ADVERTISEMENT

ഇന്നും രാജ്യന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വീണ് നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ചൈനയൊഴികെ മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നഷ്ടം കുറിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചതും ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തടയിട്ടു. 

പൊതു മേഖല ബാങ്കുകളും, റിയൽറ്റി സെക്ടറും മുന്നേറിയപ്പോൾ നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും ഇന്ന് നഷ്ടമൊഴിവാക്കി. റിലയൻസിന്റെ വീഴ്ചയും, മുൻ നിര ബാങ്കുകൾക്ക് മുന്നേറാനാകാതെ പോയതും ഇന്ത്യൻ വിപണിക്ക് ഇന്ന് നിർണായകമായി. എസ്ബിഐ തിരികെ കയറിയത് നാളെ ഇന്ത്യൻ ബാങ്കിങ് സെക്ടറിനെയും അമേരിക്കൻ വിപണിയുടെ ഇന്നത്തെ ചലനങ്ങൾ ഐടി, ഫാർമ സെക്ടറുകളെയും സ്വാധീനിച്ചേക്കാം.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് വീണ്ടും 19326 പോയിന്റ് വരെ വീണ നിഫ്റ്റി 100 പോയിന്റ് നഷ്ടത്തിൽ 19365 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി വീണ്ടും 19300 പോയിന്റിൽ പിന്തുണയും 19480 പോയിന്റിൽ ആദ്യ റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ഇന്ന് 44071 പോയിന്റ് വരെ മുന്നേറിയ ശേഷം 43745 പോയിന്റ് വരെ വീണ ബാങ്ക് നിഫ്റ്റി 43891 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വീണ്ടും 43700 പോയിന്റിലും 43500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 44100 പോയിന്റിൽ വില്പന സമ്മർദ്ദവും നേരിട്ടേക്കാം. 

ഫെഡ് മിനുട്സ് 

അമേരിക്കൻ ഫെഡ് റിസർവിന്റെ ജൂലൈയിൽ കഴിഞ്ഞ യോഗത്തിലും കൂടുതൽ അംഗങ്ങളും പണപ്പെരുപ്പഭീഷണിയെ കുറിച്ച് ആശങ്കാകുലരാണെന്നും ഇനിയും നിരക്കുയർത്തൽ ആവശ്യമാണെന്നും വാദിച്ചു എന്ന റിപ്പോർട്ട് അമേരിക്കൻ വിപണിക്ക് ഇന്നലെ വീണ്ടും തിരുത്തൽ നൽകി. ആഭ്യന്തര ഉല്പാദനവും, തൊഴിൽ ലഭ്യതകണക്കക്കുകളും അടക്കമുള്ള അമേരിക്കയുടെ സാമ്പത്തിക വിവരക്കണക്കുകൾ മികച്ച നിലയിൽ തുടരുന്നതിനാൽ ഒരു തവണ കൂടി നിരക്കുയർത്തുന്നതും സാമ്പത്തിക മാന്ദ്യ  കാരണമാകില്ലെന്ന ധാരണയാണ് ഫെഡ് അംഗങ്ങളെ നിരക്ക് വർദ്ധനവിന് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഡോളറും ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിന് സമീപത്തേക്ക് ട്രഷറി യീൽഡും സ്വാഭാവിക മുന്നേറ്റം നടത്തിയപ്പോൾ ഇന്നലെ നാസ്ഡാക് 1%ൽ കൂടുതൽ വീഴ്ച നേരിട്ടു. ഡോളറും, ട്രഷറി യീൽഡും ക്രമപ്പെടുന്നതിനെ തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. വാൾമാർട്ടിന്റെ റിസൾട്ടും, ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

ചൈനയ്ക്കും ‘’ഫിച്ച്’’ ഭീഷണി 

തുടർച്ചയായ വീഴ്ചകൾക്കൊടുവിൽ ചൈനീസ് വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ് ചൈനയുടെ എ+ റേറ്റിങ്‌ നിരൂപണവിധേയമാക്കാൻ തയാറെടുക്കുന്നു എന്ന വാർത്തക്കിടയിലാണ് ചൈനീസ് വിപണി ഇന്ന് തിരിച്ചു കയറിയത്. ചൈനയുടെ പെരുകുന്ന കോർപ്പറേറ്റ് കടബാധ്യതകളും, കമ്പനികളെ സർക്കാർ സഹായിക്കുന്ന നടപടികളുമാണ് ചൈനയുടെ വളർച്ച ശോഷണത്തിനൊപ്പം റേറ്റിങ് ഏജൻസി പരിഗണിച്ച ഘടകങ്ങൾ. 

ക്രൂഡ് ഓയിൽ 

ഇന്നലെ അമേരിക്കൻ ഫെഡ് മിനുട്സ് ക്രൂഡ് ഓയിലിനും വീഴ്ച നൽകിയെങ്കിലും അമേരിക്കയുടെ ഓയിൽ ശേഖരത്തിലെ വീഴ്ച ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് വില വീണ്ടും 84 ഡോളറിന് മുകളിലേക്ക് തിരികെ കയറി. 

സ്വർണം 

അമേരിക്കൻ ഫെഡ് മിനുട്സ് ബോണ്ട് യീൽഡിനെ വീണ്ടും 4.30 ശതമാനത്തിനപ്പുറം കടത്തിയത് സ്വർണത്തിനും വീഴ്ച നൽകി. 1919 ഡോളർ വരെ വീണ ശേഷം തിരികെ 1927 ഡോളറിലെത്തിയ രാജ്യാന്തര സ്വർണവില ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇന്നത്തെ ജോബ് ഡേറ്റ ബോണ്ട് യീൽഡിനെ സ്വാധീനിക്കും.

ഐപിഓ 

ബാലാജി സ്പെഷ്യൽറ്റി കെമിക്കൽസ്, പിരമിഡ് ടെക്‌നോ പ്ലാസ്റ്റ് എന്നിവയുടെ ഐപിഓകൾ നാളെ ആരംഭിക്കുന്നു. കോൺകോർഡ് ബയോടെക്ക് ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യപ്പെടുന്നു. 

2010ൽ ബാലാജി അമിൻസിന്റെ ഉപകമ്പനിയായി പ്രവർത്തനം ആരംഭിച്ച ബാലാജി സ്പെഷ്യൽറ്റി കെമിക്കൽസ് പ്രമുഖ ഫാർമ-സ്പെഷ്യൽറ്റി കെമിക്കൽ കമ്പനികൾക്ക് അടിസ്ഥാന മൂലകങ്ങൾ നൽകി വരുന്നു. 

കെമിക്കൽ പാക്കേജിങിനായി ഉപയോഗിക്കുന്ന പോളിമർ ഡ്രംസ് നിർമിക്കുന്ന 1997 ൽ സ്ഥാപിതമായ പിരമിഡ് ടെക്‌നോ പ്ലാസ്റ്റിന്റെ ഐപിഓ നാളെ ആരംഭിച്ച് ഓഗസ്റ്റ് 22ന് അവസാനിക്കുന്നു. ഐപിഓ വില 151-166 രൂപയാണ്.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com