ADVERTISEMENT

ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണു. ഏഷ്യൻ വിപണികൾ മിക്സഡ് ക്ലോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും ലാഭത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ അമേരിക്കൻ വിപണിയും ലാഭത്തിലാണ് ക്ളോസ് ചെയ്തത്.  

ടിസിഎസിന്റെ റിസൾട്ടിന് മുന്നോടിയായി ഐടിയിൽ നടന്ന ലാഭമെടുക്കലും ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമായി. ഐടി സെക്ടർ 0.71% വീണപ്പോൾ ബാങ്ക് നിഫ്റ്റിയും നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിക്ക് വിനയായി. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും, ഫാർമ, പൊതുമേഖലാ ബാങ്കുകളും, റിയൽറ്റി സെക്ടറും ഇന്ന് മുന്നേറ്റം കുറിച്ചു.  

ഇന്ത്യൻ പണപ്പെരുപ്പം 

ഇന്ന് വിപണി സമയത്തിന് ശേഷം വരുന്ന ഇന്ത്യൻ പണപ്പെരുപ്പക്കണക്കുകളും ടിസിഎസ്സിന്റെ റിസൾട്ടും നാളെ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. ഇന്ത്യൻ വ്യവസായികോല്പാദനക്കണക്കുകളും ഇന്ന് പുറത്ത് വരും. മെയ് മാസത്തിൽ 4.25% വർധന നേടിയ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം ജൂണിൽ 4.50%ൽ കൂടുതൽ വളർന്നിട്ടുണ്ടാകാമെന്നാണ് വിപണി അനുമാനം. ഇന്ത്യൻ വ്യവസായികോല്പാദനവും മെയ് മാസത്തിൽ കൂടുതൽ വളർച്ച നേടിയിട്ടുണ്ടാകാമെന്ന് കരുതുന്നു. 

നാളത്തെ റിസൾട്ടുകൾ 

നാളെ വിപ്രോ, ഫെഡറൽ ബാങ്ക്, ഏയ്ഞ്ചൽ വൺ, ബിർള മണി, ടാറ്റ മെറ്റാലിക്സ്, സ്റ്റെർലിങ് & വിൽസൺ സോളാർ, അവാൻടെൽ, കമ്പ്യുഏജ് മുതലായ കമ്പനികള്‍ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

അമേരിക്കൻ പണപ്പെരുപ്പം കാത്ത് ലോക വിപണി

ജൂണിലെ അമേരിക്കൻ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്( സിപിഐ) 3.2%ലേക്ക് കുറഞ്ഞിട്ടുണ്ടാകാമെന്നാണ് വിപണി പ്രതീക്ഷ. അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ചയുടെ തോത് 2%ലേക്ക് എത്തിക്കുക എന്ന ലക്‌ഷ്യം അടുത്ത നിരക്കുയർത്തലിലൂടെ നേടാനാകുമെന്നാണ് ഫെഡ് റിസർവിന്റെ അനുമാനം. പണപ്പെരുപ്പകണക്കുകൾക്ക് ശേഷം ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

ബാങ്ക് ഓഫ് ഇംഗ്ലണ്ട് 

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മികച്ച ‘ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട്’ ഇന്ന് യൂറോപ്യൻ വിപണികൾക്ക് മികച്ച തുടക്കം നൽകി. ബ്രിട്ടീഷ് ബാങ്കുകളുടെ പിൻബലത്തിൽ ബ്രിട്ടീഷ് വിപണി ഒരു ശതമാനം മുന്നേറ്റം സ്വന്തമാക്കിയപ്പോൾ മറ്റ് യൂറോപ്യൻ വിപണികളും ഒരു ശതമാനത്തിനടുത്ത് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

നാളെ വരാനിരിക്കുന്ന ജിഡിപി അടക്കമുള്ള ബ്രിട്ടീഷ് സാമ്പത്തിക വിവരക്കണക്കുകളും, ഫ്രഞ്ച് പണപ്പെരുപ്പക്കണക്കുകളും, ബ്രിട്ടീഷ്, യൂറോ സോൺ വ്യവസായികോല്പാദനക്കണക്കുകളും യൂറോപ്യൻ വിപണിയെയും സ്വാധീനിക്കും. 

ക്രൂഡ് ഓയിൽ 

ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിൽ തന്നെ വ്യാപാരം തുടരുകയാണ്. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും, ക്രൂഡ് ഓയിൽ ഇൻവെന്ററിക്കണക്കുകളും ഇന്ന് ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കും. 

സ്വർണം

അമേരിക്കൻ പത്ത് വർഷ ബോണ്ട് യീൽഡ് 4%ൽ താഴെ നിൽക്കുന്നത് ഇന്ന് സ്വർണത്തിന് അനുകൂലമാണ്. എന്നാൽ അമേരിക്കൻ സിപിഐ ഡാറ്റ ഡോളറിന് നൽകുന്ന ചാഞ്ചാട്ടം രാജ്യാന്തര സ്വർണ വിലയിലും പ്രതിഫലിക്കും. 

ഐപിഓ 

ഇന്ന് ആരംഭിച്ച ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഓ ജൂലൈ 14ന് അവസാനിക്കും. വാരാണസി ആസ്ഥാനമായ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ബാങ്ക് 23-25 രൂപ നിരക്കിൽ  500 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com