ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടമാഘോഷിച്ചപ്പോൾ അമേരിക്കൻ വിപണി ഇന്നലെ മിക്സഡ് ക്ലോസിങ് കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും പോസിറ്റീവ് തുടക്കം നേടി. ജാപ്പനീസ് വിപണിയും നേട്ടത്തിൽ വ്യാപാരം തുടരുന്നു.
ബാങ്കിങ് പ്രതിസന്ധി ഇല്ലാതെ വിപണി
പുതിയ ബാങ്കിങ് പ്രതിസന്ധികൾ ഉയർന്ന് വരാതിരുന്നതിന്റെ ആശ്വാസത്തിൽ ഈ ആഴ്ച രാജ്യാന്തര വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സിലിക്കൺ വാലി ബാങ്കിന്റെ നിക്ഷേപങ്ങളും ലോൺ ബുക്കിന്റെ ഒരു ഭാഗവും, മറ്റ് ആസ്തികളും ഫസ്റ്റ് സിറ്റിസൺ ബാങ്ക് വാങ്ങാൻ ധാരണയായതും ഇന്നലെ അമേരിക്കൻ വിപണിക്ക് ആവേശം നൽകി. സെയിന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് വീണ്ടും ഫെഡ് നിരക്ക് വർദ്ധനയെക്കുറിച്ച് സൂചിപ്പിച്ചത് ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയത് നാസ്ഡാകിന് തിരുത്തലിന് കാരണമായി. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് തിരികെ 3.52%ലേക്ക് കയറി. ഡൗ ജോൺസ് ഇന്നലെ 0.60% നേട്ടം കുറിച്ചപ്പോൾ നാസ്ഡാക് 0.47% നഷ്ടം കുറിച്ചു. യൂറോപ്യൻ വിപണികളെല്ലാം ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് രാജ്യാന്തര വിപണിയിൽ
ചൈനീസ് വ്യാവസായിക ലാഭക്കണക്കുകളൂം, ജപ്പാന്റെ കോർ സിപിഐ കണക്കുകളും, ബാങ്ക് ഓഫ് ജപ്പാന്റെ ഗവർണർ ഹാറൂഹികോ കുറോഡോയുടെ പ്രസംഗവും ഇന്ന് ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്‌ലിയും, യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലെഗാർദെയും ഇന്ന് സംസാരിക്കാനിരിക്കുന്നത് ഇന്ന് യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്.
അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് കണക്കുകളും, റിച്ച്മണ്ട് മാനുഫാക്ച്ചറിങ് സൂചികയും ഇന്ന് അമേരിക്കൻ വിപണിക്കും പ്രധാനമാണ്.
നിഫ്റ്റി
ഇന്നലെ പതിഞ്ഞ തലത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി രാജ്യാന്തര വിപണികൾക്കൊപ്പം മുന്നേറ്റം നേടിയെങ്കിലും അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ നേട്ടം കൈവിട്ടു. ബാങ്കിങ്, ഐടി സെക്ടറുകൾ നഷ്ടം ഒഴിവാക്കിയ ഇന്നലെ റിയാൽറ്റി, ഓട്ടോ സെക്ടറുകൾ കൂടുതൽ നഷ്ടം നേരിട്ടു. സ്‌മോൾ ക്യാപ് സെക്ടർ 1.6%വും, മിഡ് ക്യാപ് സെക്ടർ 0.5%വും ഇന്നലെ നഷ്ടം കുറിച്ചു.
ഇന്നലെ 17091 പോയിന്റ് വരെ മുന്നേറിയ ശേഷം 16985 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16920 പോയിന്റിലും, 16880 പോയിന്റിലും ആദ്യ പിന്തുണകൾ നേടിയേക്കാം. 17100 പോയിന്റ് പിന്നിട്ടാൽ 17180 പോയിന്റിലും, 17230 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്നലെ ബാങ്ക് നിഫ്റ്റിയും നേരിയ നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്നലെ 35 പോയിന്റ് നേട്ടത്തിൽ 36431 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39300 പോയിന്റിലും 39200 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 39000 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ പ്രധാന പിന്തുണ. 39700 പോയിന്റിലും, 39900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
എഫ്&ഓ ക്ലോസിങ്
വ്യാഴാഴ്ച ഇന്ത്യൻ വിപണി രാം നവമി പ്രമാണിച്ച് അവധിയായതിനാൽ നാളെ, ബുധനാഴ്ചയാണ് മാർച്ചിലെ എഫ്&ഓ ക്ളോസിങ്. അടുത്ത ആഴ്ച ഇന്ത്യൻ വിപണി രണ്ട് ദിവസം അവധിയാഘോഷിക്കുമ്പോൾ അടുത്ത ആഴ്ചയിലെ ആദ്യ മൂന്ന് ദിനങ്ങളും ചൈനീസ് വിപണിക്ക് അവധിയാണെന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം.
ക്രൂഡ് ഓയിൽ
ബാങ്കിങ് പ്രതിസന്ധികൾ ഒഴിവാകുന്നതും, ഇറാഖിന്റെ കുർദിസ്താൻ മേഖലയിൽ നിന്നുമുള്ള ഓയിൽ പമ്പിങ് തുർക്കി നിർത്തി വെച്ചതും ഇന്നലെ ബ്രെന്റ് ക്രൂഡിന് 3% മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളർ വരെ മുന്നേറി.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില 1971 ഡോളറിൽ പിന്തുണ നേടി.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക