ഫെഡ് നിരക്ക് കുറക്കില്ലെന്ന സൂചനയിൽ അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഫെഡ് നിരക്ക്@5%
വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അമേരിക്കൻ ഫെഡ് റിസേർവ് പലിശ നിരക്ക് 0.25% മാത്രം ഉയർത്തി 5%ലേക്ക് എത്തിച്ചു. അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി കണക്കിലെടുത്ത് ഫെഡ് ചെയർമാൻ ഈ വർഷം ഫെഡ് നിരക്കിൽ കുറവ് വരുത്താനുള്ള സാധ്യത തള്ളിക്കളഞ്ഞത് ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. അമേരിക്കൻ സൂചികകളെല്ലാം ഇന്നലെ 1.60%ൽ കൂടുതൽ നഷ്ടം കുറിച്ചു. അമേരിക്കൻ ബോണ്ട് യീൽഡും ഇന്നലെ തിരുത്തൽ നേരിട്ടു. ഇന്നലെ വന്ന ഉയർന്ന ബ്രിട്ടീഷ് പണപ്പെരുപ്പ കണക്കുകൾ യൂറോപ്യൻ വിപണികൾക്കും ബാധ്യതയായെങ്കിലും യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടം ഒഴിവാക്കി.
ജോബ് ഡേറ്റയും ഭവന വില്പന കണക്കുകളും ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ബ്രിട്ടീഷ്, സ്വിസ് കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുയർത്തലുകൾ യൂറോപ്യൻ വിപണികൾക്കും ഇന്ന് പ്രധാനമാണ്. ഹോങ്കോങ് പലിശ നിരക്കുയർത്തലും, സിങ്കപ്പൂർ പണപ്പെരുപ്പക്കണക്കുകളും ഏഷ്യൻ വിപണിക്കും പ്രധാനമാണ്.
നിഫ്റ്റി
ഇന്നലെ രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദം നേരിട്ടെങ്കിലും വിദേശ ഫണ്ടുകൾ അധിക വില്പന ഒഴിവാക്കിയതിനെ തുടർന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്, ഐടി സെക്ടറുകൾക്കൊപ്പം റിലയൻസും നഷ്ടമൊഴിവാക്കിയതാണ് ഇന്നലെ വിപണിക്ക് അനുകൂലമായത്. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും ഇന്നലെ പോസിറ്റീവ് ക്ളോസിങ് നടത്തി.
ബുധനാഴ്ച 17207 പോയിന്റിൽ നിന്നും തിരിച്ചിറങ്ങി 17107 പോയിന്റ് വരെ വീണ ശേഷം 17152 പോയിന്റിലാണ് നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും നിഫ്റ്റി 17070 പോയിന്റിലും 17000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17170 പോയിന്റിലും, 17230 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
ഇന്ന് 40085 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 39800 പോയിന്റിലെ പിന്തുണ ഉറപ്പിച്ച ശേഷം 39999 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 39820 പോയിന്റിലും 39700 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ സപ്പോർട്ടുകൾ. ബാങ്ക് നിഫ്റ്റിയുടെ പ്രധാന പിന്തുണ 39500 പോയിന്റിലാണ്. 40140 പോയിന്റ് പിന്നിട്ടാൽ 40250 പോയിന്റിലും 40380 പോയിന്റിലും ബാങ്ക് നിഫ്ടി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 41000 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാനസമ്മർദ്ദ മേഖല.
ഐടി വില്പന സമ്മർദ്ദം
ഇന്ത്യൻ ഐടി ഭീമന്മാരുടെ ഓഹരികളിൽ വില്പന സമ്മർദ്ദം തുടരുകയാണ്. അമേരിക്കൻ ബാങ്കിങ് മേഖലയിൽ ചെലവ് ചുരുക്കൽ വരുമെന്ന ഭീതിയിൽ വിദേശ ഫണ്ടുകൾ പ്രധാന ഓഹരികളിൽ വില്പന തുടർന്നേക്കാം.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ശേഖരത്തിൽ വിപണി പ്രതീക്ഷിച്ചതിലും കുറവ് വന്നതും, ഡോളർ വീണതും ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ഫെഡിന്റെ 0.25% നിരക്ക് വർദ്ധനയും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് തിരുത്തൽ നേരിട്ടത് ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി.10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.5%ൽ താഴെയിറങ്ങിയപ്പോൾ രാജ്യാന്തര സ്വർണ വില 1970 ഡോളറിന് മുകളിലേക്ക് തിരിച്ചു കയറി.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക