ADVERTISEMENT

ഇന്ത്യയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3-ന്റെ അവിസ്മരണീയ നേട്ടം. ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ ചന്ദ്രമണ്ണില്‍ ഇന്ത്യയുടെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയെ പുകഴ്ത്തുകയും ചെയ്യുകയാണ്. യുഎന്‍ അടക്കമുള്ള രാജ്യാന്തര ഏജന്‍സികളും റഷ്യയും യുഎസും ഉള്‍പ്പടെയുള്ള വന്‍ശക്തികളുമെല്ലാം ഇന്ത്യയെ വാനോളം പുകഴ്ത്തി. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള വിചിത്ര പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാവുകയും ചെയ്തു.

 

ഇന്ത്യക്കുള്ള ബ്രിട്ടന്‍ സഹായം

 

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബ്രിട്ടന്‍ വിദേശ സഹായ ഇനത്തില്‍ ഇന്ത്യക്ക് നല്‍കിയ 2.3 ബില്യണ്‍ പൗണ്ട് തിരിച്ചുനല്‍കണമെന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പാട്രിക് ക്രിസ്റ്റിസിന്റെ ആവശ്യം എക്സ് (മുന്‍പത്തെ ട്വിറ്റര്‍) ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് റോക്കറ്റ് അയക്കാന്‍ ശേഷിയുള്ള രാജ്യം ബ്രിട്ടന്റെ സാമ്പത്തിക സഹായത്തിന് വരരുതെന്നായിരുന്നു പാട്രിക്കിന്റെ പ്രഖ്യാപനം. എന്നാല്‍ ബ്രിട്ടനില്‍ നിന്നുള്ള സാമ്പത്തിക സഹായം ഇന്ത്യയെ സംബന്ധിച്ച് വളരെ ചെറിയൊരു തുക മാത്രമാണെന്നതാണ് സത്യം. മാത്രമല്ല, മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ബിസിനസ് നിക്ഷേപമെന്ന നിലയിലാണ് ബ്രിട്ടനില്‍ നിന്നുള്ള ഫണ്ട് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതെന്നാണ് ഒരു വാദം.

 

എന്തായാലും ഇതിന് സമാനമായ സംഭവുമായി ബന്ധപ്പെട്ട് ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കുന്നതായിരുന്നു. ബഹിരാകാശ പദ്ധതികള്‍ക്കായി ഇന്ത്യ വലിയ തുക ചെലവഴിക്കുന്നുവെന്ന് പറയുന്ന ഒരു ബിബിസി മാധ്യമപ്രവര്‍ത്തകന്റെ പഴയ വിഡിയോക്കെതിരെയാണ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞുള്ള ബിബിസി അവതാരകന്റെ വിഡിയോക്ക് അത് കൊളോണിയല്‍ ഭരണത്തിന്റെ സംഭാവനയാണെന്ന തിരിച്ചടിച്ചായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. ഇത് വൈറലാകുകയും ചെയ്തു.

 

എവിടെ ആ 45 ട്രില്യണ്‍ ഡോളര്‍?

 

അതേസമയം 200 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടന്‍ ഇവിടെനിന്നും കൊണ്ടുപോയ 45 ട്രില്യണ്‍ ഡോളര്‍ ആദ്യം തിരിച്ചുതരട്ടെയെന്ന് പറഞ്ഞുള്ള പോസ്റ്റുകളാണ് എക്സില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് കൂടി എത്തിയതോടെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധിലാകുകയും ചെയ്തു.

 

എന്താണ് വസ്തുത?

 

ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും ഉത്സ പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരും വില്‍ ദുറന്റിനെപ്പോലുള്ള ചരിത്രകാരന്മാരും ഒരു പോലെ സമര്‍ത്ഥിക്കുന്ന വാദമാണ് 200 വര്‍ഷത്തെ കൊളോണിയല്‍ ഭരണത്തിന്റെ ഫലമായി ബ്രിട്ടന്‍ ഇന്ത്യക്ക് തരാനുള്ള വലിയ കടം. ഏകദേശം 45 ട്രില്യണ്‍ ഡോളര്‍ വരും ഇതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍.  ബ്രിട്ടന്റെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ലോകത്തിന്റെ മൊത്തം വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ സംഭാവന ഏകദേശം 25 ശതമാനത്തോളമെങ്കിലുമുണ്ടായിരുന്നുവെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. 

 

1000 എഡിയില്‍ ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത സംഭാവന 50.5 ശതമാനമുണ്ടായിരുന്നു. 1600 എത്തിയപ്പോഴേക്കും ഇത് 51.4 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയുടെ സംഭാവന 22.4 ശതമാനവും ചൈനയുടേത് 29 ശതമാനവുമായിരുന്നു. അതേസമയം 1700ല്‍ എത്തിയപ്പോള്‍ ലോകവ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ വിഹിതം 24.4 ശതമാനമായി മാറി. 1500നും 1600നും ഇടയ്ക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 22.7 ശതമാനമായിരുന്നു. 1900ത്തിനും 1950നും ഇടയ്ക്കുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാകട്ടെ .8 ശതമാനം മാത്രം. 1952ല്‍ ലോക വരുമാനത്തിലേക്കുള്ള ഇന്ത്യയുടെ സംഭാവന 3.8 ശതമാനമായി കുറഞ്ഞു. ഇതിനെല്ലാം വഴിവെച്ചത് ബ്രിട്ടന്റെ ചൂഷണ ഭരണമായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ ഇത് പൊതുവേദികളില്‍ പറയുന്നുമുണ്ട്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂരിന്റെ 'ആന്‍ ഇറാ ഓഫ് ഡാര്‍ക്‌നെസ്, ദ ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകവും ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഉന്നതമായ തലത്തില്‍ സാംസ്‌കാരിക, സാമൂഹ്യ, വ്യാവസായിക, വാണിജ്യ പുരോഗതി നേടിയിരുന്ന ഒരു സമൂഹം എങ്ങനെ സാമൂഹ്യമായും സാമ്പത്തികമായും 200 വര്‍ഷത്തിനിടെ തകര്‍ന്നുവെന്ന് തരൂര്‍ പുസ്തകത്തില്‍ ആധികാരികമായി പറയുന്നുണ്ട്. 

 

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരുടെ സഹായം തിരിച്ചുചോദിക്കല്‍ പ്രഹസനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അപഹസിക്കപ്പെടുന്നതിന് കാരണവും മേല്‍പ്പറഞ്ഞ സാമ്പത്തിക, സാമൂഹ്യ വസ്തുതകള്‍ തന്നെയാണ്. ഇന്ത്യയുടെ കടം തിരിച്ചുനല്‍കുകയെന്നത് ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും പ്രായോഗികമല്ലാത്ത കാര്യമാണ്.

English Summary: Will Britain return the 45 trillion dollars?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com