ADVERTISEMENT

തുടർച്ചയായ മൂന്നാമത്തെ ദിനവും ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം തുടരുകയാണ്. ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും നേട്ടത്തിൽ തുടർന്നു. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ തുടരുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. 

റിലയൻസിന്റെയും, എച്ച്ഡിഎഫ്സിയുടെയും, ബജാജ് ഫൈനാൻസിന്റെയും എസ്ബിഐയുടെയും മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചത്. ബാങ്കിങ്, മെറ്റൽ, എഫ്എംസിജി, എനർജി സെക്ടറുകൾ മുന്നേറിയപ്പോൾ ഐടി, ഫാർമ, ഓട്ടോ സെക്ടറുകൾ നഷ്ടം കുറിച്ചു. സ്‌മോൾ ക്യാപ് സെക്ടർ ഇന്ന് 1.2% മുന്നേറ്റം നേടി.  

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 19345 പോയിന്റ് വരെ മുന്നേറി വീണ്ടും നിഫ്റ്റി റെക്കോർഡ് തിരുത്തിയ ശേഷം 19322 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ 19280 പോയിന്റിലും 19220 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്ന നിഫ്റ്റി 19360 പോയിന്റിലും 19400 പോയിന്റിലും ആദ്യ റെസിസ്റ്റൻസുകൾ നേരിട്ടേക്കാം. 

ഇന്ന് 45343 പോയിന്റ് വരെ മുന്നേറിയ ശേഷം 411 പോയിന്റ് നേട്ടത്തിൽ  45158 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 44900 പോയിന്റിലും 44600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെയും, എസ്ബിഐയുടെയും ചലനങ്ങൾ ബാങ്ക് നിഫ്റ്റിക്ക് പ്രധാനമാണ്.  

ഇന്ത്യൻ പിഎംഐ ഡാറ്റ 

മികച്ച നിലയിൽ തുടരുന്ന ഇന്ത്യൻ മാനുഫാക്ച്ചറിങ് പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് ജൂണിലും മികച്ച കണക്കുകൾ പുറത്ത് വിട്ടത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മെയ് മാസത്തിൽ 58.7 എന്ന മികച്ച നിലയിൽ നിന്നും ജൂണിൽ 57.8 എന്ന നിലയിലാണ് ഇന്ത്യൻ പിഎം ഐ ഡാറ്റ തുടരുന്നത്. 

മറ്റ് പിഎംഐ ഡേറ്റകൾ 

വളർച്ചയ്ക്കും, വളർച്ച ശോഷണത്തിനുമിടയിലെ നിർണായക ഇടമായ 50 പോയിന്റിനും താഴേക്കിറങ്ങിയ ജാപ്പനീസ് പിഎംഐ ഡാറ്റ വിപണി പ്രതീക്ഷക്കൊപ്പം ജൂണിൽ 49.8 പോയിന്റ് കുറിച്ചു. സ്വകാര്യ വ്യാവസായിക അവലോകന റിപ്പോർട്ടും എതിരായിരുന്നിട്ടും ചൈനീസ് പിഎംഐ ഡേറ്റ 50 പോയിന്റിന് മുകളിൽ നിന്നതും ഇന്ന് ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. 

വലിയ വ്യവസായിക വളർച്ച ശോഷണം നേരിടുന്ന ജർമനിയുടെ ജൂണിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 40 പോയിന്റിലേക്ക് വീണപ്പോൾ ബ്രിട്ടീഷ്, ഫ്രഞ്ച് പിഎംഐ ഡേറ്റകൾ വിപണി പ്രതീക്ഷക്ക് മുകളിൽ വളർന്നത് അനുകൂലമാണ്. ഇന്ന് അമേരിക്കയുടെയും പിഎംഐ ഡേറ്റ പുറത്ത് വരുന്നു. 

അമേരിക്കൻ വിപണി അവധി 

ഇന്നും നാളെയും അടക്കം നാല് ദിവസത്തെ അവധിക്ക് ശേഷം അമേരിക്കൻ വിപണി ബുധനാഴ്ച ഫെഡ് മിനുട്സിന്റെ ചൂടിലേക്ക് തുറക്കുന്നത് നാളെ ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. 3.84 %ൽ നിൽക്കുന്ന അമേരിക്കൻ ബോണ്ട് യീൽഡ് ഫെഡ് മിനുട്സ് പ്രതീക്ഷയിൽ മുന്നേറിയേക്കാവുന്നത് അമേരിക്കൻ ഫ്യൂച്ചറുകളെ നാളെ സ്വാധീനിച്ചേക്കാം. വെള്ളിയാഴ്ച വരുന്ന അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ  

സൗദിയും റഷ്യയും ഓഗസ്റ്റിലും ക്രൂഡ് ഓയിൽ കയറ്റുമതിയിൽ കുറവ് വരുത്തുന്നു എന്ന വാർത്ത ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. സൗദി ഓഗസ്റ്റിൽ ഇനിയും ഒരു ദശലക്ഷം ബാരലിന്റെ കൂടി ഉത്പാദനവും കയറ്റുമതിയും കുറയ്ക്കുമ്പോൾ റഷ്യ 50000 ബാരൽ ക്രൂഡ് ഓയിലാണ് കുറവ് വരുത്തുക. 

ക്രൂഡ് ഓയിൽ വില വർധന അമേരിക്കയുടെ ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നത് ഓഹരി വിപണിക്ക് ആശങ്കയാണ്.

ഐപിഓ 

നിർമാണ കമ്പനിയായ പികെഎച് വെഞ്ച്വഴ്സിന്റെ ഐപിഓ നാളെ അവസാനിക്കും. 5രൂപ മുഖ വിലയുള്ള ഓഹരി 140-148 രൂപ നിരക്കിൽ വിറ്റഴിച്ച് 379 കോടി രൂപയാണ് കമ്പനി ഐപിഓയിലൂടെ സമാഹരിക്കുക. 

കൊൽക്കത്ത ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ സെൻകോ ഗോൾഡിന്റെ ഐപിഓ നാളെ ആരംഭിക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 301-317 രൂപ വരെയാണ് ഐപിഒ വില

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com