ADVERTISEMENT

എല്ലാവിധ വെർച്വൽ ‍ഡിജിറ്റൽ ആസ്തികളെയും (VDA) കള്ളപ്പണം വെളുപ്പിക്കൽ തടയുവാനുള്ള നിയമത്തിനു കീഴിൽ കൊണ്ടുവന്ന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കിയതോടെ ‘ഡിജിറ്റൽ ആസ്തികൾ’ വീണ്ടും ശ്രദ്ധ നേടുന്നു. 

എന്താണ് വെർച്വൽ ഡിജിറ്റൽ ആസ്തി?

ധനകാര്യ ബില്ലിന്റെ സെക്ഷൻ 47 അനുസരിച്ച് ക്രിപ്റ്റോ ഗ്രാഫിക് മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും പേരുപയോഗിച്ചോ ഡിജിറ്റൽ പ്രാധാന്യമുള്ള ഏതെങ്കിലും വിവരമോ കോഡോ ടോക്കണോ നമ്പറോ (ഇന്ത്യൻ കറൻസിയോ വിദേശ കറൻസിയോ അല്ല) വെർച്വൽ ഡിജിറ്റൽ ആസ്തി എന്ന് നിർവചിക്കാം. ജനകീയമായ ക്രിപ്റ്റോ കറൻസി, നോൺ ഫഞ്ചിബിൾ ടോക്കൺസ് എന്നിവയൊക്കെ വെർച്വൽ ഡിജിറ്റൽ ആസ്തികളാണ്. 

സമീപകാലത്ത് വളരെയധികം ട്രേഡിങുകൾ (trading) വെർച്വൽ ഡിജിറ്റൽ അസറ്റുകളിൽ നടന്നു വരുന്നു. ഒരു വെർച്വൽ അസറ്റിന്റെ പേയ്മെന്റ് അതേ ഗണത്തിൽ ഉൾപ്പെട്ട മറ്റൊരു അസറ്റുവഴി നടത്താവുന്നതാണ്. 

ഇത്രയധികം പ്രചുരപ്രചാരം നേടിയെങ്കിലും സമീപകാലം വരെ ഈ ആസ്തികൾക്കൊന്നും നിയമ പരിരക്ഷ ഉണ്ടായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപരിധിക്കുള്ളിൽ ഇവയെ കൊണ്ടു വരുന്നതോടുകൂടി നിയമത്തിന്റെ പരിവേഷം ഇവയ്ക്കു ലഭിക്കുന്നു. 

∙വെർച്വൽ കറൻസിയും സാധാരണ കറൻസിയും തമ്മിൽ ഒരു സാധാരണ പൗരന് എങ്ങനെ തിരിച്ചറിയാം?

രാജ്യത്തെ സെൻട്രൽ ബാങ്ക് ആർബിഐ പുറത്തിറക്കുന്ന കറൻസിയാണ് ഡിജിറ്റൽ കറൻസി അഥവാ ഡിജിറ്റൽ റുപി. ഇതിനു പുറത്തുള്ളതെന്തും ക്രിപ്റ്റോ കറൻസിയാണ്. 

കുറച്ചുകാലം മുൻപുവരെ ആർ.ബി.ഐ പ്രൈവറ്റ് ക്രിപ്റ്റോ കറൻസികളെ എതിർത്തിരുന്നു. രാജ്യത്തിന്റെ േദശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഇവ ഭീഷണിയാവും എന്നതായിരുന്നു കാരണം. എന്നാൽ അടുത്തിടെ നിയമസാധുതയുള്ള ഒരു ഇൻസ്ട്രമെന്റായി ഗവൺമെന്റ് ക്രിപ്റ്റോ കറൻസികളെ അംഗീകരിച്ചു. 

രാജ്യസുരക്ഷയ്ക്ക് ക്രിപ്റ്റോ കറൻസി ഭീഷണിയോ?

കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദികൾക്ക് ഫണ്ട് നൽകുക തുടങ്ങി ദേശീയവും രാജ്യാന്തരവുമായ താല്പര്യങ്ങൾക്കെതിരായി ഡിജിറ്റൽ ആസ്തികൾ ഉപയോഗിക്കപ്പെടാം. അതുതന്നെയാണ് ഇവയുടെ കാര്യത്തിൽ ഗവൺമെന്റിനുള്ള തലവേദനയും. പണം ഒളിപ്പിച്ചു വയ്ക്കുവാനും കള്ളപ്പണം വെളുപ്പിക്കുന്ന ഏജൻസികൾക്ക് സർവീസ് ചാർജ് നൽകാനും ഡിജിറ്റൽ അസറ്റുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

ഡിജിറ്റൽ അസറ്റുകൾ നിയമപരിധിക്കുള്ളിൽ 

കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളായി നമ്മുടെ ഗവൺമെന്റ് വെർച്വൽ ഡിജിറ്റൽ ആസ്തികളെ കുറച്ചുകൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യുവാനുള്ള നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഇത്തരം ഇടപാടുകളിൽ 1% ടി.ഡി.എസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) നൽകേണ്ടിയും വരും. സമ്മാനമായി നൽകുന്ന ഡിജിറ്റൽ അസറ്റുകൾക്കും ഇത് ബാധകമാണ്. 

ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (Anti Money Laundring Act 2002)ത്തിന്റെ പരിധിയിൽ കൂടി വെർച്വൽ ഡിജിറ്റൽ അസറ്റുകളെ കൊണ്ടു വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് കൂടുതൽ നിയമസാധുത ലഭിക്കുന്നതോടൊപ്പം സമൂഹത്തിനും സമ്പദ്ഘടനയ്ക്കും കൂടി കൂടുതൽ നിയമസുരക്ഷ ലഭ്യമാകുന്നു.

English Summary : Virtual Digital Assets are under Anti Money Laundring Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com