ഇന്നലെ വലിയ നേട്ടത്തോടെ ആരംഭിച്ച അമേരിക്കൻ ലാഭമെടുക്കലിൽ വീണെങ്കിലും പോസിറ്റീവ് ക്ളോസിങ് നടത്തി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.41%ലേക്ക് വീണപ്പോൾ നാസ്ഡാക് 1% മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു.
ജാപ്പനീസ് പണപ്പെരുപ്പം കുറയുന്നു
ബുധനാഴ്ച ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ വീഴ്ത്തിയ അമേരിക്കൻ വിപണി ഇന്നലെ പലിശ നിരക്ക് വർദ്ധന അവസാന ഘട്ടത്തിലാണെന്ന ധാരണയിൽ തിരിച്ചു കയറി നഷ്ടം നികത്തി. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടതിന്റെ കൂടി പിൻബലത്തിൽ ടെക് ഓഹരികൾ മുന്നേറ്റം നേടിയപ്പോൾ ഫിനാൻഷ്യൽ സെക്ടറും, എനർജി സെക്ടറും തിരുത്തൽ നേരിട്ടത് അമേരിക്കൻ വിപണിക്ക് തിരിച്ചടിയായി. ടിക്ക് ടോക്ക് നിരോധനം അമേരിക്കൻ സോഷ്യൽ മീഡിയ ഓഹരികൾക്കനുകൂലമായി. അമേരിക്കൻ ജോബ് ഡേറ്റയിൽ വലിയ കുതിപ്പ് പ്രകടമല്ലാതിരുന്നതും വിപണിക്ക് അനുകൂലമായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇന്നലെ 0.25% മാത്രം നിരക്കുയർത്തൽ നടത്തി.
ജാപ്പനീസ് കോർ ഇൻഫ്‌ളേഷൻ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ജനുവരിയിലെ 4.2%ൽ നിന്നും ഫെബ്രുവരിയിൽ 3.1%ലേക്ക് കുറഞ്ഞത് ഏഷ്യൻ വിപണികൾക്കനുകൂലമാണ്. മാർച്ചിലെ ജാപ്പനീസ് മാനുഫാക്ച്ചറിങ് പിഎംഐ മെച്ചപ്പെട്ടതും അനുകൂലമാണ്. ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച്, യൂറോ സോൺ പിഎംഐ ഡേറ്റകളും ഇന്ന് യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. ബ്രിട്ടീഷ്, അമേരിക്കൻ റീറ്റെയ്ൽ വില്പന കണക്കുകളും വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
ഫെഡ് ചെയർമാന്റെ പ്രസ്താവനകളെ തുടർന്ന് ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തതോടെ ഇന്നലെ ഇന്ത്യൻ വിപണിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഭ്യന്തര ഫണ്ടുകളുടെയും ബാങ്കിങ് റിക്കവറിയുടെയും പിന്തുണയിൽ തിരിച്ചു കയറിയെങ്കിലും വീണ്ടും ബാങ്കിങ് വില്പന സമ്മർദ്ദത്തിൽ പെട്ടതിനെ തുടർന്ന് ഇന്ത്യൻ വിപണി ഇന്നലെയും നഷ്ടം കുറിച്ചുഎഫ്എംസിജി, ഫാർമ, മെറ്റൽ സെക്ടറുകൾ മാത്രം മുന്നേറ്റം നേടിയ ഇന്നലെ സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളടക്കം മറ്റെല്ലാ സെക്ടറുകളും നഷ്ടം കുറിച്ചു.
ബുധനാഴ്ച 17207 പോയിന്റിൽ നിന്നും തിരിച്ചിറങ്ങിയ നിഫ്റ്റി ഇന്നലെയും 17205 പോയിന്റ് വരെ മാത്രം മുന്നേറിയ ശേഷം തിരിച്ചിറങ്ങി 17077 പോയിന്റിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 17040 പോയിന്റിലും, 17000 പോയിന്റിലും 16940 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. 17217 പോയിന്റ് പിന്നിട്ടാൽ 17270 പോയിന്റിലും 17330 പോയിന്റിലുമാണ് നിഫ്‌റ്റിയുടെ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
പാതി സമയം നേട്ടത്തോടെ പിന്നിട്ട ബാങ്ക് നിഫ്റ്റിക്ക് യൂറോപ്യൻ വിപണികൾ ആരംഭത്തിൽ വില്പന സമ്മർദ്ദത്തിൽപ്പെട്ടതിനെ തുടർന്ന് നേട്ടങ്ങൾ നഷ്ടമായി 1% നഷ്ടം കുറിച്ചു. ഇന്നലെ 40200 പോയിന്റ് വരെ മുന്നേറിയ ശേഷം 39550 പോയിന്റിൽ പിന്തുണ നേടി 39616 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39500 പോയിന്റിലും 39350 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 40040 പോയിന്റിലെ കടമ്പ കടന്നാൽ 40220 പോയിന്റിലും 40440 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത സമ്മർദ്ദ മേഖലകൾ.
ബോണ്ട് നിക്ഷേപം
രാജ്യാന്തര ബാങ്കിങ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളുടെ ബോണ്ട് നിക്ഷേപക്കണക്കുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ ഫെഡ് വീണ്ടും നിരക്കുയർത്തൽ നടത്തിയത് ബോണ്ട് യീൽഡിൽ മുന്നേറ്റ കാരണമാകുമ്പോൾ തന്നെ ബോണ്ട് മൂല്യത്തിൽ ഇടിവിനും കാരണമാകുന്നത് ബാങ്കുകളുടെ ‘’ലിക്വിഡിറ്റിയെ’’യും ബാധിക്കും.
ഇന്ത്യൻ റഡാറുകൾ
ഇന്ത്യൻ വ്യോമസേനക്കായി റഡാറുകളും, ഡിജിറ്റൽ റഡാർ വാണിങ് റിസീവറുകളും നിർമിക്കാനുള്ള 3800 കോടി രൂപയുടെ കരാർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് സ്വന്തമാക്കി.
ക്രൂഡ് ഓയിൽ
തിരിച്ചു കയറുകയായിരുന്ന ക്രൂഡ് ഓയിലിന് അമേരിക്കൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേക്ക് വീണ്ടും എണ്ണ വാങ്ങുന്നത് വൈകുമെന്ന അമേരിക്കൻ എനർജി സെക്രട്ടറിയുടെ പ്രസ്താവന മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ വീണ്ടും തിരുത്തൽ നൽകി. അമേരിക്കൻ ക്രൂഡ് ഓയിൽ വില 70 ഡോളറിൽ താഴെ വ്യാപാരം അവസാനിപ്പിച്ചു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീഴ്ച കുറിച്ചത് ഇന്നലെ സ്വർണത്തിന് തുടർ മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില ഇന്നലെ വീണ്ടും 2000 ഡോളർ കടന്നു. ബോണ്ട് യീൽഡിന്റെ തുടർ ചലനങ്ങളാകും സ്വർണത്തിന്റെയും ഗതി നിർണയിക്കുക.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക