വീണ്ടും റെക്കോർഡ് തിരുത്തി ഓഹരി വിപണി

Mail This Article
രാജ്യാന്തര വിപണി പിന്തുണയ്ക്കൊപ്പം സൂചിക റീബാലൻസിങ്ങിന്റെ കൂടി പിൻബലത്തിൽ ഇന്ത്യൻ വിപണി ഇന്ന് വീണ്ടും റെക്കോർഡ് തിരുത്തി. നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റിയും, സെൻസെക്‌സും ഇന്ന് പുതിയ ഉയരങ്ങൾ കുറിച്ചു. നിഫ്റ്റി 19000 പോയിന്റ് തൊട്ടപ്പോൾ, സെൻസെക്സ് 64000 കടന്നു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികകളുടെ റീബാലൻസിങ്ങിൽ നേട്ടമുണ്ടാക്കിയ റിലയൻസും, അദാനി എന്റർപ്രൈസും,എച്ഡി എഫ്സി ബാങ്കും മുന്നേറിയതാണ് ഇന്ത്യൻ വിപണിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്. ഫാർമ, എനർജി, ഇൻഫ്രാ, മെറ്റൽ സെക്ടറുകൾ ഇന്ന് 1%ൽ കൂടുതൽ മുന്നേറ്റം നേടി.
ഫെഡ് ചെയർമാൻ വീണ്ടും
ഫെഡ് ചെയർമാൻ ഇന്ന് വീണ്ടും സംസാരിക്കാനിരിക്കുന്നത് ഇന്ന് രാജ്യാന്തര വിപണിയെ വീണ്ടും ജാഗരൂകമാക്കി. ഇന്നലത്തെ അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് തുടരുന്നത്. ചൈനയിലേക്കുള്ള അമേരിക്കൻ ചിപ്പ് കമ്പനികളുടെ നിർമിത ബുദ്ധി കേന്ദ്രീകൃത ചിപ്പുകളുടെ കയറ്റുമതി തടയുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്ന വാർത്ത എൻവിഡിയ അടക്കമുള്ള ചിപ്പ് ഓഹരികൾക്ക് ക്ഷീണമായേക്കാം.
യൂറോപ്യൻ കേന്ദ്രബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലെഗാർദെ സംസാരിക്കാനിരിക്കുന്നത് യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. യൂറോപ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ജിഡിപി
നാളെ വരാനിരിക്കുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റയും വിപണിയുടെ ഗതി നിർണയിക്കും. വെള്ളിയാഴ്ച വരുന്ന പ്രധാന യൂറോപ്യൻ പണപ്പെരുപ്പക്കണക്കുകളും ഈയാഴ്ച ലോക വിപണിക്ക് പ്രധാനമാണ്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വന്നെങ്കിലും കേന്ദ്ര ബാങ്ക് നേതാക്കളുടെ പ്രസ്താവനകളിൽ ഭയന്ന് ക്രൂഡ് ഓയിൽ വീണ്ടും വീണു. ബ്രെന്റ് ക്രൂഡ് ഓയിൽ 72 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില 1916 ഡോളറിൽ തുടരുന്നു. 3.733%ൽ തുടരുന്ന അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണത്തിന് ഭീഷണിയാണ്.
ഐപിഓകൾ
സൈന്റിന്റെ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് സർവിസ് കമ്പനിയുടെ സൈന്റ് ഡിഎൽഎം ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 250 - 265 രൂപയാണ് ഐപിഓ വില നിശ്ചയിച്ചിരിക്കുന്നത്.
നാളെ വിപണി അവധി
നാളെ ഇന്ത്യൻ വിപണി ബക്രീദ് പ്രമാണിച്ച് അവധിയാണ്
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക