ADVERTISEMENT

മൊബൈൽ പേമെന്റ് സൗകര്യമൊരുക്കി സാധാരണക്കാർക്കിടയിൽ പോലും തികച്ചും സുപരിചിതമാണ് പേടിഎം. ഇതിന്റെ ഭാഗമായ പേടിഎം മണി മ്യൂച്ചൽ ഫണ്ട്, ഓഹരി, ഐപിഒ, എഫ് ആൻഡ് ഒ, ഇടിഎഫ് തുടങ്ങിയ വൈവിധ്യമാർന്ന നിക്ഷേപങ്ങൾ സാധാരണക്കാർക്കിടയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സർക്കാർ ബോണ്ടുകളും മറ്റ് കടപ്പത്ര ഉപകരണങ്ങളും ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുകയാണ് പേടിഎമ്മിപ്പോൾ. ഇത്തരം നിക്ഷേപ സാധ്യതകളെക്കുറിച്ച് പേടിഎം മണി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ വരുൺ ശ്രീധർ മനോരമ ഓൺലൈന് നൽകിയ ഇന്റർവ്യൂവിൽ വിശദീകരിച്ചു. പ്രസക്ത ഭാഗങ്ങൾ:

സര്‍ക്കാര്‍ ബോണ്ടുകളും മറ്റു കടപത്രങ്ങളും മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് അത്ര ജനപ്രിയമല്ലല്ലോ? ഇവയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

തികച്ചും ലളിതമായ നിക്ഷേപങ്ങളാണ് ബോണ്ടുകളുടേത്. എല്ലാവരുടേയും നിക്ഷേപത്തിന്റെ ഒരു സുപ്രധാന ഘടകമാകേണ്ടവയുമാണവ. സ്ഥിര വരുമാന പദ്ധതികള്‍ക്ക് നിരവധി നേട്ടങ്ങളാണുള്ളത്. അവയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തെ കുറിച്ചു നമുക്ക് നേരത്തെ അറിയാം.  ഡെറ്റ് മ്യൂചല്‍ ഫണ്ടുകള്‍ക്കും ഫിക്‌സഡ് നിക്ഷേപങ്ങള്‍ പകരമായി പ്രയോജനപ്പടുത്താവുന്ന ഒന്നാണ് ബോണ്ടുകള്‍. ബോണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനത്തിനും ഹ്രസ്വകാല മൂലധന നേട്ടത്തിനും നിക്ഷേപകനു ബാധകമായ നികുതി നിരക്കുകള്‍ അനുസരിച്ചാവും നികുതി ചുമത്തുക. 100 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ബോണ്ടുകളില്‍ നേരിട്ടുള്ള നിക്ഷേപമുണ്ടെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. 

നിക്ഷേപകര്‍ക്ക് പേടിഎം മണി വഴി എങ്ങനെയാണു ബോണ്ടുകള്‍ വാങ്ങാനാവുക?

തികച്ചും ലളിതമായി ഏതാനും ക്ലിക്കുകള്‍ വഴി പേടിഎം മണിയിലൂടെ ബോണ്ടുകള്‍ വാങ്ങാം. പേടിഎം മണിയില്‍ ബോണ്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍ കടപത്രങ്ങള്‍, നികുതി രഹിത കടപത്രങ്ങള്‍, കോര്‍പറേറ്റ് കടപത്രങ്ങള്‍ തുടങ്ങിയവയെല്ലാം വാങ്ങാം. കുറഞ്ഞ നഷ്ടസാധ്യതയുള്ള കടപത്രങ്ങള്‍, ഹ്രസ്വകാല കടപത്രങ്ങള്‍ തുടങ്ങിയ ഫില്‍റ്ററുകള്‍ പ്രയോജനപ്പെടുത്തി ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഓരോരുത്തര്‍ക്കും നിക്ഷേപം നടത്താനുമാവും. ഫില്‍റ്ററുകള്‍ തയ്യാറാക്കുകയും സേവ് ചെയ്യുകയും വാച്ച് ലിസ്റ്റുകള്‍ തയാറാക്കുകയും സേര്‍ച്ച് ചെയ്യുകയുമെല്ലാം ഇവിടെ സാധിക്കും. 

Paytm-money

ഒരു കടപത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ അതേ സ്ഥാപനം പുറപ്പെടുവിപ്പിച്ച മറ്റു കടപത്രങ്ങള്‍, സമാനമായ മറ്റു കടപത്രങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്താനും അവസരം ലഭിക്കും. 

∙ഇവിടെ എങ്ങനെയാണ് നിക്ഷേപകന് സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നത്? 

വിപണി പങ്കാളികള്‍ക്ക് പ്രവേശിക്കാനും കടപത്ര വിപണനം നടത്താനും അനുവാദം നല്‍കുന്ന എക്‌സ്‌ചേഞ്ച് സംവിധാനത്തിലാണ് പേടിഎം മണി പ്രവര്‍ത്തിക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് വിപുലമായ കടപത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലഭ്യമാണെന്ന് ഇതുറപ്പു നല്‍കുന്നു.  കടപത്രങ്ങള്‍ വിതരണം ചെയ്തവരുടെ വിവരങ്ങള്‍, നിലവിലെ യീല്‍ഡ്, കാലാവധി തീയതികള്‍, ക്രെഡിറ്റ് റേറ്റിങ്, പ്രസക്തമായ മറ്റു വിവരങ്ങള്‍ തുടങ്ങിയവ ഈ സംവിധാനത്തില്‍ ലഭ്യമാണ്. പബ്ലിക് ഇഷ്യൂ നടത്തിയവയാണ് ലിസ്റ്റു ചെയ്യുന്നത് എന്നതിനാല്‍ അവയുടെ വലുപ്പം ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തമായ വിധത്തിലായിരിക്കും.

നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന നിരക്ക് നിക്ഷേപകര്‍ തീരുമാനിക്കും. നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യേണ്ട വില സെറ്റു ചെയ്യാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. അതുവഴി നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ തീരുമാനങ്ങളില്‍ നിയന്ത്രണം ലഭിക്കും.  ഇതു സുതാര്യതയും നല്‍കും. 

മറ്റ് എന്തൊക്കെ നിക്ഷേപങ്ങളാണ് പേടിഎം മണിയിലൂടെ സാധ്യമാകുക?

ഓഹരികള്‍, ഐപിഒകള്‍, ഇടിഎഫുകള്‍, ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സ്, മാര്‍ജിന്‍ ഫണ്ടിങ്, അല്‍ഗോ ട്രേഡിങ്, സ്‌റ്റോക് എസ്‌ഐപി, എന്‍പിഎസ്, ഡയറക്ട് മ്യൂചല്‍ ഫണ്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാകും. ഈ രംഗത്തെ ഏറ്റവും മികച്ച മൊബൈല്‍ ആപ് വെല്‍ത്ത് മാനേജ്മെന്റ് ഏറെ സൗകര്യപ്രദമാക്കുന്നുമുണ്ട്. അഡ്വാന്‍സ്ഡ് ട്രേഡര്‍മാര്‍ക്കായി ഡെസ്‌ക്ക്‌ടോപ് പ്ലാറ്റ്‌ഫോമും രൂപകല്‍പന ചെയ്തിട്ടുണ്ട്. 

കേരളത്തില്‍ നിന്നുള്ള പ്രതികരണം എങ്ങനെയാണ്?

ഞങ്ങളുടെ ഏറ്റവും മികച്ച പത്തു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിവിധ പദ്ധതികളിലായുള്ള ബിസിനസിന്റെ 5-10 ശതമാനം ഇവിടെ നിന്നാണ്. കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ ശരാശരി പ്രായം 26 വയസാണ്. അഖിലേന്ത്യാ തലത്തില്‍ ഇതു 30 ആണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപകര്‍, 90 ശതമാനം നിക്ഷേപകരും പുരുഷന്‍മാരാണ്. കേരളത്തില്‍ നിന്നുള്ളവര്‍ എസ്‌ഐപിയുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നു എന്നതും ശ്രദ്ധേയമാണ്.

English Summary: Paytm Money Facilitate Investors to Buy Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com