ADVERTISEMENT

തുടര്‍ച്ചയായി രണ്ടാംതവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചതോടെ വീട് പോലെ ഫ്‌ളാറ്റും വാങ്ങാന്‍ ആവശ്യക്കാരേറെയാണ്. പലരും രണ്ടും മൂന്നും ഫ്‌ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുക്കുകയാണ്. മികച്ചൊരു വരുമാന മാര്‍ഗം കൂടിയാണിത്. അതിനാല്‍ മനസിനിണങ്ങിയ സൗകര്യങ്ങളോടെ ഫ്ളാറ്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ നല്ല സമയമാണ്. പല കമ്പനികളുടെ നിരവധി പ്രൊജക്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഈ കാര്യങ്ങള്‍ പരിശോധിക്കണം

∙പരസ്യത്തില്‍ കണ്ട പ്രകാരമുള്ള ഡിസൈന്‍ ആണോയെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക. പലപ്പോഴും പരസ്യത്തിലോ ബ്രോഷറിലോ കാണിച്ചിട്ടുള്ള കെട്ടിടങ്ങളായിരിക്കില്ല നമുക്ക് ലഭിക്കുന്നത്. അവയില്‍ കാണിച്ചിരിക്കുന്ന അളവുകള്‍ ഏകദേശ കണക്കു മാത്രമായിരിക്കും.

∙വിലയും സൗകര്യങ്ങളും ശ്രദ്ധിക്കണം. ഫ്ളാറ്റുകള്‍ക്ക് ഇപ്പോഴുള്ള വിപണി വിലയും നിങ്ങള്‍ നല്‍കുന്ന വിലയും സൗകര്യങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം . ഇത് സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാം.

∙പൂര്‍ത്തിയായ കെട്ടിടമാണോ നിര്‍മാണം നടക്കുന്ന കെട്ടിടമാണോയെന്ന് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്നതാണെങ്കില്‍ എത്ര കാലം കൊണ്ട് പൂര്‍ത്തിയാവും എന്നത് കരാറില്‍ രേഖപെടുത്തണം . കരാര്‍ ലംഘനമുണ്ടായാല്‍ നഷ്ടപരിഹാര സാധ്യതകള്‍ പറഞ്ഞു വയ്ക്കണം.

∙ആ ഭൂമിയുടെ ആധാരം, മുന്‍ ആധാരം ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി പരിശോധിക്കണം. അല്ലെങ്കില്‍ പിന്നീട് വലിയ ബാധ്യത ഉണ്ടാക്കും.

∙നിര്‍മാണ കമ്പനി, ആര്‍ക്കിടെക്റ്റ്, രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍, കെട്ടിടം പണിത കരാറുകാരന്‍ എന്നിവരെ കുറിച്ച് അറിയണം. ഇവര്‍ നിര്‍മിച്ച മറ്റ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്.

∙നികുതികള്‍, ഇലക്ട്രിസിറ്റി – വാട്ടര്‍ ബില്ലുകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവ പ്രത്യേകം ചോദിച്ച് മനസ്സിലാക്കണം

∙അടിസ്ഥാന വിലയോടൊപ്പം കാര്‍ പാര്‍ക്കിങ്, കെയര്‍ടേക്കിങ് ചാര്‍ജ്, മാലിന്യ- മലിനജല സംസ്‌കരണം പോലുള്ള പൊതുസംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് എന്നിവ അറിഞ്ഞു വയ്ക്കണം.

∙സ്റ്റേയര്‍കേസ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്പര്‍ ഏരിയ. ഫ്ളാറ്റിന്റെ ഉള്‍വശത്ത് ഉപയോഗിക്കുന്ന സ്ഥലം എന്നിവ ചേദിച്ചു മനസിലാക്കണം

∙ഓരോ നിലയിലും വില വ്യത്യാസപ്പെടാം. താഴത്തെ നിലയില്‍ വില കുറവായിരിക്കും. മുകളിലേക്ക് പോകും തോറും വില ഉയരും. കൂടുതല്‍ വെളിച്ചം, കാഴ്ച ഇവയൊക്കെ മുകളിലേക്ക് പോകുമ്പോ കൂടും

∙ഓരോ ഫ്‌ളാറ്റും ഒറ്റ റസിഡന്‍ഷ്യല്‍ യൂണിറ്റായതിനാല്‍, അത് ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല.

∙താമസാവശ്യത്തിനല്ലാതെ ഫ്‌ളാറ്റ് കൈമാറാനോ വാടകയ്ക്ക് നല്‍കാനോ ഉടമയ്ക്ക് അവകാശമില്ല.

∙ഹിഡന്‍ ചാര്‍ജുകള്‍ ചോദിച്ചു മനസിലാക്കണം.

∙ഫ്ളാറ്റ് വാങ്ങുമ്പോള്‍ മുഴുവന്‍ കാശും നല്‍കാതെ ബാങ്ക് ലോണുകള്‍ എടുക്കുന്നത് ഒരു പരിധിവരെ ഗുണം ചെയ്യും. ലോണിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പ്രസ്തുത ബാങ്ക് ഈ ബില്‍ഡറെപ്പറ്റി നന്നായി പഠിക്കുകയും ലീഗല്‍ ഒപീനിയനുകളും പെര്‍മിറ്റ് സംബന്ധമായ കാര്യങ്ങളും പല തവണ പരിശോധിക്കുകയും ചെയ്യും.

English Summary : Know These Things Before Buying a Flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com