മിന്നിച്ച് പ്രതിരോധ, ബഹിരാകാശ ഓഹരികള്‍, നിക്ഷേപകർ എന്തു ചെയ്യണം?

Mail This Article
ഈയിടെ ലോകശ്രദ്ധയാകര്‍ഷിച്ച ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്‌മര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിനായി മുടക്കിയ ചെലവ് പോലും നമ്മുടെ ചന്ദ്രയാന്‍ ദൗത്യത്തിന് വേണ്ടിവന്നില്ല! ചന്ദ്രയാന്‍ വിജയത്തിന്റെ മാറ്റേറുന്നതിന്റെ ഒരു കാരണം ലോകത്തെ വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തികൊണ്ട് ഏറെ ചെലവ് കുറഞ്ഞ നിലയില്‍ നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതാണ്. ശാസ്‌ത്രഗവേണങ്ങളുടെയും പര്യവേഷണങ്ങളുടെയും `കോസ്റ്റ് മാനേജ്‌മെന്റി'ല്‍ നാം ഏറെ മുന്നിലാണെന്നാണ് ഇത് തെളിയിക്കുന്നത്.

അതേ സമയം ചെലവ് കുറഞ്ഞ ചന്ദ്രയാന്‍ ദൗത്യം നമ്മുടെ പല ബഹിരാകാശ ബന്ധിത ഓഹരികളെയും `ചെലവേറിയത്' ആക്കി മാറ്റി. 615 കോടി രൂപ ചെലവിട്ട് ഇന്ത്യ ഒരുക്കിയ ചന്ദ്രയാന്‍-3 ദൗത്യം വിപണിയില്‍ 31,000 കോടി രൂപയുടെ ഓഹരി വില വര്‍ധനയ്‌ക്കാണ് വഴിയൊരുക്കിയത്. പ്രതിരോധ, ബഹിരാകാശ ഓഹരികളിലാണ് ശക്തമായ കുതിപ്പുണ്ടായത്.
പോയ വാരം ആദ്യ നാല് വ്യാപാരദിനങ്ങളിലായി 30,700 കോടി രൂപയുടെ വര്‍ധനയാണ് 13 പ്രതിരോധ, ബഹിരാകാശ കമ്പനികളുടെ വിപണിമൂല്യത്തിലുണ്ടായത്. ഇവയില്‍ നാല് കമ്പനികളുടെ വിപണിമൂല്യത്തില്‍ മാത്രം 5000 കോടിയില്‍ പരം രൂപയുടെ വീതം വര്‍ധനയുണ്ടായി.
സമീപകാലത്ത് പ്രതിരോധ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റത്തിന്റെ തുടര്‍യാണ് കഴിഞ്ഞയാഴ്‌ചയിലെ ചന്ദ്രയാന്‍ ദൗത്യ വിജയത്തിന് മുമ്പും പിമ്പുമായി വിപണിയില്‍ കണ്ടത്. പ്രതിരോധം, ബഹിരാകാശ പര്യവേഷണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഉയര്‍ന്ന മൂലധന നിക്ഷേപവും അത് വഴി ഈ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളുടെ ബിസിനസിലുണ്ടായ വളര്‍ച്ചയുമാണ് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്.
പ്രതിരോധ മേഖലയിൽ മുന്നിൽ
പ്രതിരോധ മേഖലയ്‌ക്കായി ഗണ്യമായ തുകയാണ് ഇന്ത്യ ചെലവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായ ഇന്ത്യയ്‌ക്ക് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളിയും അതിര്‍ത്തികളിലെ നിരന്തരമായ ഭീഷണിയും മൂലം ഓരോ വര്‍ഷവും പ്രതിരോധത്തിനായുള്ള വകമാറ്റല്‍ വര്‍ധിപ്പിക്കേണ്ടിവരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കരസേനയാണ് ഇന്ത്യയുടേത്. സൈനിക ചെലവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒന്നര-രണ്ട് ശതമാനം സൈനിക ആവശ്യത്തിനായാണ് വിനിയോഗിക്കുന്നത്.
പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം
നമ്മുടെ സൈനിക ഉപകരണങ്ങളുടെ 30 ശതമാനം മാത്രമാണ് രാജ്യത്തിനകത്ത് നിര്‍മിക്കുന്നത്. പ്രതിരോധ മേഖലയ്‌ക്കു വേണ്ട ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കൂടുതലായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ രീതി മാറ്റുകയും പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ഈ മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി നടത്താനുമുള്ള നയം രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മിക്കുന്ന ബിസിനസ് ദ്രുതഗതിയില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രയാന്‍ ദൗത്യം ഓഹരി വിപണിയിലുണ്ടാക്കിയ റാലി നിക്ഷേപകര്‍ ഒരു സന്ദേശമായി എടുക്കേണ്ടതാണ്. ലോക ഭൂപടത്തില്‍ ഇന്ത്യയുടെ ശക്തിയും കഴിവും തെളിയിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയിലെ പല കമ്പനികളുടെയും ബിസിനസിലാണ് ഉയര്‍ന്ന വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുന്നത്. ഈ അവസരങ്ങള്‍ മുന്നില്‍ കണ്ടുള്ള നിക്ഷേപതന്ത്രങ്ങള്‍ ഓഹരി നിക്ഷേപകര്‍ക്ക് ആവിഷ്‌കരിക്കാവുന്നതാണ്.
ലേഖകൻ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.