ADVERTISEMENT

സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിക്കുമ്പോൾ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരുമെല്ലാം തലയിൽ കൈ വയ്ക്കുകയാണ്. ഇതെന്തൊരു കുതിപ്പാണ്? എല്ലാരും പരസ്പരം ചോദിക്കുന്നു, ഈ മുന്നേറ്റം എവിടെ വരെ പോകും? ഏതാനും നാളുകളായി ഇന്ത്യയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 60,000 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. എന്നാൽ അത് എപ്പോള്‍ സംഭവിക്കുമെന്നതിന് ഉത്തരം എളുപ്പമല്ല.

സ്വര്‍ണം ഒരു ഉപഭോഗ ഉൽപന്നവും അതേസമയം നിക്ഷേപത്തിനുതകുന്ന ഒരു ആസ്തിയുമാണ്. സാമ്പത്തിക വളര്‍ച്ച, വിപണിയിലെ അനിശ്ചിതാവസ്ഥ, പണപ്പെരുപ്പം, പലിശനിരക്ക്, യുഎസ് ഡോളറിന്റെ നില തുടങ്ങിയ വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. 

മാന്ദ്യം നേട്ടമാക്കി സ്വർണം

നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയില്‍ ദുര്‍ബലമായ വളര്‍ച്ചയാണു പ്രവചിക്കപ്പെടുന്നതെങ്കിലും നേരിയ മാന്ദ്യവും വരുമാനം ദുര്‍ബലപ്പെടുന്നതും സ്വര്‍ണത്തെ സംബന്ധിച്ച് അനുകൂല ഘടകങ്ങളാണ്. ഒപ്പം, ഡോളറിന്റെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പം കുറയുന്നതും സ്വര്‍ണത്തിനു ഗുണകരമാകാം. 

goldnew1

വിവിധ രാജ്യങ്ങൾക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി നിലനിര്‍ത്തും. ചൈന സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതോടെ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്‍ഡ് വീണ്ടും ഉയരാനും സാധ്യതയേറെയാണ്. സാമ്പത്തികമാന്ദ്യം കാരണം ചരക്കുകളുടെ മേല്‍ സമ്മർദമേറുന്നതും സ്വര്‍ണത്തിനു നേട്ടമാകാന്‍ സാധ്യതയുണ്ട്. 

ഇന്ത്യക്കാരുടെ സ്വർണഭ്രമം

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ചരിത്രപരമായ അടുപ്പം രഹസ്യമല്ല. രാജ്യത്തെ നിലവറകളിലും കലവറകളിലും നിഷ്ക്രിയമായി കിടക്കുന്ന സ്വര്‍ണത്തിന്‍റെ അളവിനെ കുറിച്ച് കൃത്യമായ കണക്കുകള്‍ ആരുടെ പക്കലുമില്ല. ഏകദേശകണക്കുകള്‍ പ്രകാരം 1.5 ലക്ഷം കോടി ഡോളറിന്‍റെ മൂല്യം വരുമിതെന്നാണ് പറയപ്പെടുന്നത്. ഇതിനു പുറമെ ക്ഷേത്ര ട്രസ്റ്റുകളുടെ പക്കലുള്ള വന്‍ സ്വര്‍ണ ശേഖരങ്ങള്‍ കൂടിയാകുമ്പോള്‍ അമ്പരപ്പിക്കുന്ന മൂല്യം വരുമിതിന്. ആസ്തി ഗുണനിലവാര പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ ബാങ്കിങ് രംഗത്തെ മൂലധനക്കുറവുകള്‍ നികത്താന്‍ ആവശ്യമായതിലേറെ വരും ഈ ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണ നിക്ഷേപമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. സമ്പദ് വ്യവസ്ഥയ്ക്ക് സ്വര്‍ണം കാര്യമായ സംഭാവനകളൊന്നും നല്‍കുന്നില്ലെന്നും സ്വര്‍ണം ഉല്‍പ്പാദനക്ഷമമല്ലാത്ത ആസ്തിയാണെന്നുമുള്ള വാദം ഉയര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്‍റെ വിവിധ ഉപയോഗ വശങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലായ്മയില്‍ നിന്നാണ് ഇങ്ങനെയുള്ള അഭിപ്രായം വരുന്നത്.

goldnew2

സ്വര്‍ണ നിക്ഷേപവും വായ്പാലഭ്യതയും

ഇതിലേറ്റവും പ്രധാനം സ്വര്‍ണ നിക്ഷേപം വായ്പാലഭ്യത സുതാര്യവും വേഗത്തിലുമാക്കി എന്നതാണ്. അടിയന്തര വായ്പ ആവശ്യമുള്ള വ്യക്തികള്‍, കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭകര്‍ തുടങ്ങിയവര്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കും മൂലധന ആവശ്യങ്ങള്‍ക്കും സ്വര്‍ണ വായ്പയെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. അസംഘടിത മേഖലയിലെ പണമിടപാടുകാരുടെ പിടിയില്‍ നിന്ന് സ്വയം മോചിതരാകാനും ഔപചാരിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകാനും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഇത് സഹായിച്ചിട്ടുണ്ട്.  

ഭൗതിക സ്വത്ത്

കറന്‍റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിന്‍റെ ഒരു പ്രധാന കാരണം സ്വര്‍ണ ഇറക്കുമതി ആണെന്നും വിലയേറിയ വിദേശനാണ്യം പുറത്തേക്ക് ഒഴുകാന്‍ ഇതു കാരണമാകുന്നുവെന്നുമുള്ള കാഴചപ്പാട് വെറുതെയല്ലെങ്കിലും ഇതിനൊരു മറുവശം കൂടിയുണ്ട്. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്കും സ്വര്‍ണം ഭൗതിക സ്വത്താണ്. ഇന്ത്യയില്‍ വാങ്ങുന്ന സ്വര്‍ണാഭരണങ്ങളില്‍ 60 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്.

സ്ത്രീകളും സ്വർണവും

(Photo by Narinder NANU / AFP)
(Photo by Narinder NANU / AFP)

ഇവിടങ്ങളില്‍ കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ മിച്ചമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ വഴിയില്ലാത്തതുകൊണ്ട് അതുപയോഗിച്ച് സ്വര്‍ണം വാങ്ങുന്നു.  പിന്നീട് അടുത്ത സീസണില്‍ കൃഷി ആവശ്യങ്ങള്‍ക്ക് പണം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഒന്നുകില്‍ ഈ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റാം, അല്ലെങ്കില്‍ വായ്പ ലഭിക്കുന്നതിന് പണയം വയ്ക്കാം. മറ്റ് തരത്തിലുള്ള വ്യക്തിഗത വായ്പകള്‍ക്കും സ്വര്‍ണം ഉപയോഗപ്രദമാണ്. ഭവന വായ്പ പോലുള്ള വായ്പകളുടെ കുറവുകള്‍ നികത്താനും സ്വര്‍ണ വായ്പകള്‍ ഉപയോഗപ്പെടുത്താം. പ്രമുഖ സാമ്പത്തിക വിദഗ്ധ ഇള പട്നായിക് ചൂണ്ടിക്കാണിച്ചതുപോലെ, ദരിദ്ര കുടുംബങ്ങള്‍ക്കുള്ളിലെ അധികാരം സ്ത്രീകളിലേക്ക് മാറ്റുന്നതില്‍ സ്വര്‍ണത്തിന് നിര്‍ണായക പങ്കുണ്ട്. കാരണം അവരാണ് ഇത്തരം കുടുംബങ്ങളില്‍ ഈ സാമ്പത്തിക ആസ്തി കൈയാളുന്നത്. 

ഇന്ത്യയില്‍, വായ്പാ വളര്‍ച്ചയില്‍ ഇപ്പോഴും പ്രതീക്ഷിച്ച വര്‍ധനയില്ല. വായ്പാ-ജിഡിപി അനുപാതം 52 ശതമാനമാണ്. ഒരു ദശാബ്ദമായി ഇത് ഈ നിലയില്‍ തന്നെ തുടരുന്നു. മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ വായ്പകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വര്‍ധിച്ചുവരുന്ന തീരുവകള്‍ കാരണം സ്വര്‍ണവില വര്‍ധിക്കുമ്പോള്‍ മഞ്ഞ ലോഹത്തിന്‍റെ ഡിമാന്‍ഡിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇത് വായ്പാ സൃഷ്ടിപ്പിന്‍റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും.

മറുവശത്ത്, ഇന്ത്യന്‍ വീടുകളില്‍ ഏകദേശം 30,000 ടണ്‍ സ്വര്‍ണം ഉണ്ടെന്ന് കണക്കാക്കുന്നു. ഈ സ്വര്‍ണത്തില്‍ 500 ടണ്ണോളം മാത്രമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. തീര്‍ച്ചയായും വളര്‍ച്ചയ്ക്കുള്ള ഒരു സുവര്‍ണാവസരം നമുക്കു മുമ്പിലുണ്ട്. 

ലേഖകൻ മണപ്പുറം ഫിനാന്‍സിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്

English Summary : Gold Price and Indian Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com