ADVERTISEMENT

റോഡരികിൽ കുറച്ചു സ്ഥലം വാങ്ങിയിടുക, കടമുറി പണിത് വാടകയ്ക്ക് കൊടുക്കുക. ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ മലയാളിക്ക് എന്നും പ്രത്യേക മികവുണ്ട്. ഭൂമി മറിച്ചുവിൽക്കുമ്പോൾ കിട്ടുന്ന ഉയർന്ന തുക, കെട്ടിട വാടകയിലൂടെ സ്ഥിര വരുമാനം എന്നിങ്ങനെ സുരക്ഷിതമായി മികച്ച വരുമാനം നേടുന്ന സാധാരണക്കാർ ഒട്ടേറെയുണ്ട്.  എന്നാൽ, ഭൂമി വിലയും നിർമാണ ചെലവുകളും ഉയർന്നതോടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഇടത്തരക്കാരന്റെ പോക്കറ്റിൽ ഒതുങ്ങാത്തതായിരിക്കുന്നു.

അവിടെയാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെ (REITs / റീറ്റ്സ്) പ്രാധാന്യം. 10,000 അല്ലെങ്കിൽ 25,000  രൂപ റിയൽ എസ്റേറ്റിൽ നിക്ഷേപിച്ച് 6–10 % ലാഭവിഹിതവും ഒപ്പം ദീർഘകാലാടിസ്ഥാനത്തിൽ മൂലധനനേട്ടവും നേടാനുള്ള അവസരമാണ് റീറ്റ്സ് നിക്ഷേപകർക്കു നൽകുന്നത്. മ്യൂച്വൽ ഫണ്ടുകളുടേതിനു സമാനമാണ് ഇവയുടെ പ്രവർത്തനം എന്നു  പറയാം. അതായത്, നിക്ഷേപകരിൽനിന്നു പണം സമാഹരിച്ച് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപിക്കുന്നവയാണ് ഈ റീറ്റ്സുകൾ  ചെയ്യുന്നത്. നിങ്ങൾക്കും ഈ ട്രസ്റ്റുകളുടെ യൂണിറ്റുകളിൽ/ ഓഹരികളിൽ നിക്ഷേപിക്കാം. ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് എന്ന് റീറ്റ്സിനെ വിശേഷിപ്പിക്കാം. 

റീറ്റ്സ് പലവിധം

നിക്ഷേപം നടത്തുന്ന രീതി അനുസരിച്ച് വിവിധതരം റീറ്റ്സുകളുണ്ട്. വ്യാപകമായി കാണുന്നതും ഇന്ത്യയിൽ നിലവിൽ ഉള്ളതും ഇക്വിറ്റി റീറ്റ്സുകളാണ്. വൻകിട കെട്ടിട സമുച്ചയങ്ങൾ നിർമിച്ചും ഏറ്റെടുത്തും വാടകയ്ക്കു നൽകുകയാണ് ഇവയുടെ രീതി. മോർട്ഗേജ് റീറ്റ്സ് അഥവാ എം റീറ്റ്സ് നിർമാണ പ്രവർത്തനങ്ങൾക്കു പണം കടം കൊടുക്കുകയും മോർട്ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നവയാണ്. പലിശയാണ് പ്രധാന വരുമാനം. ഇക്വിറ്റി, മോർട്ഗേജ് രീതികളിൽ ഒരേപോലെ നിക്ഷേപം നടത്തുന്ന ഹൈബ്രിഡ് റീറ്റ്സുകളും ഉണ്ട്.  ഇന്ത്യയിലെ പുതുമുഖം

വിദേശ വിപണികളിൽ കാലങ്ങൾക്കു മുന്നേ എത്തിയതാണെങ്കിലും ഇന്ത്യയിൽ ആദ്യമായി ഒരു റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് വിപണിയിലേക്ക് എത്തുന്നത് 2019 ൽ ആണ്, എംബസി ഓഫിസ് ആർഇഐടി. ഈയിെട ലിസ്റ്റ് ചെയ്ത നെക്സസ് ഉൾപ്പെടെ നിലവിൽ 4 റീറ്റ്സുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. 

എങ്ങനെ നിക്ഷേപിക്കാം?

ഡീമാറ്റ് അക്കൗണ്ട് വഴി ഇവയുടെ യൂണിറ്റുകൾ വാങ്ങാം. ഒരു യൂണിറ്റ് മുതൽ നിക്ഷേപം നടത്താം.  ഓഹരിയിലെന്നപോലെ തന്നെ ലാഭവിഹിതവും (Dividend) യൂണിറ്റ് വിലയിലുണ്ടാവുന്ന വർധനയും ആണ് റീറ്റ്സിന്റെയും നേട്ടം. നിക്ഷേപത്തിൽനിന്ന് ആകെ ലഭിക്കുന്ന വരുമാനത്തിന്റെ (net income) 90 ശതമാനമെങ്കിലും നിക്ഷേപകർക്കു ലാഭവിഹിതമായി റീറ്റ്സുകൾ നൽകണമെന്നാണു സെബി നിയമം. ഓരോ പാദത്തിലും ലാഭവിഹിതം കൃത്യമായി ലഭിക്കും. ലാഭവിഹിതം മാത്രമല്ല, റീറ്റ്സുകൾ നൽകുന്നത്. റീറ്റ്സുകൾ വായ്പ നൽകിയതിൽനിന്നു ലഭിക്കുന്ന പലിശ, മൂലധന തിരിച്ചടവ് ഉൾപ്പെടെയുള്ള മറ്റ് വരുമാനങ്ങളുടെ വിഹിതവും ഉണ്ടാവും. എല്ലാം ചേർന്ന് ഡിസ്ട്രിബ്യൂഷൻ എന്ന പേരിലാണ് ഈ വിഹിതം അറിയപ്പെടുന്നത്.

റീറ്റ്സുകൾ ആകെ നിക്ഷേപത്തിന്റെ 80 ശതമാനവും പൂർത്തിയായ, വരുമാനം തരുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപിക്കണമെന്നു നിബന്ധനയുണ്ട്. വരുമാനത്തിന്റെ 75% എങ്കിലും വാടക/പലിശ ഇനത്തിൽ നേടണമെന്നും സെബി നിഷ്കർഷിക്കുന്നു. മെട്രോ സിറ്റികളിലെ വൻകിട പ്രോജക്ടുകളിലാണു നിക്ഷേപം എന്നതുകൊണ്ട് തന്നെ മൾട്ടിനാഷനൽ കമ്പനികളാവും കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുക. അതുകൊണ്ടു വരുമാനം ഉറപ്പാണ്.

ആദായനികുതി

റീറ്റ്സിലെ ലാഭവിഹിതത്തിനു മുൻകൂർ നികുതി (ടി‍ഡിഎസ്) പിടിക്കില്ല. അതേസമയം വ്യക്തിഗത വരുമാനമായി കണക്കാക്കി സ്ലാബിന് അനുസരിച്ചുളള നികുതി അടയ്ക്കണം. റീറ്റ്സിലെ നിക്ഷേപം മൂന്ന് വർഷത്തിനു താഴെ മാത്രമാണെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടത്തിന് 15% നികുതി നൽകണം. ദീർഘകാല മൂലധനനേട്ട നികുതി 10% ആണ്. 

1. എംബസി ഓഫിസ് പാർക്ക്സ് (Embassy Office Parks REIT)

എംബസി ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ്  2019 ൽ ആണ് ലിസ്റ്റ് ചെയ്തത്. ഓഫിസ്, ഹോസ്പിറ്റാലിറ്റി മേഖലകളിലായി ബെംഗളൂരു, ഡൽഹി, മുംബൈ, പുണെ എന്നിവിടങ്ങളിലായി 4.5 കോടി ചതുരശ്ര അടിയോളം കെട്ടിടങ്ങൾ ഇവർക്കുണ്ട്. 100 മെഗാവാട്ടിന്റെ സോളർ പാർക്കും ട്രസ്റ്റിന്റേതായി പ്രവർത്തിക്കുന്നു. 30,000 കോടി രൂപയ്ക്കു മുകളിലാണു വിപണിമൂല്യം. ഡിവിഡൻഡ് യീൽഡ് 7.13% ആണ്.

ഐപിഒ വില– 300 രൂപ

52 ആഴ്ചയിലെ ഉയർന്ന വില– 384.40 രൂപ

നിലവിലെ വില – 295 രൂപ (04/07-2023)

embassyparkreit

2.  ബ്രൂക്ക് ഫീൽഡ് (Brookfield India REIT)

കൊമേഴ്സൽ കെട്ടിട സമുച്ചയങ്ങളുടെ നിർമാണം– നടത്തിപ്പ് എന്നിവയാണ് ഈ ട്രസ്റ്റ് ചെയ്യുന്നത്. മുംബൈ, ഗുർഗാവോൺ, നോയിഡ, കൊൽക്കത്ത എന്നിവിടങ്ങളിലായി ഏകദേശം 18.6 1.86 കോടി ചതുരശ്ര അടി കെട്ടിടങ്ങളാണ് ഉള്ളത്. 9,000 കോടിക്കു മുകളിലാണു വിപണിമൂല്യം. ഡിവിഡൻഡ് യീൽഡ് 7.33%.

ഐപിഒ വില– 275 രൂപ

52 ആഴ്ചയിലെ ഉയർന്ന വില– 345 രൂപ

നിലവിലെ വില – 266.55 രൂപ (04/07-2023)

brookfieldreit

3. മൈൻഡ് സ്പേസ്  (Mind Space Business Park REIT)

മുംബൈ, ഹൈദരാബാദ്, പുണെ, ചെന്നൈ എന്നിവിടങ്ങളിലായി ഓഫിസ് കെട്ടിടങ്ങളുടെ പോർട് ഫോളിയോ ആണ് ട്രസ്റ്റിനുള്ളത്. 19,000 കോടിക്ക് മുകളിലാണ് വിപണിമൂല്യം. 5.94% ആണ് ഡിവിഡൻഡ് യീൽഡ്. 

ഐപിഒ വില– 275 രൂപ

52 ആഴ്ചയിലെ ഉയർന്ന വില– 455.80 രൂപ

നിലവിലെ വില – 302.29 രൂപ (04/07-2023)

mindspacereit

4. നെക്സസ് (Nexus Select Trust)

മെയ് മാസം ലിസ്റ്റ് ചെയ്ത നെക്സസ് രാജ്യത്തെ ആദ്യ റീടെയിൽ റിയൽ എസ്റ്റേറ്റ് ട്രസ്റ്റാണ്. പ്രാരംഭ ഓഹരി വിൽപനയിലൂടെ 3,200 കോടിയോളം രൂപയാണ് നെക്സസ് സമാഹരിച്ചത്. 95–100 രൂപയായിരുന്നു ഐപിഒയുടെ പ്രൈസ് ബാൻഡ്. രാജ്യത്തെ വിവിധ നഗരങ്ങളിലായി 17 മാളുകൾ (urban consumption centres), 2 ഹോട്ടലുകൾ, 3 ഓഫിസ് അസെറ്റുകളുമാണ് ഉള്ളത്. കൂടുതൽ മാളുകൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് നെക്സസ്. 

ലിസ്റ്റ് ചെയ്ത വില– 102.27 രൂപ (2023,മേയ് 19). നിലവിലെ വില– 108.12 രൂപ (04/07-2023)

ഏഷ്യയിലെ ഏറ്റവും വലിയ റീറ്റ് ഐപിഒയ്ക്ക് ഒരുങ്ങി ബ്ലാക്ക്സ്റ്റോൺ

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ  ബ്ലാക്ക്സ്റ്റോൺ ഇന്ത്യയിലെ ഓഫീസ് സ്പേസ് അടക്കമുള്ള ആസ്തികൾ റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റ്മെൻറ് ട്രസ്റ്റിന് കീഴിൽ ലിസ്റ്റ് ചെയ്യുമെന്ന വാർത്ത  ജൂൺ മാസമാണ് പുറത്തുവന്നത്. 800 മില്യൺ മുതൽ 1 ബില്യൺവരെയാണ് ഐപിഒയിലൂടെ ബ്ലാക്ക്സ്റ്റോൺ ലക്ഷ്യമിടുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. അങ്ങനെയെങ്കിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലയി റീറ്റ് ഐപിഒ ആയിരിക്കും ഇത്. അടുത്ത വർഷം ആദ്യമായിരിക്കും ബ്ലാക്ക് സ്റ്റോൺ ഐപിഒ.   

English Summary:Investment in REITs; Everything You Need to Know.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com