ഇന്ത്യൻ കമ്പനികളുടെ കരുത്തും വിപണിയുടെ കുതിപ്പും
Mail This Article
രാജ്യാന്തര വിപണിയുടെയും രാജ്യാന്തര നിക്ഷേപകരുടെയും പിന്തുണക്കൊപ്പം മികച്ച റിസൾട്ടുകളും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് തിരുത്തിയ മുന്നേറ്റം നൽകി. നിഫ്റ്റി വെള്ളിയാഴ്ച 19599 എന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ചപ്പോൾ സെൻസെക്സ് 66159.79 പോയിന്റെന്ന പുതിയ ഉയരവും കുറിച്ചു. രാജ്യാന്തര വിപണിയിലെ അനുകൂല ഘടകങ്ങൾക്കൊപ്പം അടുത്ത ആഴ്ചയിലെ പ്രധാന കമ്പനികളുടെ ആദ്യ പാദഫലങ്ങളും ഇന്ത്യൻ വിപണിക്ക് വീണ്ടും പ്രതീക്ഷയാണ്. വെള്ളിയാഴ്ച കുതിച്ചു കയറിയ ഐടി സെക്ടറിനൊപ്പം പ്രധാന ബാങ്കുകളുടെ റിസൾട്ടുകൾ വരാനിരിക്കെ ബാങ്കിങ് സെക്ടറും മുന്നേറ്റം നേടിയേക്കാമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വാരത്തിൽ ഐടി സെക്ടർ അഞ്ച് ശതമാനത്തിനടുത്തും മെറ്റൽ സെക്ടർ 3% മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടർ മാത്രം നഷ്ടം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾക്ക് ഒപ്പം ഫാർമ, എഫ്എംസിജി, റിയൽറ്റി സെക്ടറുകളും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി.
വ്യാവസായികോല്പാദന വളർച്ച
ഇന്ത്യയുടെ മെയ് മാസത്തിലെ വ്യവസായികോല്പാദന വളർച്ച 5.2%ലേക്ക് ഉയർന്നത് ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും അനുകൂലമായി. ഏപ്രിലിൽ ഇത് 4.2%വും, മെയ് മാസ ലക്‌ഷ്യം 4.8%വും ആയിരുന്നു. തുടർ മാസങ്ങളിലും ഇന്ത്യയുടെ ഉല്പാദനവളർച്ചക്കണക്കുകൾ മുന്നേറ്റം കുറിച്ചേക്കാം.
ജൂണിൽ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പസൂചികയായ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ജൂണിൽ 4.81% വളർച്ച കുറിച്ചു. മെയ് മാസത്തിൽ ഇന്ത്യയുടെ വാർഷിക പണപ്പെരുപ്പവളർച്ച 4.31% ആയിരുന്നു. ജൂണിലെ ഭക്ഷ്യ വിലക്കയറ്റം 1.32% വളർന്നതാണ് പണപ്പെരുപ്പ വളർച്ചക്ക് ആധാരമായത്. മൊത്ത വിലക്കയറ്റം ജൂണിൽ വീണ്ടും 4.12% കുറഞ്ഞു. പണപ്പെരുപ്പ വളർച്ച ആർബിഐയുടെ അടുത്ത യോഗതീരുമാനങ്ങളെയും സ്വാധീനിച്ചേക്കാം.
അമേരിക്കൻ പണപ്പെരുപ്പം കുറയുന്നു
കഴിഞ്ഞ ആഴ്ച വന്ന ജൂൺ മാസത്തിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച വിപണി പ്രതീക്ഷക്കപ്പുറം മൂന്ന് ശതമാനത്തിലേക്ക് കുറഞ്ഞത് ഫെഡ് റിസർവിന്റെ തുടർ നടപടികൾ വിപണി അനുകൂലമാകുമെന്ന പ്രതീക്ഷ സജീവമായത് ലോക വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നൽകി. ജൂലൈ അവസാനത്തെ ആഴ്ചയിലാണ് ഫെഡ് റിസർവിന്റെ അടുത്ത യോഗം. അമേരിക്കൻ ബാങ്കുകളുടെ വളരെ മികച്ച റിസൾട്ടുകളും ലോക വിപണിക്ക് അനുകൂലമാണ്.
മാർച്ചിന് ശേഷം ഡൗ ജോൺസിന്റെ ഏറ്റവും മികച്ച ആഴ്ചയാണ് കടന്ന് പോയത്. എല്ലാ സെഷനുകളിലും മുന്നേറ്റം കുറിച്ചപ്പോൾ നാസ്ഡാകും, എസ്&പിയും ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലാണ് തുടരുന്നത്. യൂറോപ്യൻ ഏഷ്യൻ വിപണികളും കഴിഞ്ഞ ആഴ്ച മുന്നേറ്റം നേടി.
വിപണിയിൽ അടുത്ത ആഴ്ച
മികച്ച ബാങ്കിങ് റിസൾട്ടുകളുടെയും, പണപ്പെരുപ്പം ക്രമപ്പെട്ടതിന്റെയും ആവേശം അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിയിൽ തുടർന്നേക്കാം. ചൊവ്വാഴ്ച ഫെഡ് വൈസ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് ഫെഡ് യോഗതീരുമാനങ്ങളെക്കുറിച്ചുള്ള ധാരണ നൽകിയേക്കും. ചൊവ്വാഴ്ച വരാനിരിക്കുന്ന അമേരിക്കൻ വ്യാവസായിക വളർച്ച കണക്കുകളും റീറ്റെയ്ൽ വില്പന കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം. ഫെഡ് യോഗത്തിന് മുൻപായി വരുന്ന വ്യാഴാഴ്ചത്തെ ജോബ് ഡേറ്റക്കും വിപണിയിൽ സ്വാധീനസാധ്യതയുണ്ട്.
യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പ്രസിഡന്റ് സംസാരിക്കാനിരിക്കുന്നതും തിങ്കളാഴ്ച സ്പാനിഷ് പണപ്പെരുപ്പക്കണക്കുകളും, ബുധനാഴ്ച ബ്രിട്ടീഷ്-യൂറോ സോൺ പണപ്പെരുപ്പക്കണക്കുകളും യൂറോപ്യൻ വിപണിയെയും സ്വാധീനിച്ചേക്കാം.
നാളെ വരുന്ന ചൈനയുടെ ആഭ്യന്തര ഉത്പാദനവും, വ്യവസായികോല്പാദനവും റീറ്റെയ്ൽ വില്പനയുമടക്കമുള്ള സാമ്പത്തിക വിവരകണക്കുകളും വിപണിക്ക് പ്രധാനമാണ്. ബുധനാഴ്ചയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പുതുക്കിയ ലോൺ പ്രൈം റേറ്റ് പുറത്ത് വരുന്നത്. വ്യാഴാഴ്ച ജാപ്പനീസ് പണപ്പെരുപ്പക്കണക്കുകളും ഏഷ്യൻ വിപണികളെ സ്വാധീനിച്ചേക്കാം.
എല്ലാ ദിവസവും എക്സ്പയറി
ബാങ്ക് നിഫ്റ്റി എക്സ്പയറി ദിനം വ്യാഴാഴ്ചയിൽ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റുന്നതോടെ സെപ്റ്റംബർ നാല് മുതൽ ഇന്ത്യൻ വിപണിയിൽ എല്ലാ ദിവസവും ‘’എക്സ്പയറി’’ ദിനങ്ങൾ ആയിരിക്കും. നിഫ്റ്റിയുടെ എക്സ്പയറി വ്യാഴാഴ്ചയും ഫിൻ നിഫ്റ്റിയുടെ ക്ളോസിങ് ചൊവ്വാഴ്ചയും തന്നെ തുടരുമ്പോൾ സെൻസെക്‌സും ബാങ്കെക്‌സും വെള്ളിയാഴ്ചയും ഓഗസ്റ്റ് 21 മുതൽ നിഫ്റ്റി മിഡ് ക്യാപ് സെലക്ട് ഇൻഡക്സ് തിങ്കളാഴ്ചയും ആഴ്ച കോൺട്രാക്ടുകൾ ക്ളോസ് ചെയ്യും.
ഓഹരികളും സെക്ടറുകളും
∙ടിസിഎസ് വിപണി പ്രതീക്ഷയിലും മികച്ച റിസൾട്ട് പുറത്ത് വിട്ടത് ഓഹരിക്ക് വൻ കുതിപ്പാണ് നൽകിയത്. ആദ്യ പാദത്തിൽ 11120 കോടി രൂപയുടെ അറ്റാദായവും 59381 കോടി രൂപയുടെ വരുമാനവും നേടിയ ഇന്ത്യയുടെ ഐടി ഭീമൻ 10.2 ബില്യൺ ഡോളറിന്റെ പുതിയ കോൺട്രാക്ടുകൾ ആദ്യ പാദത്തിൽ കരസ്ഥമാക്കിയതാണ് ഇന്ത്യൻ ഐടി സെക്ടറിന്റെ ആവേശം വർദ്ധിപ്പിച്ചത്. ഏഴു മുതൽ ഒൻപത് ബില്യൺ ഡോളറിന്റെ ഓർഡറുകളാണ് കമ്പനി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
∙ടിസിഎസ്സിനും, വിപ്രോക്കും, എച്ച്സിഎൽ ടെക്കിനും മുൻപാദ റിസൾട്ടുകൾ മറികടക്കാനായില്ലെങ്കിലും മുൻ വർഷത്തിൽ നിന്നും വരുമാന-ലാഭ വളർച്ചകൾ കുറിക്കാൻ കഴിഞ്ഞു.
∙എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഓഹരിയുടമകൾക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒരു രൂപ മുഖവിലയുള്ള 311 കോടി ഓഹരികൾ നൽകി ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ ലയനം കഴിഞ്ഞ ആഴ്ച പൂർത്തിയായി. നാളെയാണ് ‘’പുതിയ’’ എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദ്യ റിസൾട്ട്.
∙ഒലക്ട്രാ ഗ്രീൻ ടെക്കിന് പിന്നാലെ ജെബിഎം ഓട്ടോയും 5000 ഇലെക്ട്രിക് ബസിനുള്ള ഓർഡറുകൾ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്.
∙പുതിയ സ്ക്രാപ്പേജ് പോളിസി പ്രകാരം കൂടുതൽ സർക്കാർ കോർപറേഷൻ ബസുകൾ നിരത്തിൽ നിന്നും പിൻവലിക്കപ്പെടുന്നതും, പകരം ഇവി ബസുകൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതും ഇലക്ട്രിക് ബസ് നിർമാണ കമ്പനികൾക്ക് അനുകൂലമാണ്. ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നിവയും ശ്രദ്ധിക്കുക.
∙മഹിന്ദ്ര & മഹിന്ദ്ര അമേരിക്കയുടെ എൻഎക്സ്പി സെമി കണ്ടക്ടർ കമ്പനിയുമായി പുതിയ കരാറിലേർപ്പെടുന്നത് കമ്പനിക്ക് അനുകൂലമാണ്.
∙മൊബൈൽ ഫോൺ നിർമാതാക്കളായ ഷഓമി ഡിക്‌സൺ ടെക്‌നോളജീസുമായി ചർച്ച തുടരുന്നത് ഓഹരിക്ക് അനുകൂലമാണ്.
∙വീണ്ടും പുതിയ മുങ്ങിക്കപ്പലുകളുടെ ഓർഡറുകൾ ലഭിച്ചത് മാസഗോൺ ഡോക്സിന് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ
∙എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം നാളെ എൽടിഐ മൈൻഡ് ട്രീ, ടാറ്റ എൽഎക്സി, ക്രിസിൽ, സെൻട്രൽ ബാങ്ക്, ടിൻപ്ലേറ്റ്, ചോയ്‌സ് ഇന്റർനാഷണൽ, മോസ്ചിപ്പ് ടെക്‌നോളജീസ് കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
∙ഐസിസിഐ ബാങ്ക് , കൊടക് ബാങ്ക്, ഇൻഡസ് ഇന്ദ് ബാങ്ക്, യൂണിയൻ ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ആർബിഎൽ ബാങ്ക് , യെസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ,സിഎസ്ബി ബാങ്ക് മുതലായ ബാങ്കുകളും അടുത്ത ആഴ്ച ഫലം പ്രഖ്യാപിക്കുന്നു.
∙ഇൻഡസ്ട്രീസ്, ഹിന്ദ് യൂണി ലിവർ, അൾട്രാ ടെക്ക്, എൽടിടിഎസ്, ഹാവെൽസ്, പോളി ക്യാബ്, ഐസിഐസിഐ ലൊമ്പാർഡ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്, ടാറ്റ കോഫി, ടാറ്റ കമ്മ്യൂണികേഷൻസ്, നെൽകോ, അശോക് ലെയ്‌ലാൻഡ്, ഡിഎൽഫ്, മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
തിങ്കളാഴ്ച വരാനിരിക്കുന്ന ചൈനീസ് സാമ്പത്തിക ഡേറ്റകൾക്ക് മുൻപായി ലാഭമെടുക്കലിൽ വെള്ളിയാഴ്ച വീണെങ്കിലും തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ക്രൂഡ് ഓയിൽ നേട്ടമുണ്ടാക്കി. അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞത് ഡോളറിന് നൽകിയ തിരുത്തൽ ബ്രെന്റ് ക്രൂഡ് ഓയിലിനെ 81 ഡോളറിന് മുകളിൽ കൊണ്ട് പോയെങ്കിലും വെള്ളിയാഴ്ച 80 ഡോളറിന് താഴെയാണ് ക്ളോസ് ചെയ്തത്.
സ്വർണം
അമേരിക്കൻ പണപ്പെരുപ്പവളർച്ചയിലെ കുറവ് ഫെഡ് നിരക്ക് വർദ്ധനഭീതിയിലും കുറവിന് കാരണമായത് ബോണ്ട് യീൽഡിണ് നൽകിയ തിരുത്തൽ കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിനും തിരിച്ചു വരവ് നൽകി. 1959 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ഐപിഓ
ഡൽഹി ആസ്ഥാനമായ സൂപ്പർ കമ്പ്യൂട്ടിങ് ഉപകരണ നിർമാതാക്കളായ നെറ്റ് വെബ് ടെക്‌നോളജീസിന്റെ ഐപിഓ നാളെ ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ലഭിക്കുന്ന കമ്പനി നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി 475-500 രൂപ നിരക്കിൽ വില്പന നടത്തി 631 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക