ADVERTISEMENT

അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും, മികച്ച ജിഡിപി വളർച്ചയുടെയും പശ്ചാത്തലത്തിലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി നേട്ടം കൈവിട്ടു. മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിലെ ത്രൈമാസ മാറ്റങ്ങളും മുൻ നിര ബാങ്കിങ്, ഐടി ഓഹരികളിലെ വില്പന സമ്മർദ്ദവും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. റിലയൻസും, അദാനി ഓഹരികളും കഴിഞ്ഞ ആഴ്ചയിൽ തിരിച്ചടി നേരിട്ടു. 

മുൻനിര ഓഹരികളുടെ വീഴ്ചയിൽ 18534 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിക്ക് 18630 പോയിന്റ് പിന്നിടാനായാൽ 18700 പോയിന്റിൽ വില്പന സമ്മർദ്ദം നേരിട്ടേക്കാം. നിഫ്റ്റിയുടെ നിർണായക പിന്തുണകൾ 18360 പോയിന്റിലും 18130 പോയിന്റിലുമാണ്. റെക്കോർഡ് മേഖലയിൽ സമ്മർദ്ധം നേരിടുന്ന ബാങ്ക് നിഫ്റ്റിയുടെയും, പുതിയ ഉയരത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന നിഫ്റ്റി ഐടിയുടെയും ചലനങ്ങളായിരിക്കും അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക. 

ഇന്ത്യൻ ജിഡിപി മുന്നേറ്റം 

ഇൻഫ്രാ, മാനുഫാക്ച്ചറിങ് സെക്ടറുകളുടെ മികച്ച പിന്തുണയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ആഭ്യന്തര ഉത്പാദനം 7.2% വളർച്ച നേടിയത് ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റി. അവസാന പാദത്തിൽ 6.1% വളർച്ച കുറിക്കാനായതാണ് ഇന്ത്യക്ക് അനുകൂലമായത്. ഇൻഫ്രാസ്ട്രക്ച്ചർ-ഉല്പാദന മേഖലകളിലെ മികച്ച ഓഹരികളിൽ കൂടുതൽ വിദേശ നിക്ഷേപങ്ങൾ പ്രതീക്ഷിക്കാം. 

മെയ് മാസത്തിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് 58.7 എന്ന മികച്ച നിലയിലേക്ക് ഉയർന്നതും ഇന്ത്യൻ മാനുഫാക്ച്ചറിങ് സെക്ടറിന് അനുകൂലമാണ്. 56.5 പോയിന്റിലേക്ക് പിഎംഐ വളർച്ച കുറയുമെന്നായിരുന്നു വിപണിയുടെ അനുമാനം. 

us-share

വായ്പാപരിധി ഒഴിവാക്കി അമേരിക്ക 

മാസങ്ങൾ നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ ഉഭയകക്ഷി തീരുമാനങ്ങളോടെ അമേരിക്കയുടെ 31.4 ട്രില്യൺ ഡോളറെന്ന വായ്പ പരിധി ഒഴിവാക്കുന്ന ബിൽ സെനറ്റിലും പാസായത് ലോക വിപണിക്ക് തന്നെ ആശ്വാസമായി മാറി. തിങ്കളാഴ്ച, ജൂൺ അഞ്ചിന് അമേരിക്കയുടെ തിരിച്ചടവുകൾ മുടങ്ങുന്നതിന് തൊട്ട് മുൻപ് വെള്ളിയാഴ്ച സെനറ്റിലും 36നെതിരെ 63 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡെറ്റ് ഡീൽ പാസായത് വെള്ളിയാഴ്ചയും അമേരിക്കൻ വിപണിക്ക് വൻ കുതിപ്പ് നൽകി. തുടർച്ചയായ ആറാമത്തെ ആഴ്ച്ചയിലും മുന്നേറ്റം കുറിച്ച നാസ്ഡാക് 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി വെള്ളിയാഴ്ചത്തെ മികച്ച കുതിപ്പോടെ ഡൗ ജോൺസും കഴിഞ്ഞ ആഴ്ചയിൽ 3% മുന്നേറ്റം നേടി. 

ഫെഡ് തീരുമാനം കാത്ത് വിപണി 

ജൂൺ 14ന് വരാനിരിക്കുന്ന പുതിയ ഫെഡ് നിരക്ക്  തന്നെയായിരിക്കും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ശ്രദ്ധ. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന മികച്ച അമേരിക്കൻ ജോബ് ഡേറ്റകൾ ഫെഡിന് നിരക്ക് വർദ്ധനവിന് അനുകൂലമാണെങ്കിലും മെയ് മാസത്തിൽ അമേരിക്കൻ തൊഴിലില്ലായ്മ നിരക്ക് ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വർദ്ധിച്ചത് തൊഴിൽ വിപണിയുടെ വളർച്ചയും, പണപ്പെരുപ്പവും നിയന്ത്രിച്ചേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു. അമേരിക്കൻ തൊഴിലില്ലായ്‌മ നിരക്ക് ഏപ്രിലിൽ 53 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.4%ൽ നിന്നുമാണ് തിരിച്ചു കയറുന്നത്. 

us-share9

അമേരിക്കയുടെ കടപരിധി ഉയർത്തിക്കഴിഞ്ഞതിനാൽ ‘കാലിയായ’ അമേരിക്കൻ ട്രഷറി നിറയ്ക്കാനായി ബോണ്ട് വിപണിയിലേക്ക് പണമൊഴുകുന്നത് വിപണിയിലെ പണലഭ്യത കുറച്ചേക്കാവുന്നത് ഓഹരി വിപണിക്ക് വരും ആഴ്ച്ചകളിൽ ക്ഷീണമായേക്കാം. ബോണ്ട് വില്പനയിൽ  ട്രഷറി ഡിപ്പാർട്മെന്റിനെ സഹായിക്കാനായി ഫെഡ് പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കാനുള്ള നേരിയ സാധ്യതയും ഓഹരി വിപണിക്ക് ഭീഷണിയാണ്.

അടുത്ത ആഴ്ച വിപണിയിൽ 

∙തിങ്കളാഴ്ച വരുന്ന വിവിധ രാജ്യങ്ങളുടെ സർവീസ് പിഎംഐ ഡേറ്റകൾ ലോക വിപണിയെ സ്വാധീനിച്ചേക്കാം. വ്യാഴാഴ്ച വരുന്ന അമേരിക്കൻ ജോബ് ഡേറ്റ ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതിനാൽ വിപണിക്ക് വളരെ പ്രധാനമാണ്. 

∙ചൊവ്വാഴ്ചത്തെ യൂറോ സോൺ റീറ്റെയ്ൽ വില്പനകണക്കുകളും, വ്യാഴാഴ്ച വരാനിരിക്കുന്ന ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിയെയും സ്വാധീനിക്കും. ബുധനാഴ്ച ജർമൻ വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നു.  

∙വ്യാഴാഴ്ച വരാനിരിക്കുന്ന ജാപ്പനീസ് ജിഡിപി കണക്കുകളും, വെള്ളിയാഴ്ച വരുന്ന ചൈനീസ് പണപ്പെരുപ്പക്കണക്കുകളും ഏഷ്യൻ വിപണികളെയും സ്വാധീനിച്ചേക്കാം. 

∙ഇന്ത്യൻ വ്യാവസായികോല്പാദനക്കണക്കുകൾ വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷമാണ് പുറത്ത് വരുന്നത്.

ആർബിഐ നിരക്ക് നയാവലോകനയോഗം 

കഴിഞ്ഞ യോഗത്തിൽ വർദ്ധിപ്പിക്കാതെ വിട്ട റിപ്പോ, റിവേഴ്‌സ് റിപ്പോ, ക്യാഷ് റിസേർവ് റേഷ്യോകൾ പണപ്പെരുപ്പം കൂടുതൽ നിയന്ത്രിതമാകുന്ന സാഹചര്യത്തിൽ ആർബിഐ വർദ്ധിപ്പിച്ചേക്കില്ല എന്ന് തന്നെയാണ് വിപണി പ്രതീക്ഷ. അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യതയും, മികച്ച ജിഡിപി- മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും ആർബിഐ  കണക്കിലെടുത്തേക്കാം. വ്യാഴാഴ്ചയാണ് ആർബിഐയുടെ നയപ്രഖ്യാപനങ്ങൾ. നിലവിൽ റിപ്പോ നിരക്ക് 6.5 ശതമാനവും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവും, ക്യാഷ് റിസേർവ് റേഷ്യോ 4.50 ശതമാനവുമാണ്. 

ഓഹരികളും സെക്ടറുകളും 

Up

∙മോർഗൻ സ്റ്റാൻലിയുടെ ഗ്ലോബൽ ഇൻഡക്സിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് പുതുതായി ഇടം പിടിച്ചത് മറ്റ് പൊതു മേഖല ഓഹരികൾക്കും അനുകൂലമാണ്. 

∙സോനാ കോംസും,  മാക്സ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും എംഎസ്സിഐ സൂചികയിൽ ഇടംപിടിച്ചത് ഹോസ്പിറ്റൽ, ഓട്ടോ ആൻസിലറി സെക്ടറിലേക്കും വിദേശ ഫണ്ടുകളുടെ ശ്രദ്ധ എത്തിക്കും.

∙ഐടി സൂചിക ഒരു നീണ്ട കൺസോളിഡേഷന് ശേഷം അടുത്ത കുതിപ്പിന് ഒരുങ്ങുന്നത് ശ്രദ്ധിക്കുക. ഫെഡ് നിരക്കുയർത്തൽ ഭയത്തിൽ അമേരിക്കൻ ടെക്ക് സെക്ടറിനൊപ്പം ക്രമപ്പെട്ടേക്കാവുന്നത് മുൻനിര ഐടി ഓഹരികളിൽ അവസരമാണ്.  

∙മിഡ് ക്യാപ് ഐടി ഓഹരികൾ കുതിക്കുകയാണ്. മികച്ച റിസൾട്ട് പ്രഖ്യാപിച്ച കെപിഐടി ടെക്ക്, സെൻസാർ ടെക്ക്, എഫ്എസ്എൽ എന്നിവ മികച്ച മുന്നേറ്റം നേടി. 

∙മികച്ച റിസൾട്ടുകൾക്ക് പിന്നാലെ മികച്ച വാഹന വില്പന കണക്കുകളുടെ കൂടി പിൻബലത്തിൽ ഓട്ടോ ഓഹരികൾ കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം തുടർന്നു. മെയ് മാസത്തിൽ മാരുതി 178083 യൂണിറ്റുകളുടെ വില്പന നടത്തിയപ്പോൾ, ബജാജ് ഓട്ടോ 355148 യുണികളും,എസ്കോര്ട്സ് കുബോട്ടോ 9167 യൂണിറ്റുകളും വില്പന നടത്തി മുന്നേറ്റം നേടി. 

∙മഹിന്ദ്ര പാസ്സഞ്ചർ കാർ വില്പനയിൽ മുൻ വർഷത്തിൽ നിന്നും വളർച്ച നേടിയെങ്കിലും ട്രാക്ടർ വില്പനയിൽ കുതിപ്പ് കാട്ടിയില്ല. ട്രാക്ടർ ഓഹരികൾ വരും മാസങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙ടാറ്റ കെമിക്കൽസിന്റെ 100 കോടി രൂപയുടെ കൊമേഴ്ഷ്യൽ പേപ്പറിന് ക്രിസിൽ എ1+ ലഭിച്ചത് മികച്ച നാലാം പാദഫലം പ്രഖ്യാപിച്ച ഓഹരിക്ക് അനുകൂലമാണ്. 

∙600 കോടി രൂപ ഓഹരിവില്പനയിലൂടെ സമാഹരിക്കാൻ അനുമതി ലഭിച്ചത് മൈൻഡാ കോർപറേഷന് അനുകൂലമാണ്. 

∙പുസ്തക പ്രസാധക ഓഹരികൾ സ്‌കൂൾ-കോളേജ് ആരംഭത്തിന്റെ പിൻബലത്തിൽ മുന്നേറ്റം നേടുന്നത് ശ്രദ്ധിക്കുക. 

∙വിൻഡ് എനർജി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരുന്നത് വിൻഡ് എനർജി ഓഹരികൾക്ക് അനുകൂലമാണ്. 

∙പരസ് ഡിഫൻസ് ഇസ്രയേലിന്റെ കോൺട്രോപ് പ്രെസിഷൻ ടെക്നൊളജിയുമായി പുതിയ ജോയിന്റ് വെഞ്ച്വർ ആരംഭിച്ചത് ഓഹരിക്ക് വെളിയാഴ്ച മുന്നേറ്റം നൽകി. ഓഹരി ഹ്രസ്വകാല നിക്ഷേപത്തിന് യോഗ്യമാണ്. 

∙പുതിയ നേതൃനിരയുടെ പേരുകൾ ആർബിഐയുടെ അനുമതിക്കായി നൽകി കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് കഴിഞ്ഞ ആഴ്ച മികച്ച മുന്നേറ്റം കുറിച്ചു. മികച്ച റിസൾട്ട് പ്രഖ്യാപിച്ച ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

ക്രൂഡ് ഓയിൽ 

ഞായറാഴ്ചത്തെ ഒപെക് മീറ്റിങ് തീരുമാനങ്ങൾ കാത്തിരിക്കുന്ന ക്രൂഡ് ഓയിൽ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും അമേരിക്കൻ ഡെറ്റ് ഡീലിന്റെ പിൻബലത്തിൽ മികച്ച തിരിച്ചു വരവ് നടത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിന് മുകളിലാണ് വെള്ളിയാഴ്ച വ്യാപാരമവസാനിപ്പിച്ചത്. 

സ്വർണം 

ബോണ്ട് യീൽഡ് ക്രമപ്പെട്ടതിനനുസരിച്ച് തിരികെ 2000 ഡോളറിലേക്കെത്തിയ രാജ്യാന്തര സ്വർണ വില ഓഹരി വിപണിയും ബോണ്ട് യീൽഡും ഒന്നിച്ച് മുന്നേറിയ വെള്ളിയാഴ്ച്ച തിരികെ 1964 ഡോളറിലേക്കിറങ്ങി. ഫെഡ് നിരക്ക് തീരുമാനങ്ങൾ അടുത്ത വരുന്നത് സ്വർണത്തിനും പ്രധാനമാണ്.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com