ADVERTISEMENT

ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ട് പുറത്ത് വന്ന ശേഷം ഒരിക്കൽ പോലും അദാനി ഗ്രൂപ്പ് ഓഹരികൾ പഴയ മൂല്യത്തിന് അടുത്തുപോലും എത്തിയില്ല. അതായത് ഹിൻഡൻബർഗ് പ്രതീക്ഷിച്ച ലാഭം ഒന്നുകിൽ അവർ നേടിയിട്ടുണ്ടാകും അല്ലെങ്കിൽ ഇനിയുമവർക്ക് നേടാം. അഥവാ ഹിൻഡൻബർഗ് പണി കൊടുത്തവരാണ്‌. ട്രോളേണ്ടത് പണി കിട്ടിയവരെയല്ലേ, കൊടുത്തവരെയല്ലല്ലോ! 

എന്തുകൊണ്ട് ബാങ്ക് തകർച്ചകൾ കണ്ടില്ല? 

ഹിൻഡൻബർഗ് സിലിക്കൺ വാലി ബാങ്ക്, ക്രെഡിറ്റ് സ്വിസ് തകർച്ചകൾ കാണാൻ കഴിയാതെപോയി എന്നതാണ് പ്രധാന ആരോപണം. 

ഷോർട്ട് സെല്ലർമാർ  ശ്രദ്ധിക്കുന്നത് രണ്ടു കാര്യങ്ങളാണ്. തട്ടിപ്പൊന്നുമില്ലാത്ത കമ്പനിയാണെങ്കിലും അവരുടെ ഓഹരി മൂല്യം ഊതി വീർപ്പിച്ചതാണോ? എന്നതാണ് ഒന്ന്. രണ്ടാമത്തേത് കമ്പനി കൃത്രിമങ്ങൾ കാണിച്ചാണോ വളർച്ച നേടിയത്. കാരണം ഈ തട്ടിപ്പുകൾ പുറത്തു കൊണ്ടു വന്നാൽ അതോടെ  ആ ഓഹരികളുടെ  മൂല്യം തകരും. ആ അവസരം ഉപയോഗിച്ച്  ഷോർട്ട് സെല്ലു ചെയ്ത് ലാഭം നേടുക എന്നതാണ് അവരുടെ  ലക്ഷ്യം. അതായത് ഈ രണ്ടിൽ  ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ടാൽ ഷോർട്ട് സെല്ലർമാർ ആ കമ്പനിയെ ലക്ഷ്യം വയ്ക്കും.  അദാനി  ഗ്രൂപ്പ് കമ്പനികളുടെ കാര്യത്തിൽ  രണ്ടു അവസരങ്ങളുമുണ്ടെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തിയത്. ഇവരുടെ കണക്കുകളിൽ കൃത്രിമം ഉണ്ട്. ഇനി അഥവാ കൃത്രിമങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കരുതിയാൽ പോലും ഇവരുടെ ഓഹരി വില ഊതി വീർപ്പിച്ചതാണ്. അതുകൊണ്ട് അവസരം മുതലെടുക്കാൻ അവർ മുന്നോട്ട് വന്നു.       

എന്നാൽ സിലിക്കൺ വാലി ബാങ്ക് തകർന്നത് അവർ മറച്ചുവെച്ച എന്തെങ്കിലും തട്ടിപ്പോ ക്രമക്കേടോ പുറത്തുവന്നത് കൊണ്ടല്ല. അവരുടെ ഓഹരിയുടെ മൂല്യവും താരതമ്യേന ന്യായമായിരുന്നു. പലിശ വർദ്ധന കാരണം അവർ നിക്ഷേപിച്ച സർക്കാർ കടപ്പത്രങ്ങളുടെ മൂല്യം കുറഞ്ഞു. ഒപ്പം അവരുടെ പ്രധാനനിക്ഷേപകരായിരുന്ന  സ്റ്റാർട്ടപ്പുകൾ ഒറ്റയടിക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനുമെത്തി. അതോടെ  ഇതിനു വേണ്ട പണത്തിന് കടപ്പത്രങ്ങൾ നഷ്ടത്തിൽ വിൽക്കേണ്ടിവന്നു;  ഇങ്ങനെ കൂട്ടമായി ഡിപ്പോസിറ്റുകൾ പിൻവലിച്ചില്ലായിരുന്നുവെങ്കിൽ സിലിക്കൺ വാലി ബാങ്ക് ഒരുപക്ഷേ  നിലനിന്നേനെ. ദിവസങ്ങൾക്കു മുമ്പ് സിഗ്നേച്ചർ ബാങ്ക് തകർന്നതും നിക്ഷേപകരിൽ   പരിഭ്രാന്തിയുണ്ടാക്കി. ഏതാനും ദിവസങ്ങൾ കൊണ്ട് സംഭവിച്ച ചില കാര്യങ്ങളാണ്  ബാങ്കുകളുടെ തകർച്ചയിലേക്ക് നയിച്ചത്.   

 ഇത്തരത്തിൽ ഡെപ്പോസിറ്റർമാർ കൂട്ടത്തോടെ പണം പിൻവലിക്കുമെന്നത് മുൻകൂട്ടി കാണുക ഏതാണ്ട് അസാധ്യമാണ് 

ക്രെഡിറ്റ് സ്വിസ്സ് എന്ന ഇൻവെസ്റ്റ്മെൻറ് ബാങ്കാകട്ടെ  കുറേ മാസങ്ങളായി പ്രതിസന്ധിയിലായിരുന്നു. പലവിധ തട്ടിപ്പുകളും ക്രമക്കേടുകളും  അവിടെ  നടന്നിരുന്നു. എന്നാൽ അവയെല്ലാം  വിപണിയിലുഉള്ളവർക്ക് അറിയാമായിരുന്നു. അവരുടെ ഓഹരി വില നേരത്തെതന്നെ വൻതോതിൽ ഇടിയുകയും ചെയ്തു. തകർന്നുകൊണ്ടിരിക്കുന്ന ഒരു ബാങ്കിന്റെ നിലംപതിക്കലാണ്  ദിവസങ്ങൾ കൊണ്ട് സംഭവിച്ചത്.   പുറത്തുവന്ന തട്ടിപ്പുകളും ഇടിഞ്ഞ ഓഹരി വിലയും ക്രെഡിറ്റ് സ്വിസ്സിനെ ഷോർട്ട് സെല്ലർമാർക്ക് അനാകർഷകമാക്കി. 

മുൻകൂട്ടി കണ്ട പതനം

ഹിൻഡൻബർഗ്  ഈ രണ്ട് ബാങ്കുകളുടേയും പതനം മുൻകൂട്ടി കണ്ടിരുന്നു എന്നു തന്നെ കരുതുക.  ഹിൻഡൻബർഗ് ഒരു സ്വകാര്യ ഷോർട്ട്സെല്ലിങ് സ്ഥാപനമാണ്; ഈഡിയോ സിബിഐയോ പോലെ സർക്കാർ സ്ഥാപനമല്ല. ഏത് ഓഹരിയാണ് ഷോർട്ട് സെല്ലിങ് നടത്തേണ്ടതെന്ന് അവർക്ക് തീരുമാനിക്കാം. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്ന എല്ലാവരുടെയും പുറകെ പോകേണ്ട.  ഇഡിയും സിബിഐയും  പോലും ചിലരുടെ പുറകെ മാത്രം പോകുന്നതിനെ   ന്യായീകരിക്കുന്നവരാണ് ഹിൻഡൻബർഗിനെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും എന്നതാണ് രസകരം!

ഷോർട്ട് സെല്ലിങ് എല്ലായ്പ്പോഴും ഉദ്ദേശിച്ച ലാഭം തരണമെന്നില്ല. ഷോർട്ട് സെല്ലർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് കമ്പനി തെളിയിച്ചാൽ ഓഹരിവില ഉയർന്നേക്കാം. അപ്പോൾ ഓഹരി കടം വാങ്ങിയ ഷോർട്ട് സെല്ലർ വിറ്റ വിലയേക്കാൾ ഉയർന്ന വിലക്ക് ഓഹരികൾ തിരികെ വാങ്ങി കടം വിട്ടേണ്ടി വരും; വൻ നഷ്ടവും നേരിടേണ്ടി വരും. ഇതിനും പുറമേയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഓഹരി വില താഴ്ത്തിയതിന് ആ കമ്പനിയിൽ നിന്നും ഓഹരി നിയന്ത്രണ ഏജൻസിയിൽ നിന്നും നേരിടേണ്ട നിയമ നടപടിയും പിഴയും. ഇത്തരമൊരു നിയമ നടപടിക്ക് അദാനി ഇതുവരെ തയ്യാറായിട്ടില്ലായെന്നത് ശ്രദ്ധേയമാണ്; നിയമനടപടിയെടുക്കാൻ ഹിൻഡൻബർഗ് വെല്ലുവിളിച്ചിട്ട് പോലും!

പ്രൊമോട്ടർമാരുടെ തട്ടിപ്പ്

ഷോർട്ട് സെല്ലിങ് നിക്ഷേപകരോടു ചെയ്യുന്ന വഞ്ചനയാണോ?: കമ്പനിയുടെ പ്രമോട്ടർമാർ നടത്തുന്ന തട്ടിപ്പുകൾ കാരണം നഷ്ടം നേരിടുന്നത് ഒരു തെറ്റും ചെയ്യാത്ത, പ്രൊമോട്ടർമാരല്ലാത്ത സാധാരണ നിക്ഷേപകരും കൂടിയല്ലേ? തീർച്ചയായും. ഇവിടെ പക്ഷേ നഷ്ടത്തിന് കാരണം ഷോർട്ട് സെല്ലിങ് അല്ല; പ്രൊമോട്ടർമാർ നടത്തുന്ന തട്ടിപ്പാണ്. തട്ടിപ്പുകൾ ആരെങ്കിലും എന്നെങ്കിലുമൊക്കെ പുറത്തുകൊണ്ടുവരും. അപ്പോഴും നിക്ഷേപകർ നഷ്ടം നേരിടും. പലപ്പോഴും ഷോർട്ട് സെല്ലർമാർ തട്ടിപ്പുകൾ നേരത്തെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു എന്നു കരുതിയാൽ മതി.  

പിന്നെ വിലയിലെ ചാഞ്ചാട്ടങ്ങൾ ഓഹരി വിപണിയിലെ അവിഭാജ്യ ഘടകമാണ്. പലപ്പോഴും ഇതിന്റെ കാരണം അടിസ്ഥാനരഹിതമായ വാർത്തകളോ വിവരങ്ങളോ ആയിരിക്കും. ചാഞ്ചാട്ടമുള്ള വിപണിയിലാണ് നിക്ഷേപിക്കാനും ലാഭമെടുക്കാനുമുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഹ്രസ്വകാല നഷ്ടങ്ങളെ അവഗണിച്ച് ദീർഘകാലത്തേക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നവർക്കേ ഓഹരി വിപണി നേട്ടം നൽകൂ. വിലയിലെ ചാഞ്ചാട്ടങ്ങളിൽ പരിഭ്രാന്തരാകുന്നവർ ബാങ്ക് നിക്ഷേപങ്ങളിലേക്ക് മാറുക; ഓഹരി വിപണി ഉപേക്ഷിക്കുക.

ഷോർട്ട് സെല്ലിങ് നിരോധിച്ചാലോ?  

കമ്പനി മാനേജ്മെന്റ് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ  പുറത്തു വരാതെ പോകാം.   ആ കമ്പനിയിലെ തന്നെ ഒരു ജീവനക്കാരന് ഉന്നതർ നടത്തുന്ന തട്ടിപ്പ് സർക്കാർ ഏജൻസികളെ അറിയിക്കാം - ഇതാണ് വിസിൽ ബ്ലോയിങ് (whistle blowing); ഇത് നടത്തുന്ന ജീവനക്കാരൻ വിസിൽ ബ്ലോവറും. എന്നാൽ   വിസിൽ ബ്ലോവർക്ക്  വിലത്തകർച്ചയിൽ  സാമ്പത്തിക നേട്ടമൊന്നും കിട്ടില്ല.  എന്നു  മാത്രമല്ല  വിസിൽ ബ്ലോവർ  കമ്പനിയിൽ നിന്ന് തന്നെ പുറത്താക്കപ്പെടും.  കമ്പനിക്കെതിരെയുള്ള പോരാട്ടത്തിൽ മിക്കപ്പോഴും ജീവനക്കാർക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. മാത്രമല്ല ഇങ്ങനെ പുറത്തായ ഒരാൾക്ക് പുതിയ  ജോലി കണ്ടെത്താനും ബുദ്ധിമുട്ടാകും. ഇതെല്ലാം കാരണം വിസിൽ ബ്ലോയിങ്ങിനോട് ജീവനക്കാർ വിമുഖത കാണിക്കുന്നു. എന്നാൽ ഇത്തരം പരിമിതികൾ ഒരു ഷോർട്ട് സെല്ലർ നേരിടുന്നില്ല; മാത്രമല്ല ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെങ്കിൽ ഉയർന്ന സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.

സ്വന്തം ലാഭത്തിനു വേണ്ടിയാണ് ഷോർട്ട് സെല്ലർ  ഗവേഷണം നടത്തി തട്ടിപ്പുകൾ കണ്ടുപിടിച്ച്  റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ അവർ  സ്വന്തം ലാഭത്തിനായി പ്രവർത്തിക്കുമ്പോൾ അത് മറ്റു നിക്ഷേപകർക്കും വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും തന്നെ ഗുണകരമായി വരുന്നു. 

English Summary : Adani Group and Hindenburg Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com