നേറ്റവും ഇന്നലെ സ്വന്തമാക്കി. 

രണ്ട് ദിവസത്തെ നഷ്ടം മറികടന്ന് ബുധനാഴ്ച 150 പോയിന്റുകൾ മുന്നേറി 17871 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17900 പോയിന്റ് പിന്നിട്ടാൽ 17950 പോയിന്റിലും, 18000 പോയിന്റിലും റെസിസ്റ്റൻസുകൾ നേരിട്ടേക്കാം. 17777 പോയിന്റിലും 17680 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ. 

ബാങ്ക് നിഫ്റ്റി 

ആർബിഐയുടെ റിപ്പോ നിരക്ക് വർദ്ധനയും, ഉയർന്ന പണപ്പെരുപ്പ പ്രതീക്ഷകളും മറികടന്ന് ബാങ്ക് നിഫ്റ്റി ഇന്നലെ വീണ്ടും നേട്ടം കുറിച്ചു. ആർബിഐ ഗവർണറുടെ പ്രസംഗ സമയത്തിന് മുൻപ് കുതിപ്പ് നടത്തിയ ശേഷം 46 പോയിന്റ് നേട്ടത്തിൽ 41537 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 41800 പോയിന്റിലും, 42000 പോയിന്റിലും വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 41400 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 41180 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ പ്രധാന പിന്തുണ. 

ജിഡിപി വളർച്ച 6.4%  

വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ ആർബിഐ റിപ്പോ നിരക്ക് 0.25% വർദ്ധിപ്പിച്ച് 6.50%ൽ എത്തിച്ചത് ഇന്ത്യൻ രൂപക്ക് അനുകൂലമായി. റീറ്റെയ്ൽ പണപ്പെരുപ്പം നടപ്പ് പാദത്തിൽ 6.5%ലും, അടുത്ത സാമ്പത്തിക വർഷത്തിൽ 5.3%വും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ആർബിഐ നിരക്ക് വർദ്ധന തുടരാൻ കാരണമായേക്കാം.  

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക്  അടുത്ത സാമ്പത്തിക വർഷത്തിൽ 6.4% വളർച്ച സാധ്യതയാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. 

റിസൾട്ടുകൾ 

എൽഐസി, ജിഐസി, എച്ച്എഎൽ, ഹിന്ദ് പെട്രോ, ഐആർസിടിസി, ഹിൻഡാൽകോ, വോൾട്ടാസ്, ലുപിൻ, സോമാറ്റോ, അദാനി ടോട്ടൽ ഗ്യാസ്, ബോംബെ ഡയിങ്, ബജാജ് കൺസ്യൂമർ, പേജ് ഇൻഡസ്ട്രീസ്, എംആർഎഫ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്, ഗ്രീവ്സ് കോട്ടൺ, ഫോഴ്സ് മോട്ടോർസ്, സുസ്‌ലോൺ എനർജി, ഫൈസർ, കൽപതാരു പവർ, ജെറ്റ് എയർവേസ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഫെഡ് നിയന്ത്രണങ്ങൾ കഠിനമായേക്കില്ല എന്ന സൂചനയും മികച്ച തൊഴിൽ കണക്കുകളും മാന്ദ്യ സാധ്യത കുറച്ചത് ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളർ പിന്നിട്ടു.   

സ്വർണം   

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് സ്വർണത്തിന് വീണ്ടും മുന്നേറ്റം നിഷേധിച്ചു. കഴിഞ്ഞ മൂന്ന് സെഷനുകളിലും ഫ്ലാറ്റ് ചലനങ്ങൾ നടത്തുന്ന സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം നടത്തിയേക്കാം. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com