ആർ ബി ഐയുടെ നയങ്ങൾക്ക് മുന്നോടിയായി വിപണിയിൽ കുതിപ്പ്

Mail This Article
ഇന്ന് നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി നാളെ ആർബിഐയുടെ നയപ്രഖ്യാപനങ്ങൾ വരാനിരിക്കെ മികച്ച കുതിപ്പ് നടത്തി. മറ്റ് ഏഷ്യൻ വിപണികൾ സമ്മർദ്ദത്തിലായപ്പോഴും ഹോങ്കോങ് വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും പോസിറ്റീവ് ക്ളോസിങ് നടത്തി. ചൈനീസ് ട്രേഡ് ഡാറ്റയുടെ സ്വാധീനത്തിൽ യൂറോപ്യൻ വിപണികളും ഇന്ന് സമ്മിശ്ര തുടക്കം നേടി.
ടിസിഎസ്സിന്റെ നേതൃത്വത്തിൽ ഐടി സെക്ടർ നടത്തിയ വലിയ തിരിച്ചു വരവും, മെറ്റൽ, റിയാൽറ്റി, എഫ്എംസിജി, എനർജി, ഇൻഫ്രാ ഓട്ടോ സെക്ടറുകളുടെയും റിലയൻസിന്റെയും മുന്നേറ്റം ഇന്ത്യൻ വിപണിയെ റെക്കോർഡ് നിരക്കിനരികിലേക്ക് വീണ്ടും എത്തിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 127 പോയിന്റുകൾ മുന്നറി 18726 പോയിന്റിലെത്തി. 18740 പോയിന്റ് കടന്നാൽ 18800 പോയിന്റിലും പിന്നീട് റെക്കോർഡ് ഉയരമായ 18888 പോയിന്റിലുമാണ് നിഫ്റ്റിയുടെ പ്രധാന കടമ്പകൾ. 18600 പോയിന്റിലാണ് നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട്.
44140 പോയിന്റിലും 44340 പോയിന്റിനുമിടയിൽ റേഞ്ച് ബൗണ്ടായിപ്പോയ ബാങ്ക് നിഫ്റ്റി നാളെ ആർബിഐ പ്രഖ്യാപനങ്ങൾ വരാനിരിക്കെ പുതിയ ഉയരങ്ങൾ താണ്ടിയേക്കാം. 44040 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിക്ക് 44500 പോയിന്റിലെ കടമ്പയും നിർണായകമാണ്.
ആർബിഐ നയപ്രഖ്യാപനം നാളെ
നാളെ ആർബിഐയുടെ നയപ്രഖ്യാപനത്തോടെയോ അതിന് മുൻപ് തന്നെയോ സെൻസെക്സ് റെക്കോർഡ് ഉയരം താണ്ടിയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ബാങ്ക് അടിസ്ഥാന നിരക്കുകൾ വർദ്ധിപ്പിക്കില്ല എന്ന് തന്നെ വിപണി പ്രത്യാശിക്കുന്നു..
ചൈനീസ് കയറ്റുമതിയിൽ കുറവ്
ചൈനയുടെ മെയ് മാസത്തിലെ കയറ്റുമതിയിൽ 7.5% കുറവ് റിപ്പോർട്ട് ചെയ്തത് ആഗോള ഉപഭോക്തൃ ആവശ്യകതയിൽ വന്ന കുറവ് മൂലമാണെന്ന വിലയിരുത്തൽ വിപണിയിൽ പുതിയ ആശങ്കക്ക് വഴി തുറന്നു. യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലെ വാങ്ങൽ കഴിവ് കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ലക്ഷണമായും വിലയിരുത്തപ്പെടുന്നത് വിപണിക്ക് ക്ഷീണമാണ്.
അമേരിക്കൻ ജോബ് ഡേറ്റ
നാളെ വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയാണ് ചൊവ്വാഴ്ച അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരുന്നത് വരെ അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുക. ഫെഡ് ഇത്തവണ നിരക്കുകൾ കുറഞ്ഞ നിരക്കിൽ (0.10%) വർദ്ധിപ്പിച്ച ശേഷമാകും നിരക്ക് വർദ്ധന അവസാനിപ്പിക്കുക എന്നും വിപണി അനുമാനിച്ചു തുടങ്ങിയതും വിപണിക്ക് അനുകൂലമാണ്..
ജപ്പാൻെറയും യൂറോ സോണിന്റെയും ജിഡിപി കണക്കുകളും നാളെ വരാനിരിക്കുന്നത് ലോക വിപണിക്ക് നിർണായകമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക