കഴിഞ്ഞ വര്‍ഷം മെയ് 17ന് ആയിരുന്നു ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 949 രൂപയില്‍ നിന്ന് 8 ശതമാനത്തോളം കിഴിവില്‍ 872 രൂപയ്ക്കായിരുന്നു എന്‍എസ്ഇയിലെ ലിസ്റ്റിങ്. ഇതുവരെ ഇഷ്യൂ വിലയ്ക്ക് മുകളിലുയരാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ഐപിഒയിലൂടെ നിക്ഷേപിച്ചവര്‍ക്ക് വലിയ നഷ്ടമാണ് എല്‍ഐസി ഓഹരികളില്‍ ഉണ്ടായത്. ലിസ്റ്റ് ചെയ്ത് ഒരു വര്‍ഷം തികയുമ്പോള്‍ എത്തിയ 2022-23 ലെ നാലാം പാദഫലങ്ങള്‍ ഓഹരി വിലയില്‍ നേരിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ 604 രൂപയ്ക്കാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
എല്‍ഐസിയുടെ പ്രകടനം മെച്ചപ്പെട്ടോ?
നാലാം പാദത്തില്‍ 13,428 കോടി രൂപയായിരുന്നു എല്‍ഐസിയുടെ അറ്റാദായം. ലാഭം നല്‍കേണ്ടാത്ത നോണ്‍-പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തിലെ 7,300 കോടി രൂപ ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിലൂടെയാണ് അറ്റാദായം കുത്തനെ ഉയര്‍ന്നത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ 2,371 കോടി രൂപയെ അപേക്ഷിച്ച് 466 ശതമാനം വര്‍ധനവ്.
2022-23 സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ ആകെ അറ്റാദായം 36,397 കോടി രൂപയാണ്. ഇക്കാലയളവില്‍ നോണ്‍-പാര്‍ട്ടിസിപേറ്റിങ്് വിഭാഗത്തില്‍ നിന്നെത്തിയത് 27,240.75 കോടി രൂപയാണ്. 4,403.12 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 10.90 ശതമാനം ഉയര്‍ന്ന് 4,75,005 കോടിയായി. ആദ്യ വര്‍ഷ പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഐസിയുടെ വിപണി വിഹിതം 62.58 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം ഇത് 63.25 ആയിരുന്നു. വിപണി വിഹിതത്തില്‍ നേരിയ ഇടിവുണ്ടായി.
എപിഇ കുറഞ്ഞു

എപിഇ (Annualised Premium Equivalent) അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച 12 ശതമാനം ആണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്-12 %, എച്ച്ഡിഎഫ്‌സി ലൈഫ് (എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന്)- 40%, എസ്ബിഐ ലൈഫ്- 18% എന്നിങ്ങനെയാണ് എല്‍ഐസിയുമായി മത്സരിക്കുന്ന മറ്റ് പ്രധാന കമ്പനികളുടെ വളര്‍ച്ച. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (AUM) 40.85 ലക്ഷത്തില്‍ നിന്ന് 43.97 ലക്ഷമായി ഉയര്‍ന്നു.
പോളിസി വില്‍പ്പന
അതേ സമയം പോളിസി വില്‍പ്പന 5.93 ശതമാനം ഇടിയുകയാണ് ചെയ്തത്. 2.04 കോടി പോളിസികളാണ് ഇക്കാലയളവില്‍ വിറ്റത്. പ്രവര്‍ത്തന ചെലവ് 1.03 ശതമാനം ഉയര്‍ന്ന് 15.53 ശതമാനമായി. 1.87 ശതമാനം ആണ് സോള്‍വന്‍സി അനുപാതം. 2022-23ല്‍ എല്‍ഐസിയുടെ വിഎന്‍ബി മാര്‍ജിന്‍ (Value of new business-VNB) 16.29 ശതമാനം ആണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ വരുമാനം സൂചിപ്പിക്കുന്ന ശതമാനക്കണക്കാണ് വിഎന്‍ബി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്- 32 %, എസ്ബിഐ ലൈഫ് -30.1, എച്ച്ഡിഎഫ്‌സി ലൈഫ്- 27.6 % എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ വിഎന്‍ബി.
പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭത്തിന് അനുസൃതമായി നേട്ടം ലഭിക്കുന്ന പാര്‍ട്ടിസിപേറ്റിങ് വിഭാഗത്തിലാണ് എല്‍ഐസിയുടെ 90 ശതമാനത്തിലധികം പോളിസികളും. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ കമ്പനി പോളിസികളൊന്നും അവതരിപ്പിച്ചിരുന്നില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോണ്‍-പാര്‍ട്ടിസിപേറ്റിങ് വിഭാഗം പോളിസികളുടെ വിഹിതം 7.12ല്‍ നിന്ന് 8.89 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. നോണ്‍-പാര്‍ട്ടിസിപേറ്റിങ് പോളിസികള്‍ കൂടുന്നത് വിഎന്‍ബി ഉയരാന്‍ സഹായിക്കും.
എല്‍ഐസി ഓഹരികളുടെ സാധ്യതകള്‍
3.5 ശതമാനം ഓഹരികള്‍ വിറ്റ് 21,000 കോടിയോളം രൂപയാണ് എല്‍ഐസി ഐപിഒയിലൂടെ സമാഹരിച്ചത്. ഐപിഒയുടെ വലുപ്പം, പൊതുമേഖലാ സ്ഥാപനം തുടങ്ങിയ ഘടകങ്ങളായിരുന്നു എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. എന്നാല്‍ ലിസ്റ്റിങിന് ശേഷം കാര്യങ്ങള്‍ കമ്പനിക്ക് അനുകൂലമായില്ല. എല്‍ഐസി ഓഹരികളുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില 920 രൂപയാണ്. അതും ലിസ്റ്റ് ചെയ്ത ദിവസം ഉയര്‍ന്നത്. ശേഷം തുടര്‍ച്ചയായി ഇടിഞ്ഞ ഓഹരി വില 530ല്‍ വരെ എത്തി. വില ഇടിഞ്ഞതോടെ 7 ലക്ഷത്തോളം ചെറുകിട നിക്ഷേപകര്‍ എല്‍ഐസി ഓഹരികള്‍ വിറ്റെന്നാണ് കണക്ക്. നിലവില്‍ ലിസ്റ്റിങ് വിലയെക്കാള്‍ 26 ശതമാനത്തോളം ഇടിവിലാണ് ഓഹരികള്‍.
ഇപ്പോൾ എല്‍ഐസിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കില്ല എന്നാണ് കേരളത്തില്‍ നിന്നുള്ള ഏതാനും പ്രമുഖ അനലിസ്റ്റുകള്‍ പറയുന്നത്. അതേ സമയം മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍സ് കഴിഞ്ഞ ദിവസം എല്‍ഐസി ഓഹരിയിന്മേല്‍ വാങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. 830 രൂപയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്ന ലക്ഷ്യം. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍സ് 940 രൂപ ലക്ഷ്യവിലയായി ആണ് ബൈ കാള്‍ നല്‍കിയത്.

വെല്ലുവിളിയായി മത്സരം
വളര്‍ന്നുകൊണ്ടിരിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് വിപണികളില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണി പ്രതിവര്‍ഷം 32-34 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. ഇത് നേട്ടമുണ്ടാക്കാനുള്ള അവസരമാവുമ്പോള്‍ തന്നെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള വലിയ മത്സരമാണ് എല്‍ഐസി നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ മേഖലയിലെ കമ്പനിയായതുകൊണ്ട് തന്നെ രാഷ്ട്രീയ തീരുമാനങ്ങളും എല്‍ഐസിയെ ബാധിക്കും. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വസ്റ്റര്‍ എന്ന നിലയില്‍ എല്‍ഐസിയെടുക്കുന്ന തീരുമാനങ്ങളും ഓഹരി വിലയെ സ്വാധീനിക്കാം.
ഓഹരി തിരികെ വാങ്ങല്‍, ഉയര്‍ന്ന ലാഭ വിഹിതം നല്‍കല്‍ തുടങ്ങിയവയിലൂടെ നിക്ഷേപകരുടെ ആത്മ വിശ്വാസം ഉയര്‍ത്താമെന്ന് നേരത്തെ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഭാവിയില്‍ സര്‍ക്കാര്‍ എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് സാധ്യത. എല്‍ഐസി നല്‍കിയ ലാഭവിഹിതവും ആകര്‍ഷകമല്ല. 2022-23ല്‍ മൂന്ന് രൂപയാണ് ഓഹരി ഒന്നിന് ലാഭവിഹിതമായി നല്‍കിയത്. മുന്‍വര്‍ഷം ഇത് 1.50 രൂപയായിരുന്നു.
English Summary : Hold or Sell LIC Shares?