അടി തെറ്റി ബോളിവുഡ് തിയറ്റർ ഷോ
Mail This Article
ചലച്ചിത്രനിർമാണത്തില്‍ ഇപ്പോള്‍ ഒന്നിലേറെ വരുമാനസാധ്യതകളുണ്ട്. പക്ഷേ, തിയറ്റർ റിലീസുള്ള സിനിമ അവിടെ നന്നായി ഓടിയില്ലെങ്കിലുള്ള പ്രശ്നങ്ങള്‍ അനവധിയാണ്. പോസ്റ്റർ ഒട്ടിക്കുന്നവർ മുതല്‍ കഫെറ്റിരിയ ജീവനക്കാർ വരെയുള്ള അസംഖ്യം പേരാണ് ഇന്ത്യ മുഴുവനും വിവിധ തിയറ്ററുകളിലായി അന്നം തേടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന തിയറ്റർ ശൃംഖലയായ പി.വി.ആറിന്‍റെ റിസള്‍ട്ട് ഇതിന്‍റെ കൃത്യമായ ഉദാഹരണമാണ്. 333 കോടി രൂപയുടെ നഷ്ടമാണ് ജനുവരി, ഫെബ്രുവരി, മാർച്ച് എന്നിവയടങ്ങുന്ന നാലാം പാദത്തില്‍ പി.വി.ആർ രേഖപ്പെടുത്തിയത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 16 കോടി ലാഭം നേടിയിടത്താണിത്. പൊതുവെ മോശമായിരുന്ന കഴിഞ്ഞ വർഷം മാർച്ചില്‍ അവസാനിച്ച നാലം പാദത്തില്‍ കമ്പനിക്ക് 105 കോടി നഷ്ടം വന്നിരുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തില്‍ 536 കോടിയായിരുന്ന വരുമാനം പക്ഷെ ഇക്കുറി 1,143 കോടി രൂപയിലേക്ക് കയറിയിട്ടുണ്ട്. പി.വി.ആർ മറ്റൊരു മള്‍ട്ടിപ്ളെക്സ് ശൃംഖലയായ ഇനോക്സ് ഏറ്റെടുക്കല്‍ പൂർത്തിയായ ശേഷമുള്ള റിസള്‍ട്ടാണിപ്പോള്‍ വന്നത്.
മൂന്നരക്കോടി പ്രേക്ഷകർ ഇക്കാലയളവില്‍ സിനിമ കാണാന്‍ പി.വി.ആർ ഇനോക്സിലെത്തി. ശരാശരി ടിക്കറ്റ് നിരക്ക് 239 രൂപ. ഭക്ഷണം പാനീയങ്ങളുടെ വില്‍പ്പനവില ശരാശരി 119 രൂപ.
പത്താൻ കനിഞ്ഞു
ജനുവരിയില്‍ ഷാരുഖ് ഖാന്‍റെ പത്താന്‍ നല്ല കൊയ്ത്തു നല്‍കി. ഡിസംബറില്‍ റിലീസ് ചെയ്ത അവതാറും നാലാം പാദത്തിന്‍റെ ആദ്യ മാസമായ ജനുവരിയിലും തുടർന്നുകൊണ്ട് തിയറ്ററുകള്‍ക്ക് നല്ല വരുമാനം നല്‍കി. പിന്നെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഫെബ്രുവരിയും മാർച്ചും വല്ലാതെ മോശമായിപ്പോയി. പിന്നീട് വന്ന ഭൂരിപക്ഷം ഹിന്ദി പടങ്ങളും പച്ച തൊട്ടില്ലെന്ന് തന്നെ പറയാം. ഹോളിവുഡ് പടങ്ങളായ ജോണ്‍ വിക്ക്, ആന്‍റ്മാന്‍, ഷാസം 2, ക്രീഡ് ത്രീ ഇവയുള്ളതുകൊണ്ട് തിയറ്റർ അടച്ചിടേണ്ടി വന്നില്ലെന്നു മാത്രം. പക്ഷേ, ഹിന്ദിയിലെ പ്രധാന അർബന്‍ സെന്‍ററുകള്‍ വിട്ടു കഴിഞ്ഞാല്‍ ചെറുപട്ടണങ്ങളില്‍ ഹോളിവുഡിനു ആളെ നിറയ്ക്കാന്‍ പരിധിയുണ്ട്. പരസ്യവരുമാനവും കുറഞ്ഞു.
പി.വി.ആറിന്‍റെ നഷ്ടം ഇതിനേക്കാളും ഭീകരമാകുമായിരുന്നു. പക്ഷേ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയാണ് നഷ്ടം പിടിച്ചു നിർത്തിയത്. ദക്ഷിണേന്ത്യയില്‍ ഉത്തരേന്ത്യയെ അപേക്ഷിച്ച് സ്ഥിതി മെച്ചമായിരുന്നുവെന്ന് ചുരുക്കം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 10 ഉള്‍പ്പെടെയുള്ള ചിത്രങ്ങളും മലയാളത്തില്‍ നിന്ന് 2018 വന്നതുമൊക്കെ പ്രതീക്ഷകളാണ്. കാലക്കേട് കഴിഞ്ഞെന്നും ഇനിയങ്ങോട്ട് ഗംഭീരമാവുമെന്നും കമ്പനി വാർത്താക്കുറിപ്പില്‍ പറയുന്നു.
2023 ല്‍ കമ്പനി 30 മള്‍ട്ടിപ്ളെക്സുകളിലായി 168 പുതിയ സ്ക്രീനുകള്‍ അവതരിപ്പിച്ചു. 2024 മാർച്ചോടെ 175 സ്ക്രീനുകള്‍ കൂടിയുണ്ടാവും. 115 നഗരങ്ങളിലായി 361 മള്‍ട്ടിപ്ളെക്സുകളിലായി 1689 സ്ക്രീനുകളാണ് കമ്പനിക്ക് നിലവിലുള്ളത്. ഇതില്‍ ശ്രീലങ്കയിലുള്ളവയും ഉള്‍പ്പെടുന്നു. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ സ്ക്രീനുകള്‍ ദക്ഷിണേന്ത്യയില്‍ നിർമിക്കാനും പദ്ധതിയുണ്ട്. കന്നഡയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് കളക്ഷന്‍ വന്നതിലും കമ്പനി പ്രതീക്ഷയർപ്പിക്കുന്നു.
ആളുകള്‍ കൂട്ടമായി എത്തണം
ഇതിന്‍റെയിടയില്‍ മറ്റു പ്രദേശങ്ങളിലായി ഒരു രക്ഷയുമില്ലാതെ കിടക്കുന്ന 50 തിയറ്ററുകള്‍ പൂട്ടാനും പരിപാടിയുണ്ട്.
ഓഹരിവിപണിയില്‍ ചൊവ്വാഴ്ച കമ്പനി ക്ളോസ് ചെയ്തത് 30 രൂപ നഷ്ടത്തില്‍ 1435 രൂപയിലായിരുന്നു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പി.വി.ആർ പ്രിയ വില്ലേജ് റോഡ്ഷോയുടെ ചുരുക്കപ്പേരാണ്. അജയ് ബിജ് ലി യാണ് സി.എം.ഡി.
ആളു വന്നില്ലെങ്കിലും തിയറ്ററുകളുടെ ചെലവ് കുറയുന്നില്ലല്ലോ. പ്രത്യേകിച്ച് കുറച്ച് പേർ കയറിയാല്‍ പോലും പടം ഇടേണ്ടി വരും. വൈദ്യുതി, ശമ്പളം എന്നിവയെല്ലാം ചെലവുകളിലേക്ക് കയറും. കോവിഡില്‍ അടഞ്ഞുകിടന്ന സമയത്തെ വരുമാനനഷ്ടം, അക്കാലയളവിലെ ഇ.എം.ഐ എന്നിവയെല്ലാം പരിഹരിച്ച് തിരിച്ചുപിടിക്കാന്‍ ആളുകള്‍ കൂട്ടമായി തിയറ്ററില്‍ എത്തിയേ പറ്റൂവെന്ന് ചുരുക്കം.
English Summary : Bollywood Industry and PVR