ADVERTISEMENT

ഏതാനും ദിവസം മുമ്പ്  ഏതാണ്ടെല്ലാ ചെറുസമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകൾ വർധിപ്പിച്ചെങ്കിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശയിൽ വർധനയില്ലെന്നത് ഒട്ടേറെ പേരെ നിരാശരാക്കി. തുടർച്ചയായ 3 പാദത്തിലും 7.1 ശതമാനം എന്ന പലിശയാണ്  പിപിഫിന്  തുടരുന്നത്. പക്ഷേ അതുകൊണ്ട് മാത്രം പിപിഎഫ് നിക്ഷേപം വേണ്ടെന്നു െവയ്ക്കരുതെന്നാണ് വിദഗ്ധരുടെ നിലപാട്. 

കാരണം ഇപ്പോൾ പലിശ  ഉയരുന്നില്ലെങ്കിലും പിപിഎഫ് നിക്ഷേപം ദീർഘകാലയളവിൽ നേട്ടം നൽകുന്നവയാണ്.  കൂട്ടു പലിശയുടെ മാജിക്കും ആദായനികുതിയിലെ ആകർഷക ഇളവുകളും ചേരുമ്പോൾ ഇപ്പോൾ കൂടുതൽ പലിശ കിട്ടുന്ന മറ്റ് പല നിക്ഷേപപദ്ധതികളേക്കാളും നേട്ടം പിപിഎഫിനുണ്ട്. മാത്രമല്ല  ഭാവിയിൽ പലിശ കൂടുമെന്നും പ്രതീക്ഷിക്കാം.

പിപിഎഫിനെ ആകർഷകമാക്കുന്ന ഘടകങ്ങൾ

∙ആദായനികുതി ഇളവ് – പിപിഎഫിനെ ഏറ്റവും ആകർഷകമാക്കുന്ന ഘടകം നികുതി ഇല്ല എന്നതാണ്. 

∙80 സി പ്രകാരം ഒന്നര ലക്ഷം വരെയുള്ള  നിക്ഷേപത്തിനു ആദായനികുതി ഇളവു ലഭിക്കും 

∙മാത്രമല്ല കാലയളവ് അവസാനിക്കുമ്പോൾ ലഭിക്കുന്ന പലിശ ഉൾപ്പടെയുള്ള തുകയ്ക്കും നികുതി നൽകേണ്ടതില്ല. 

 ∙നിലവിൽ ഇത്തരത്തിൽ നികുതി ഇളവു കിട്ടുന്ന പദ്ധതികൾ കുറഞ്ഞു വരികയാണ്. 

∙30% എന്ന ഉയർന്ന നികുതി സ്ലാബിലുള്ളവർക്ക് പിപിഎഫിൽ നിലവിലെ നിരക്കിൽ ലഭിക്കുന്ന ആദായം 10.32 ശതമാനം പലിശയ്ക്ക് തുല്യമാണ്.  

ദീർഘകാല നിക്ഷേപം

ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപവരെയാണ് പിപിഎഫിലൂടെ നിക്ഷേപിക്കാൻ സാധിക്കുക. 15 വർഷമാണ് നിക്ഷേപ കാലയളവ്. ശേഷം 5 വർഷം വീതം ഈ കാലയളവ് ഉയർത്താം. അതുകൊണ്ട് തന്നെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് പിപിഎഫ് അനുയോജ്യമാണ്. ഇപ്പോഴത്തെ 7.1 ശതമാനം നിരക്കിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിന് ശേഷം 40 ലക്ഷം രൂപ ലഭിക്കും. നിക്ഷേപം 5വർഷം കൂടി തുടരാനായാൽ (20 വർഷത്തിന് ശേഷം) 66 ലക്ഷം രൂപ നേടാനാവും.  

റിട്ടേൺ ഉറപ്പ്, വായ്പയും ലഭിക്കും

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്ന നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിപിഎഫിൽ നേട്ടം ഉറപ്പാണ്. നിക്ഷേപകർക്ക് അത്യാവശ്യം വന്നാൽ പിപിഫിൽ നിന്നും വായ്പയും ലഭിക്കും. ആകെ നിക്ഷേപത്തിന്റെ 25 ശതമാനം ആണ് വായ്പയായി നൽകുക. 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ ഒരു ശതമാനം വാർഷിക പലിശയെ ഈടാക്കൂ എന്നതും നേട്ടമാണ്. 

ഇതെല്ലാം പരിഗണിക്കുമ്പോൾ നിലവിലുള്ള നിക്ഷേപം തുടരുക തന്നെ വേണം. എന്നു മാത്രമല്ല പുതുതായി പിപിഎഫിൽ നിക്ഷേപം തുടങ്ങുകയും ചെയ്യാം. കാരണം നിക്ഷേപത്തിനായി മാറ്റി വെയ്ക്കുന്ന തുകയിൽ ഒരു ഭാഗം സുരക്ഷിതമായി നിക്ഷേപിക്കേണ്ടതുണ്ട്.  അത്തരത്തിൽ മുതലിനും ആദായത്തിനും സർക്കാർ ഗ്യാരന്റിയുള്ളതും ആകർഷകമായ നേട്ടം ഉറപ്പാക്കാവുന്നതുമായ പദ്ധതികളിൽ പിപിഎഫ് ഇപ്പോളും മുന്നിൽ ‍ തന്നെയാണ്.  

English Summary : Shall we Continue to Invest in PPF?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com