ADVERTISEMENT

"ബുൾ മാർക്കറ്റുകൾ  നിരാശയിൽ ജനിക്കുന്നു, സന്ദേഹത്തിൽ മുന്നേറുന്നു, ശുഭാപ്തി വിശ്വാസത്തിൽ പക്വത പ്രാപിക്കുന്നു, അമിതാവേശത്താൽ അവസാനിക്കുന്നു" എന്നാണ് ഇതിഹാസ ഓഹരി നിക്ഷേപകനായ ജോൺ ടെമ്പിൾടൺ പറഞ്ഞിട്ടുള്ളത്. 2023 മാർച്ചിലെ താഴ്ന്ന നിലയിൽ നിന്ന് 15 ശതമാനത്തിലധികം കുതിപ്പോടെ റെക്കോർഡ് ഉയരത്തിലെത്തിയിരിക്കയാണ് നിഫ്റ്റി. 

ഈ ബുൾ തരംഗത്തിൽ നാം എവിടെയാണ്?

2020 മാർച്ചിൽ നിഫ്റ്റി 7511 പോയിന്റിലേക്കു പതിച്ച കോവിഡ് മഹാമാരിയുടെ കാലത്തെ നിരാശാ ബോധത്തിൽ നിന്ന് ജനിച്ചതാണ് വിപണിയുടെ ഈ ബുൾ ഘട്ടം. തുടർന്നു വന്ന 18 മാസങ്ങളിൽ കണ്ട ഏകപക്ഷീയമായ കുതിപ്പ് 2021 ഒക്ടോബറിൽ നിഫ്റ്റിയെ 18604 പോയിന്റിലെത്തിച്ചു. പിന്നീട് ഒരു വർഷത്തിലേറെ നീണ്ടു നിന്ന ചെറിയ വ്യതിയാനങ്ങൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിനു ശേഷം ഇപ്പോൾ വീണ്ടും വലിയ കുതിപ്പിലാണ്. അമിതാവേശത്തിന്റെ ഘട്ടത്തിലെത്തിയിട്ടില്ല എന്നുമാത്രം.

വിപണി കൊടുമുടിയുടെ മുകളിൽ, നമ്മുടെ ഓഹരികൾ താഴ്ചയിൽ Read more ...

കുതിപ്പ് ആഗോളാടിസ്ഥാനത്തിലുള്ളതാണ്

ഇപ്പോഴത്തെ കുതിപ്പ് അപ്രതീക്ഷിതമല്ലെങ്കിലും അതിന്റെ ശക്തി നിക്ഷേപകരെ അൽപം അമ്പരപ്പിച്ചിരിക്കയാണ്. വിശാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ രണ്ടു ഘടകങ്ങളാണ് ഈ കുതിപ്പിനെ നയിക്കുന്നതെന്നു കാണാം. ഒന്ന് ആഗോളവും മറ്റൊന്ന് അഭ്യന്തരവും. ഓഹരി വിപണിയിലെ ഇപ്പോഴത്തെ കുതിപ്പ് ആഗോള പ്രതിഭാസമാണെന്ന കാര്യം മനസിലാക്കേണ്ടത് പ്രധാനമാണ്. മാതൃ വിപണിയായ യുഎസിൽ S&P 500,  52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലാണ്. യൂറോ സ്റ്റോക്സ് 50 ഉം 52 ആഴ്ചയിലെ കൂടിയ ഉയരത്തിലാണ്. ജർമ്മനി മാന്ദ്യത്തിലേക്കു നീങ്ങിയെങ്കിലും ജർമ്മൻ ഓഹരി സൂചിക  52 ആഴ്ചയിലെ കൂടിയ ഉയരത്തിലാണ്. ഫ്രഞ്ച് സൂചികയും 52 ആഴ്ചയിലെ കൂടിയ ഉയരത്തിലാണ്. ജാപ്പാനീസ് നിക്കി ഈ വർഷം ഇതു വരെ 24 ശതമാനം നേട്ടം നൽകി കുതിക്കുകയാണ്. ദക്ഷിണ കൊറിയയിലും തായ് വാനിലും വിപണി 52 ആഴ്ചയിലെ കൂടിയ ഉയരത്തിലാണ്. ഇന്ത്യയിലാണെങ്കിൽ നിഫ്റ്റിയും സെൻസെക്സും റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നു. ഇതൊരു ആഗോള കുതിപ്പാണ്. 

share2-shutter

യം അസ്ഥാനത്തായിരുന്നു

മുകളിലേക്കായാലും താഴേക്കായാലും ഓഹരി വിപണി പലപ്പോഴും അതിരുവിട്ടു പ്രതികരിക്കാറുണ്ട്. പിന്നീട്  യാഥാർത്ഥ്യം വെളിപ്പെടുമ്പോൾ തിരുത്തലിനു വിധേയമാവുകയും ചെയ്യും. കഴിഞ്ഞ വർഷം ആഗോള തലത്തിൽ വികസിത രാജ്യ വിപണികളിൽ വൻതോതിൽ തിരുത്തലുകളുണ്ടായി.  യുഎസിൽ നാസ്ഡാക് 30 ശതമാനത്തിലേറെ തിരുത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ കർശന പണ നയത്തോട് വിപണികൾ പ്രതികരിക്കുകയായിരുന്നു. യുഎസ് സമ്പദ് വ്യവസ്ഥ 2023 പകുതിയോടെ ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കും വിധം മാന്ദ്യത്തിലേക്കു വീഴുമെന്നായിരുന്നു ആശങ്ക. ഭൂരിപക്ഷം വരുന്ന സാമ്പത്തിക വിദഗ്ധരും വിപണി വിദഗ്ധരും അമേരിക്കയിൽ മാന്ദ്യം അനിവാര്യമാണെന്ന അഭിപ്രായക്കാരായിരുന്നു. യുഎസ് സമ്പദ് വ്യവസ്ഥ നന്നേ ക്ളേശിക്കുമെന്ന് പലരും കരുതി. ഈ ഭയമാണ് 2022ലെ വിപണികളിലെ തിരുത്തലിനു കാരണമായത്.   

എന്നാൽ, ഇപ്പോൾ എന്താണ് സാമ്പത്തിക സാഹചര്യം ? അമേരിക്കയിൽ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ എവിടെയും കാണാനില്ല. രണ്ടു ശതമാനം എന്ന 2023 ഒന്നാം പാദ ജിഡിപി വളർച്ച പ്രതീക്ഷച്ചതിനേക്കാൾ 50 ശതമാനം മുകളിലാണ്. ഫെഡിന്റെ കർശന പണ നയം വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഫലം കാണുകയാണ്. യുഎസ് ഉപഭോക്തൃ വില സൂചിക കഴിഞ്ഞ വർഷത്തെ ഉയർന്ന 9.2 ശതമാനത്തിൽ നിന്ന് 2023 ജൂണിൽ 3 ശതമാനമായി കുറഞ്ഞിരിക്കുന്നു. തൊഴിൽ വിപണി ഭദ്രമാണ്. തൊഴിലില്ലായ്മ 50 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനത്തിലാണ്. മാന്ദ്യം നേരിടുന്നതിനേക്കാൾ അതൊഴിവാക്കാനാണ് ഏറെ സാധ്യതയെന്ന ഫെഡ് മേധാവി ജെറോം പവെലിന്റെ പരാമർശം അന്വർത്ഥമാക്കിയിരിക്കയാണ് ഇപ്പോഴത്തെ കുതിപ്പ്. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഭദ്രമായ നിലയിൽ

ഇന്ത്യയുടെ ശക്തവും വളരുന്നതുമായ സാമ്പത്തിക സ്ഥിതിയും അക്കാരണത്താൽ ഒഴുകിയെത്തുന്ന വിദേശ പോർട്ഫോളിയോ നിക്ഷേപങ്ങളുമാണ് കുതിപ്പിനുകാരണമായ ആഭ്യന്തര ഘടകങ്ങൾ. ആകർഷകമായ ജിഡിപി വളർച്ച, കുറയുന്ന കറണ്ട് അക്കൗണ്ട് കമ്മി, രൂപയുടെ ഭദ്രമായ നില, പ്രധാന സൂചകങ്ങളായ ജിഎസ്ടി , നേരിട്ടുള്ള നികുതികൾ എന്നിവയിലെ മുന്നേറ്റം, വായ്പാ വളർച്ച എന്നിവ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ് എന്നു സൂചിപ്പിക്കുന്നു. ഇന്ത്യൻ ഓഹരികൾ വിറ്റ് ചൈനീസ് ഓഹരികളിൽ നിക്ഷേപിക്കാൻ ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിദേശ നിക്ഷേപകർ കാണിച്ച ആവേശം അവസാനിക്കുകയും കഴിഞ്ഞ മൂന്നു മാസമായി ചൈനീസ് ഓഹരികൾ വിറ്റ് ഇന്ത്യൻ ഓഹരികൾ വാങ്ങാൻ അവർ കാണിക്കുന്ന ആവേശവുമാണ് ഇപ്പോഴത്തെ കുതിപ്പിലേക്കു നയിച്ച പ്രധാനമായൊരു ഘടകം.

കോവിഡ് അടച്ചിടൽ അവസാനിപ്പിച്ച് 2023ന്റെ തുടക്കത്തിൽ ചൈന സജീവമായപ്പോൾ ഉണ്ടായ ആവേശം നിലനിന്നില്ല. ചൈനയിലെ സാമ്പത്തിക സൂചകങ്ങൾ വ്യക്തമാക്കുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ച ഗണ്യമായി കുറയും എന്നതാണ്. ചൈനയിൽ നിക്ഷേപ സാധ്യതകൾ മങ്ങുകയാണെന്ന യാഥാർ്ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ചൈന + 1 നയത്തിന്റെ ദീർഘകാല ഗുണഭോക്താവാണ് ഇന്ത്യ. ഈ മാറ്റം വൻ തോതിലുള്ള വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു മാസക്കാലം 34626 കോടി രൂപയ്ക്കൂള്ള ഇന്ത്യൻ ഓഹരികൾ വിറ്റ വിദേശ നിക്ഷേപകർ മെയ് , ജൂൺ മാസങ്ങളിൽ യഥാക്രമം 43838 കോടി, 47148 കോടി രൂപ വീതം ഇന്ത്യൻ ഓഹരികൾ വാങ്ങി. ജൂലൈ മാസത്തിലും ഈ വാങ്ങൽ തുടരുകയാണ്. 

നിക്ഷേപകർ ശ്രദ്ധയോടെ നീങ്ങണം

2024 സാമ്പത്തിക വർഷം കണക്കാക്കുന്ന കമ്പനികളുടെ ലാഭത്തേക്കാൾ 20 മടങ്ങ് മൂല്യത്തിലാണ് 19500 ൽ നിഫ്റ്റി ട്രേഡിങ് നടക്കുന്നത്. ഇന്ത്യയുടെ ശോഭനമായ വളർച്ചാ സാധ്യതകൾ പരിഗണിക്കുമ്പോൾ ദീർഘകാല ശരാശരിയായ 16 പിഇ ഗുണിതത്തേക്കാൾ ഉയർന്ന വാല്യുവേഷൻ വിപണി അർഹിക്കുന്നുണ്ട്. എന്നാൽ സമീപ കാല കാഴ്ചപ്പാടിൽ നോക്കിയാൽ, 20 ന്റെ പിഇ ഗുണിതത്തിൽ വിപണിയിലെ വാല്യുവേഷൻ അൽപം കൂടുതലാണെന്നു പറയേണ്ടി വരും. വിപണി അമിതാവേശ ഘട്ടത്തിൽ അല്ലെങ്കിലും നിക്ഷേപകർ ശ്രദ്ധയോടെ വേണം നീങ്ങാൻ. 

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസറ്റ്്മെന്റ് സ്ട്രാറ്റജിസ്റ്റാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com