അമേരിക്കൻ വിപണികൾ ഇന്നലെയും മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിൽ ഇന്ന് വ്യാപാരം ആരംഭിച്ചു. അവധി കഴിഞ്ഞു തിരിച്ചെത്തിയ ജാപ്പനീസ് വിപണി ഇന്ന് മികച്ച തുടക്കം നേടി.
അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ ഇന്ന്
അമേരിക്കൻ-യൂറോപ്യൻ ബാങ്കിങ് പ്രതിസന്ധി കേന്ദ്ര ബാങ്കുകൾ ഇടപെട്ട് തീരുമാനമാക്കിയത് വിപണി അംഗീകരിച്ചു കഴിഞ്ഞത് ഇന്നലെ ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിക്കും പോസിറ്റീവ് ക്ളോസിങ് നൽകി. ക്രെഡിറ്റ് സ്വിസ് പ്രതിസന്ധി പരിഹരിച്ച രീതിയും, കേന്ദ്ര ബാങ്കുകൾ ഭാവി പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കി കാത്തിരിക്കുന്നതും, ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെന്റെ ബാങ്കുകൾക്കുള്ള ‘’പിന്തുണ’’ പ്രഖ്യാപനവും വിപണിയുടെ ആത്മ വിശ്വാസം ഉയർത്തി. മികച്ച ചൈനീസ് വില്പനയുടെ പിൻബലത്തിൽ ടെസ്‌ല മുന്നേറിയത് നാസ്ഡാകിന് ഇന്നലെ 1.58% മുന്നേറ്റം നൽകി. എസ്&പി 1.30% മുന്നേറി 4000 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ചു.
അമേരിക്കൻ ഫെഡ് റിസേർവ് ബാങ്കിങ് പ്രതിസന്ധിയ്ക്ക് മുൻപ് പ്രഖ്യാപിച്ച 0.50% നിരക്കുയർത്തൽ നടപ്പിലാക്കില്ല എന്ന വിശ്വാസത്തിലാണ് വിപണി. 0.25% നിരക്ക് വർധന പ്രഖ്യാപിക്കുന്ന ഫെഡ് റിസേർവ് ബാങ്കിങ് ആരോഗ്യം കണക്കിലെടുത്ത് ഭാവി നിരക്ക് വർദ്ധനകളിൽ നിന്നും തത്കാലം പിന്മാറിയേക്കും എന്നും വിപണി പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഫെഡ് തീരുമാനങ്ങളും, ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങളും ലോക വിപണിയുടെ തുടർ ‘ഗതി’ നിർണയിക്കും.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലെ ഇന്ത്യൻ വിപണിയും നേട്ടത്തോടെ വ്യാപാരമാരഭിക്കുകയും, യൂറോപ്യൻ വിപണിയ്ക്കൊപ്പം മുന്നേറ്റം തുടരുകയും ചെയ്തു. വിദേശ ഫണ്ടുകൾ വില്പന തുടർന്നപ്പോളും ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയും,. ബാങ്കിങ് സെക്ടറിന്റെയും, റിലയൻസിന്റെയും മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എനർജി , ഇൻഫ്രാ , മെറ്റൽ സെക്ടറുകളും സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ചൊവ്വാഴ്ച പോസിറ്റീവ് ക്ലോസിങ് നടത്തി.
ചൊവ്വാഴ്ച 119 പോയിന്റുകൾ മുന്നേറി 17107 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17040 പോയിന്റിലും 17000 പോയിന്റിലും 16950 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17130 പോയിന്റ് പിന്നിട്ടാൽ 17170 പോയിന്റിലും 17220 പോയിന്റിലുമാണ് നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
അമേരിക്കൻ ബാങ്കുകൾക്ക് പിന്നാലെ യൂറോപ്യൻ ബാങ്കിങ് പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന ആശ്വാസത്തിൽ യൂറോപ്യൻ ബാങ്കിങ് ഓഹരികൾ ‘’റിക്കവറി’’ നടത്തിയത് ഇന്നലെ ഇന്ത്യൻ ബാങ്കുകൾക്കും മുന്നേറ്റം നൽകി. ഇന്നലെ 39970 പോയിന്റ് വരെ മുന്നേറിയ ശേഷം 532 പോയിന്റ് നേട്ടത്തിൽ 39894 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചത്.
39500 പോയിന്റിലും, 39300 പോയിന്റിലും 39100 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ പിന്തുണകൾ. 40000 പോയിന്റ് പിന്നിട്ടാൽ 40140 പോയിന്റിലും 40400 പോയിന്റിലും നിഫ്റ്റി ആദ്യ വില്പന സമ്മർദ്ദങ്ങൾ പ്രതീക്ഷിക്കുന്നു.
ഐടി സെക്ടർ
ഇന്നത്തെ ഫെഡ് നിരക്കുയർത്തൽ തീരുമാനവും, ചെയർമാന്റെ ഭാവി നിരക്കുയർത്തൽ പ്രഖ്യാപനങ്ങളും ഇന്ത്യൻ ഐടി സെക്ടറിനും നിർണായകമാണ്. നാളത്തെ ആക്സ്സഞ്ചറിന്റെ റിസൾട്ടും ഇന്ത്യൻ ഐടി സെക്ടറിനെ നേരിട്ട് ബാധിക്കും.
അമേരിക്കൻ-യൂറോപ്യൻ ബാങ്കുകളുടെ പുതിയ പ്രതിസന്ധികൾ ഇന്ത്യൻ ഐടി സെക്ടറിനും തൊഴിൽനഷ്ടം വരുത്തിയേക്കുമെന്ന വിലയിരുത്തലുകളും ഇന്ത്യൻ ഐടി സെക്ടറിൽ വില്പന സമ്മർദ്ദത്തിന് കരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
ആർബിഐ ബുള്ളറ്റിൻ
ഇന്നലെ പ്രസിദ്ധീകരിച്ച ആർബിഐ ബുള്ളറ്റിൻ പ്രകാരം ഇന്ത്യൻ ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തിൽ 7% വളർച്ച തന്നെ നേടുമെന്ന് കരുതുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 159.7 ലക്ഷം കോടി ആയിരുന്ന ഇന്ത്യൻ ആഭ്യന്തര ഉത്പാദനം 2023-24 ൽ 169.7 ലക്ഷം കോടി രൂപയുടെയായിരിക്കുമെന്ന് ആർബിഐ കണക്കാക്കിയത് 170.9 ലക്ഷം കോടി രൂപയായിരിക്കുമെന്നും ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാട്ര ബുള്ളറ്റിനിൽ കുറിച്ചു.
വിൻഡ്ഫോൾ ടാക്സ് കുറച്ചു
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞതിനെ തുടർന്ന് ക്രൂഡ് ഓയിലിന്മേലുണ്ടായിരുന്ന വിൻഡ്ഫോൾ ടാക്സ് 20% കുറച്ച് ടണ്ണിന് 3500 രൂപ നിരക്കിലെത്തിച്ചത് ക്രൂഡ് ഓയിൽ ഉത്പാദക ഓഹരികൾക്ക് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ബാങ്കിങ് ഭീതികൾ ഒഴിഞ്ഞതിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ക്രൂഡ് ഓയിൽ 2% മുന്നേറ്റം നേടി. ബ്രെന്റ് ക്രൂഡ് ഓയിൽ 75 ഡോളറിന് മുകളിലേക്ക് കയറി. മാർച്ച് 17ന് അവസാനിച്ച ആഴ്ചയിൽ അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ 3.26 ദശലക്ഷം ബാരലിന്റെ വളർച്ച കുറിച്ചതും ക്രൂഡിന് ക്ഷീണമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറ്റം നേടിയത് ഇന്നലെ സ്വർണത്തിനു തിരുത്തൽ നൽകി. 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.6%ലേക്ക് കയറിയപ്പോൾ രാജ്യാന്തര സ്വർണ വില 1946 ഡോളറിലേക്കും ഇറങ്ങി. ഫെഡ് തീരുമാനങ്ങളും, ബോണ്ട് യീൽഡ് ചലനങ്ങളും സ്വർണത്തിന് നിർണായകമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക