ADVERTISEMENT

മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയും വിദേശ ഫണ്ടുകളുടെ വാങ്ങലിൻറെയും, മികച്ച റിസൾട്ടുകളുടെയും പിൻബലത്തിൽ ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. ബാങ്കിങ്, ഐടി, റിയാലിറ്റി, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ മുന്നേറിയപ്പോൾ മെറ്റൽ, ഫാർമ സെക്ടറുകളും, പൊതു മേഖല ബാങ്കുകളും കഴിഞ്ഞ ആഴ്ച തിരുത്തൽ നേരിട്ടു. മെയ് മാസത്തിലെ എല്ലാ  ദിവസവും വാങ്ങലുകാരായ  വിദേശ ഫണ്ടുകളുടെ പിന്തുണയും ഇന്ത്യൻ വിപണിക്ക് നിർണായകമായി. വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

കഴിഞ്ഞ ആഴ്ചയിൽ 18200 പോയിന്റിനും, 18400 പോയിന്റിനുമിടയിൽ നിലയുറപ്പിച്ച നിഫ്റ്റി 18400 പോയിന്റിലെ കടമ്പ കടന്നാൽ 18500 പോയിന്റിലും 18600 പോയിന്റിലും റെസിസ്റ്റൻസ് നേരിട്ടേക്കാം.18180 പോയിന്റിലെ പിന്തുണ നഷ്ടമായാൽ നിഫ്റ്റി 18100 പോയിന്റിലും 18000 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ.

കർണാടക തെരെഞ്ഞെടുപ്പ് ഫലം 

കർണാടക തിരഞ്ഞെടുപ്പു വിജയം ബെംഗളൂരുവിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുൻപിൽ ആഘോഷിക്കുന്ന പ്രവർത്തകർ. ചിത്രം: വിഷ്ണു വി.നായർ∙മനോരമ
കർണാടക തിരഞ്ഞെടുപ്പു വിജയം ബെംഗളൂരുവിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുൻപിൽ ആഘോഷിക്കുന്ന പ്രവർത്തകർ. ചിത്രം: വിഷ്ണു വി.നായർ∙മനോരമ

എക്സിറ്റ് പോളുകൾ ശരി വെച്ച് കൊണ്ട് കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി. ഭരണ കക്ഷിയുടെ വിജയം ഓഹരി വിപണിയുടെ ആത്മ വിശ്വാസം വർധിപ്പിക്കുകയും, മുന്നേറ്റത്തിന് കാരണമാകുകയും ചെയ്തേക്കമായിരുന്നു. ഇന്ത്യൻ വിപണിയിലെ അടുത്ത തിരുത്തൽ അവസരമാണ്. 

ഐഐപി സൂചിക 

ഇന്ത്യയുടെ വ്യവസായികോല്പാദന സൂചികയായ ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ മാർച്ചിൽ 1.1% മാത്രമാണ് വളർച്ച കുറിച്ചത്. ഫെബ്രുവരിയിൽ 5.6% വളർച്ച നേടിയ വ്യവസായികോല്പാദനം മാർച്ചിൽ 3.3% വളരുമെന്നാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. മുൻ മാസത്തിൽ 5.6% വളർന്ന  മാനുഫാക്ച്ചറിങ് സെക്ടർ മാർച്ചിൽ 0.5% മാത്രം വളർച്ച കുറിച്ചതും, വൈദ്യുതി ഉല്പാദനത്തിലെ കുറവും, കൺസ്യൂമർ ഗുഡ്സ് നെഗറ്റീവ് വളർച്ച കുറിച്ചതുമാണ് ഐഐപി വീഴ്ചക്ക് കാരണം.       

ഇന്ത്യൻ പണപ്പെരുപ്പം കുറയുന്നു 

ഇന്ത്യയുടെ ഏപ്രിലിലെ റീറ്റെയ്ൽ പണപ്പെരുപ്പം 4.70% മാത്രം വാർഷിക വളർച്ച കുറിച്ചത് വിപണിക്ക് അനുകൂലമാണ്. മാർച്ചിൽ 5.66% വളർന്ന ഇന്ത്യൻ സിപിഐ ഏപ്രിലിൽ 5.80% വളർച്ച കുറിക്കുമെന്നായിരുന്നു വിപണി പ്രതീക്ഷ.  റിപ്പോ നിരക്ക് വർദ്ധന നിർത്തി വെച്ച ആർബിഐയുടെ ജൂൺ ആദ്യവാരം നടക്കുന്ന അടുത്ത യോഗ തീരുമാനങ്ങളെ  പണപ്പെരുപ്പകണക്കുകൾ സ്വാധീനിക്കും. 

ലോക പണപ്പെരുപ്പവും ക്രമപ്പെടുന്നു 

അമേരിക്കൻ തൊഴിൽ വിപണിയും ക്രമപ്പെടുന്നത് ഫെഡ് റിസേർവിനെ ജൂണിൽ കൂടുതൽ നിരക്കുയർത്താൽ നടത്തുന്നതിൽ നിന്നും തടഞ്ഞേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

അമേരിക്കയുടെയും മറ്റ്‌ യൂറോപ്യൻ രാഷ്ട്രങ്ങളുടെയും പണപ്പെരുപ്പം ഏപ്രിലിൽ ക്രമപ്പെട്ടത് വിപണിക്കും അനുകൂലമായി. അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 0.4% മാസവളർച്ചയോടെ ഏപ്രിലിൽ 4.9% വാർഷിക വളർച്ച മാത്രം കുറിച്ചപ്പോൾ ജർമനിയുടെയും, ഫ്രാന്സിന്റെയും. ചൈനയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വീണ്ടും ക്രമപ്പെടുന്നതും, ചൈനീസ് പിപിഐ വീണ്ടും കുറഞ്ഞു  പോകുന്നതും സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കാം. 

അമേരിക്കൻ ‘ഡിഫോൾട്ട്’

us-share7

അമേരിക്ക ‘ഡെറ്റ് ഡീഫോൾട്ടി’ലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നതാണ് ലോക വിപണിയുടെ അടുത്ത തലവേദന. കഴിഞ്ഞ ചൊവ്വാഴ്ചത്തെ റിപ്പബ്ലിക്കൻ നേതാവ് മകാർത്തിയുമായുള്ള ചർച്ച ഫലം കാണാതെ അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും ചർച്ച വെച്ചിരുന്നെങ്കിലും അത് നടക്കാതെ പോയതും, പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതും വിപണിക്ക് ആശങ്കയാണ്. 

ജൂൺ ഒന്നിന് മുൻപ് അമേരിക്കയുടെ കടമെടുപ്പ് പരിധി 31 ട്രില്യൺ ഡോളറിൽ നിന്നും ഉയർത്തി പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ അത് അമേരിക്കയെ മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥിതിയെ തന്നെ ബാധിക്കുമെന്ന് രാജ്യാന്തര നാണ്യ നിധിയും, ജി7 രാജ്യങ്ങളുടെ ധനകാര്യ നേതൃ നിരയുടെ ജപ്പാനിൽ വെച്ച് നടന്ന യോഗവും വിലയിരുത്തി. ഓഹരി വിപണിയെയാകും അമേരിക്കൻ  ‘’ഡിഫോൾട്ട്’’ വല്ലാതെ ബാധിക്കുക എന്നതിനാൽ വിപണി അടുത്ത ആഴ്ചയിൽ കൂടുതൽ ജാഗരൂകമായേക്കും.

വിപണിയിൽ അടുത്ത ആഴ്ച 

ജപ്പാൻ, ജർമനി, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മൊത്ത വിലക്കയറ്റ കണക്കുകൾ നാളെ പുറത്ത് വരുന്നു. 

usmarket4

ചൊവ്വാഴ്ച അമേരിക്കൻ വ്യവസായികോല്പാദനക്കണക്കുകളും, റീറ്റെയ്ൽ വില്പന കണക്കുകളും, വ്യാഴാഴ്ച ജോബ് ഡേറ്റയും പുറത്ത് വരുന്നത് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച ഫെഡ് ജെറോം പവൽ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

നാളെ വരുന്ന യൂറോ സോൺ വ്യവസായികോല്പാദന കണക്കുകളും, ചൊവ്വാഴ്ച്ച വരുന്ന യൂറോ സോൺ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. ബുധനാഴ്ചയാണ് യൂറോ സോൺ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വരുന്നത്. 

ചൊവ്വാഴ്ച പുറത്ത് വരുന്ന ചൈനീസ് വ്യവസായികോല്പാദനവും, റീറ്റെയ്ൽ വില്പനകണക്കുകളും അടക്കമുള്ള കണക്കുകൾ വിപണിക്ക് പ്രധാനമാണ്.  ബുധനാഴ്ചയാണ് ജാപ്പനീസ് ജിഡിപി കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും പുറത്ത് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

∙തുടർച്ചയായ രണ്ടാം പാദത്തിലും ലാഭം നേടിയ ടാറ്റാ മോട്ടോർസ് മികച്ച വില്പന വരുമാനത്തിന്റെ പിൻബലത്തിൽ 5400 കോടിയില്പരം രൂപയുടെ അറ്റാദായം നാലാം പാദത്തിൽ സ്വന്തമാക്കി. 105932 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ ഇപിഎസ് 16.28ലേക്ക് ഉയർന്നു. 

∙ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് മുൻ പാദത്തിൽ നിന്നും വരുമാനവും, അറ്റാദായവും ഇരട്ടിയാക്കിയത് ഓഹരിക്ക് മുന്നേറ്റം നൽകും.  

∙ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് 20000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫരിൽ നിന്നും പിന്മാറിയ ശേഷം അദാനി വീണ്ടും മൂലധന സമാഹരണത്തിനിറങ്ങുന്നത് ഗ്രൂപ്പ് ഓഹരികൾക്ക് അനുകൂലമാണ്. നിർത്തി വെച്ച നിർണായക പദ്ധതികളുമായി അദാനി വീണ്ടും തിരിച്ചു വരുന്നത് ഇന്ത്യൻ വിപണിക്കും പിന്തുണ നൽകും. 

∙അദാനി ഗ്രീൻ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ബോർഡ് മീറ്റിങ് മെയ് 24ലേക്ക് നീട്ടി വെച്ചു. 

∙അദാനിയുടെ മേലുള്ള ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം പൂർത്തിയാക്കാനായി സുപ്രീം കോടതി സെബിക്ക് മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേസിന്റെ വാദം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതും അദാനി ഓഹരികൾക്ക് പ്രധാനമാണ്. 

∙എൽ&ടി കഴിഞ്ഞ പാദത്തിൽ മികച്ച റിസൾട്ട് റിപ്പോർട്ട് ചെയ്‌തെങ്കിലും സെപ്റ്റംബറോട് കൂടി ചെയർമാൻ ഏഎം നായിക് വിരമിക്കുന്നു എന്ന വാർത്ത ഓഹരിക്ക് തിരുത്തൽ നൽകി. 

∙മാർച്ചിലും വില്പന വരുമാനം ക്രമപ്പെടുത്തി ഡിഎൽഎഫ് 57 കോടി രൂപയുടെ അറ്റാദായം കുറിച്ചത് ഓഹരിക്കനുകൂലമാണ്. 406 കോടി രൂപയാണ് കമ്പനിയുടെ 2022 മാർച് പാദത്തിലെ അറ്റാദായം.  

∙ഹർഷവർദ്ധൻ ഗോയെങ്ക സെൻസാർ ടെക്കിന്റെ വൈസ് ചെയർമാനായി വീണ്ടും നിയമിതനായി. മികച്ച നാലാം പാദഫലം പ്രഖ്യാപിച്ച സെൻസാർ ടെക്ക് 3.50 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചു.  

∙റിലയൻസ് ഓട്ടോ സെക്ടറിലേക്കും ചുവടുറപ്പിക്കുന്നു എന്ന വാർത്ത ഇന്ത്യൻ ഓട്ടോ സെക്ടറിൽ പുതിയ യുഗത്തിന് തുടക്കം കുറിക്കും. 

∙മാർച്ചിൽ വളരെ മികച്ച റിസൾട്ട് പ്രഖ്യാപിച്ച വരുൺ ബീവറേജസ് 1:2 ഓഹരി വിഭജനം നടത്തുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙സൗത്ത് ഇന്ത്യൻ ബാങ്ക് വരുമാന വർദ്ധനയുടെ പിൻബലത്തിൽ 334 കോടി രൂപയുടെ അറ്റാദായം നാലാം പാദത്തിൽ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. 

∙ഓലക്ട്ര ഗ്രീൻടെക്കിന് പിന്നാലെ ഗ്രീവ്സ് കോട്ടണും മികച്ച റിസൾട്ട് പ്രഖ്യാപിച്ചത്  ഈവി സെക്ടറിന് കൂടുതൽ അനുകൂലമാണ്.  

മികച്ച റിസൾട്ടുകൾ 

us-share10

എൽ&ടിക്കൊപ്പം, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ഗോദ്‌റെജ്‌ കൺസ്യൂമർ, എസ്ആർഎഫ്, പേ ടിഎം മുതലായ മുൻ നിര ഓഹരികളും  വിപണി പ്രതീക്ഷക്കപ്പുറമുള്ള റിസൾട്ടുകൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. 

സീമെൻസ്, ബോഷ്, ഐഷർ, എസ്കോര്ട്സ്, കിർലോസ്കർ ബ്രദേഴ്സ്, ദീപക് നൈട്രൈറ്റ്, ബിഎഎസ്എഫ്, റിലാക്‌സോ, എച്ച്ജിഇൻഫ്രാ, ബലരാംപുർ ചിനി, അജ്‌മേര,ബിഎൽഎസ് ഇന്റർനാഷണൽ, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ്, വെങ്കീസ്, റെയ്മണ്ട്, ബിർള കോർപ്, എലന്റാസ് ബെക്ക്, അപ്പോളോ ടയേഴ്‌സ്, കാസ്ട്രോൾ മുതലായ കമ്പനികളും മുൻ പാദത്തിൽ നിന്നും മികച്ച റിസൾട്ടുകൾ നാലാം പാദത്തിൽ സ്വന്തമാക്കി. 

അടുത്ത ആഴ്ച്ചയിലെ റിസൾട്ടുകൾ 

ട്യൂബ് ഇൻവെസ്റ്മെന്റ്സ്, കൊറൊമാൻഡൽ, ആസ്ട്രൽ, പിവിആർ ഐനോക്‌സ്, ഫൈസർ, നിപ്പോൺ ലൈഫ്, പി&ജി ഹെൽത്, സ്കിപ്പർ, സെഞ്ചുറി പ്ലൈ, കല്യാൺ ജൂവലേഴ്‌സ്, ഉത്തം ഷുഗർ, പട്ടേൽ എൻജിനിയറിങ്, സുബെക്സ്, 20 മൈക്രോൺസ്, കാണ്ടബിൽ, സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ്, സെയിന്റ് ഗോബെയ്‌ൻ മുതലായ കമ്പനികളും  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

എസ്ബിഐ, ബി ഓ ബി , പിഎൻബി, ഐഓസി, എൻടിപിസി, ബിഇഎൽ, ആർഇസി, ജിഎൻഎഫ്സി, ഗെയിൽ, ഐടിസി, എൽഐസി ഹൗസിങ്, എയർ ടെൽ, ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, വി മാർട്ട്, ബാറ്റ, ജെകെ ടയർ, മുത്തൂറ്റ് ഫിനാൻസ്, ആംബർ, കാജാരിയാ, ഒബ്‌റോയ് റിയൽറ്റി, സഫാരി, പരസ്, വേൾപൂൾ, കണ്ടെയ്നർ കോർപറേഷൻ, ഹിന്ദ് കോർപറേഷൻ, പവർ ഗ്രിഡ്, ടാറ്റ എൽഎക്സി, ഇൻഡിഗോ, ഗ്ലെൻമാർക്, ഐആർബി, ലിഖിത, സൺ ടിവി, സൊമാറ്റോ, എംസിഎക്സ്, ഡിവിസ് ലാബ്സ്, വിആർഎൽ, ഡൽഹിവെറി, മുതലായ കമ്പനികളും  അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും വീഴ്ച തുടർന്ന ക്രൂഡ് ഓയിൽ വീണ്ടും വീഴ്ച പ്രതീക്ഷിക്കുന്നു. ചൈനയുടെ ആവശ്യകത കുറയുന്നതിന് പിന്നാലെ അമേരിക്കൻ ‘ഡെബ്റ്റ് സീലിങ്’ ചർച്ചകൾ വഴിമുട്ടിയതും ക്രൂഡ് ഓയിലിന് ക്ഷീണമായി. അടുത്താഴ്ചയിലെ ചൈനീസ് ഡേറ്റകളും, അമേരിക്കൻ ഇൻവെന്ററി കണക്കുകളും ക്രൂഡിന് പ്രധാനമാണ്. 

സ്വർണം 

ബോണ്ട് യീൽഡ് ക്രമപ്പെട്ടതിനൊപ്പം അമേരിക്കൻ വായ്പ പരിധി ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുന്നതും സ്വർണത്തിന് തത്കാലം അനുകൂലമാണ്. 2000 ഡോളറിന് മുകളിൽ നിൽക്കുന്ന രാജ്യാന്തര സ്വർണ വിലയുടെ അടുത്ത പിന്തുണ 1980 ഡോളറിലാണ്.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com