ADVERTISEMENT

രാജ്യാന്തര വിപണി സമ്മർദ്ധങ്ങൾക്കെതിരെ നീങ്ങി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും റെക്കോർഡ് തിരുത്തിയ മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു. ജൂണിലെ അവസാന ദിനങ്ങളിലെ വൻ നിക്ഷേപങ്ങൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ വാങ്ങൽ തുടരുന്ന വിദേശഫണ്ടുകളുടെ പിന്തുണയാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. 

പൊതുമേഖല ബാങ്കുകളുടെ 8% മുന്നേറ്റവും, അനുകൂല വാർത്തകൾക്ക് പിന്നാലെ റിലയൻസ്, ബജാജ് ഇരട്ടകൾ, എച്ച്ഡിഎഫ്സി ഇരട്ടകൾ എന്നിവയുടെ  മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. റിയാലിറ്റി, ഓട്ടോ, ഇൻഫ്രാ, എനർജി, എഫ്എംജിജി, മെറ്റൽ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 1%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. നിഫ്റ്റി സ്‌മോൾ ക്യാപ് 2.6% മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിൽ നേടിയത്.  

റെക്കോർഡ് ഉയരങ്ങൾ 

വെള്ളിയാഴ്ച 19523 എന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷമാണ് നിഫ്റ്റി തിരുത്തലിൽപ്പെട്ടത്. സെൻസെക്സ് 65898 പോയിന്റെന്ന പുതിയ റെക്കോർഡും കുറിച്ചു. ചൊവ്വാഴ്ച കുറിച്ച 45655 പോയിന്റാണ് ബാങ്ക് നിഫ്റ്റിയുടെ പുതിയ റെക്കോർഡ് ഉയരം. 

എച്ച്ഡിഎഫ്സി ലിമിറ്റഡ് കളമൊഴിയുന്നു   

ഇന്ത്യൻ ഫfനാൻഷ്യൽ സെക്ടറിന്റെയും പ്രത്യേകിച്ച് ഭവനവായ്പ മേഖലയുടെയും മുഖച്ഛായ മാറ്റിയ എച്ച്ഡിഎഫ്സി ലിമിറ്റഡും, ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിലെ അതികായനായ ദീപക് പരേഖും ഈ ആഴ്ച കളമൊഴിയുന്നു. എച്ച്ഡിഎഫ്സി ലിമിറ്റഡ് ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രൂപീകൃതമാകുന്ന വിപണി മൂല്യത്തിൽ ലോകത്തെ നാലാമത്തെ ബാങ്കായി മാറുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭാഗമായി മാറും.

hdfc

എച്ച്ഡിഎഫ്സി ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്കിൽ ലയിക്കുന്നതിനാൽ എച്ച്ഡിഎഫ്സി ലിമിറ്റഡിന് പകരമായി നിഫ്റ്റിയിൽ എൽടിഐമൈൻഡ് ട്രീയും,  സെൻസെക്സിൽ ജെഎസ്ഡബ്ലിയു സ്റ്റീലും ഇടംപിടിക്കും. നിഫ്റ്റി ഫfനാൻഷ്യൽ സർവീസസ് സൂചികയിൽ എൽഐസി ഹൗസിങ് ഫിനാൻസ് ഇടപിടിക്കുമ്പോൾ, ബിഎസ്ഇ100 സൂചികയിൽ സൊമാറ്റോയും, ബിഎസ്ഇ500ൽ ജെബിഎം ഓട്ടോയും ഇടംപിടിക്കും. 

പണപ്പെരുപ്പക്കണക്കുകൾ അടുത്ത ആഴ്ച 

ഫെഡ് മിനുട്സും തൊഴിൽ വിവരക്കണക്കുകളും ഫെഡ് റിസർവിന്റെ നിരക്ക് വർദ്ധന സാധ്യതകൾക്ക് കൂടുതൽ ബലം പകർന്നത്  അമേരിക്കൻ വിപണിക്ക് മുന്നേറ്റം നേടാനായില്ല. വെള്ളിയാഴ്ച വന്ന നോൺഫാം പേറോൾ കണക്കുകൾ പ്രകാരം അമേരിക്കൻ തൊഴിൽ ലഭ്യതയിൽ കുറവ് വന്നെങ്കിലും തൊഴിലില്ലായ്മ നിരക്ക് കുറയുകയും, വേതനത്തിൽ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നത് ഫെഡ് റിസർവിന് നിരക്ക് വർദ്ധനക്ക് അനുകൂലമാണ്. ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകളിലാണ് ലോക വിപണിയുടെ ശ്രദ്ധ. 

ഈ മാസം 25-26 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗം. ശേഷം സെപ്റ്റംബറിലും, നവംബർ ഒന്നിനും, ഡിസംബർ 13നുമാണ് ഫെഡിന്റെ തുടർ യോഗങ്ങൾ. അടുത്ത ആഴ്ചകളിൽ വിപണി ഫെഡ് നിരക്ക് വർദ്ധനയുടെ ഭീഷണിക്ക് വീണ്ടും അടിപ്പെട്ടേക്കാം. 

അടുത്ത ആഴ്ച വിപണിയിൽ 

നാളെ ചൈന ആരംഭിക്കുന്ന പണപ്പെരുപ്പക്കണക്ക് പ്രഖ്യാപനം ലോക വിപണിയുടെ ഗതി നിർണയിക്കും. ചൊവ്വാഴ്ച ജർമനിയും, ബുധനാഴ്ച ഇന്ത്യയും അമേരിക്കയും റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ പ്രഖ്യാപിക്കും. 

തിങ്കളാഴ്ച ഫെഡ് വൈസ് ചെയർമാൻ മൈക്കൽ ബാറും, ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കും, മെസ്റ്ററും, മേരി ഡാലിയും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. വ്യാഴാഴ്ചയാണ് അമേരിക്കൻ  പിപിഐ-ജോബ് ഡേറ്റകൾ പുറത്ത് വരുന്നത്. മിഷിഗൺ യൂണിവേഴ്സിറ്റിയുടെ ഇൻഫ്‌ളേഷൻ, കൺസ്യൂമർ സെന്റിമെൻറ് പ്രതീക്ഷകളും വെള്ളിയാഴ്ച പുറത്ത് വരുന്നു. 

വ്യാഴാഴ്ച ബ്രിട്ടീഷ് ജിഡിപി കണക്കുകളും, ബ്രിട്ടീഷ്, യൂറോ സോൺ വ്യാവസായികോല്പാദനക്കണക്കുകളും, ഫ്രഞ്ച് പണപ്പെരുപ്പക്കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

ബുധനാഴ്ച ഇന്ത്യയുടെ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം ഐഐപി ഡേറ്റയും വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും ബാലൻസ് ഓഫ് ട്രേഡും പുറത്ത് വരുന്നു. 

ഓഹരികളും സെക്ടറുകളും 

ഇന്ത്യൻ കോർപ്പറേറ്റ് ലോകം ഈയാഴ്ച ആദ്യപാദ റിസൾട്ടിന്റെ ആവേശത്തിലേക്ക് പ്രവേശിക്കും. 

∙ടിസിഎസ്, എച്ച്സിഎൽ ടെക്ക്, വിപ്രോ എന്നീ ടെക്ക് ഭീമന്മാർ അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ഐടി സെക്ടറിന് പ്രധാനമാണ്. ജൂലൈ 20നാണ് ഇൻഫോസിസ്, എംഫസിസ്, കോഫോർജ്, പേഴ്സിസ്റ്റന്റ്, സെൻസാർ ടെക്ക് മുതലായ ഐടി കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്. 

∙റിലയൻസ് ജിയോ നോക്കിയയിൽ നിന്നും 14000 കോടി രൂപയുടെ 5ജി നെറ്റ് വർക്ക് ഉപകരണങ്ങൾ വാങ്ങാൻ കരാറിലൊപ്പിട്ടത് റിലയൻസിന് അനുകൂലമായി. റിസൾട്ടിന് മുന്നോടിയായി റിലയൻസ് ഇനിയും മുന്നേറിയേക്കാമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനാൽ അടുത്ത തിരുത്തലും റിലയൻസിൽ അവസരമാണ്. 

∙ഇലക്ട്രിക് ബസ് നിർമാതാക്കളായ ഒലേക്ട്രാ ഗ്രീൻ ടെക്ക് വെള്ളിയാഴ്ച 20% മുന്നേറ്റം നടത്തി. മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് സർവിസിൽ നിന്നും 10000 കോടി രൂപയുടെ ഓർഡറാണ് 10000 കോടി രൂപ വിപണി മൂല്യത്തിലെത്തിയ കമ്പനി സ്വന്തമാക്കിയത്. വ്യാഴാഴ്ച 1000 രൂപ കടന്ന ഓഹരി വെള്ളിയാഴ്ച 1240 കടന്നു. ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്. 

∙പതിനഞ്ച് വര്ഷം പൂർത്തിയായ സർക്കാർ, ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളും മറ്റ് വാഹനങ്ങളും ഒഴിവാക്കണമെന്ന നിർദ്ദേശവും, ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി ലഭ്യമാകുന്നതും ഇലക്ട്രിക് ബസ് നിർമാതാക്കൾക്ക് അനുകൂലമാണ്. ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, ഐഷർ, ഒലേക്ട്രാ എന്നീ ഇവി ബസ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

∙ടാറ്റ ടെക്‌നോളജീസ് ഐപിഓ കണക്കിലെടുത്ത് ടാറ്റ മോട്ടോഴ്സ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ടാറ്റ ടെക്‌നോളജീസ് ഓഹരി ഗ്രേ മാർക്കറ്റിൽ 100രൂപ വരെ പ്രീമിയം നേടി എന്ന വാർത്തയും കമ്പനിയുടെ 74% ഓഹരികൾ കൈയാളുന്ന ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. 

∙ജെഎൽആറിന്റെ ചൈനീസ് വില്പനയിൽ കഴിഞ്ഞ പാദത്തിൽ 30% വർധന കുറിച്ചെന്ന വാർത്ത വെള്ളിയാഴ്ച ടാറ്റ മോട്ടോഴ്സിന് മുന്നേറ്റം നൽകി. 

∙ഹീറോ മോട്ടോർസ് ഹാർലി ഡേവിഡ്സണുമായും, ബജാജ് ഓട്ടോ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് ബ്രാൻഡായ ട്രയംഫുമായി വരുന്നത് ഐഷർ മോട്ടോഴ്സിന്റെ എൻഫീൽഡ് വിൽപ്പനയെ ബാധിക്കുമെന്ന ധാരണയിൽ ഓഹരി തിരുത്തലിൽ വീണു. ഇന്ത്യൻ ബൈക്ക് സെക്ടർ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙ടാറ്റ സ്റ്റീലിന്റെ ഉല്പാദന ശേഷി 2030ൽ ഇരട്ടിയാക്കുമെന്ന് ടാറ്റ ചെയർമാൻ പ്രസ്താവിച്ചത് ഓഹരിക്ക് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്. 

∙ഇന്ത്യൻ ഹോട്ടൽസ് കഴിഞ്ഞ പാദത്തിൽ നാല് വിവിധ ബ്രാൻഡുകളിലായി 5പുതിയ ഹോട്ടലുകൾ തുറക്കുകയും, 11 ഹോട്ടലുകളുമായി കരാർ ഒപ്പിടുകയും ചെയ്തതോടെ കമ്പനിക്ക് 270 ഹോട്ടലുകളായി. ഓഹരി ദീര്ഘകാല നിക്ഷേപത്തിന് യോഗ്യമാണ്. 

∙സംവർധന മതേഴ്‌സൺ ഇന്റർനാഷണൽ ബാഗളൂരു ആസ്ഥാനമായ റോള്ളോൻ ഹൈഡ്രോളിക്‌സിനെ ഏറ്റെടുക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ദീർഘകാലനിക്ഷേപകർക്ക് മതേഴ്‌സൺ പരിഗണിക്കാവുന്നതാണ്.

∙സെൻ ടെക്‌നോളജിക്ക് കേന്ദ്ര സർക്കാരിന്റെ 160 കോടി രൂപയുടെ ഓർഡർ ലഭ്യമായത് ഓഹരിക്ക് അനുകൂലമാണ്. 

∙ഐഡിയ ഫോർജ് ഓഹരികൾ വലിയ നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. 672 രൂപക്ക് ഐപിഓ നടന്ന ഓഹരി ആദ്യ ദിനത്തിൽ 92% നേട്ടത്തോടെ 1294 രൂപയ്ക്കാണ് ക്ളോസ് ചെയ്തത്. 

market

ക്രൂഡ് ഓയിൽ 

ഫെഡ് നിരക്ക് വർദ്ധന വിപണി ഉൾക്കൊണ്ട് കഴിഞ്ഞതും, നോൺ ഫാം പേറോൾ കണക്കുകൾ പ്രകാരം അമേരിക്കൻ തൊഴിൽ വിപണി ക്രമപ്പെട്ടതും ക്രൂഡ് ഓയിലിനെ വെള്ളിയാഴ്ച 78 ഡോളർ കടത്തി. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടതും ക്രൂഡിന് അനുകൂലമായി. 

സ്വർണം 

ഫെഡ് നിരക്കുയർത്തൽ ഭീതി വീണ്ടും സജീവമായത് ബോണ്ട് യീൽഡിനെ വീണ്ടും 4% കടത്തിയത് സ്വർണത്തിന് ക്ഷീണമാണെങ്കിലും വെള്ളിയാഴ്ച രാജ്യാന്തര സ്വർണ വില വീണ്ടും തിരിച്ചു കയറി 1930 ഡോളർ കടന്നു. പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും നിർണായകമാണ്. 

ഐപിഓ  

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഓ ജൂലൈ 12ന് ആരംഭിച്ച് 14ന് അവസാനിക്കും. വാരാണസി ആസ്ഥാനമായ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ബാങ്ക് 500 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്.

കാക ഇന്ഡസ്ട്രീസിന്റെ ഐപിഓ നാളെ ആരംഭിച്ച് ജൂലൈ 12ന് അവസാനിക്കുന്നു. 55-58 രൂപ നിരക്കിൽ 2000 ഓഹരികൾക്ക് അപേക്ഷിക്കണം.

അഹ്‌സോളാർ ടെക്‌നോളജീസ്, ഡ്രോൺ ഡെസ്റ്റിനേഷൻ, ആക്സിലറേറ്റബ്സ് മുതലായ എസ്എംഇ കമ്പനികളുടെയും ഐപിഓകളും ജൂലൈ 11ന് അവസാനിക്കുന്നു.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com