ADVERTISEMENT

സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ് ചെയ്ത് വിജയിക്കുന്നവർ പൊതുവേ യാഥാർഥ്യബോധം കൂടിയവരായിരിക്കും. സ്വന്തം കഴിവുകളെക്കുറിച്ചു മാത്രമല്ല പരിമിതികളെ കുറിച്ചും അവർക്കു വ്യക്തമായ തിരിച്ചറിവ്  ഉണ്ടാവും. എന്നാൽ, ട്രേഡിങ്ങിൽ പരാജയപ്പെടുന്നവരെ നിരീക്ഷിച്ചാൽ, മുൻപു കിട്ടിയ വിജയങ്ങളെയും പരാജയങ്ങളെയും ഒക്കെ അടിസ്ഥാനമാക്കിയുള്ള ഭ്രമകൽപനകളാണ് അവർ രൂപപ്പെടുത്തുക എന്നു കാണാം. ചുരുങ്ങിയ സമയംകൊണ്ടു സമ്പന്നനാകാനുള്ള കുറുക്കുവഴിയാവും അവർക്കു ട്രേഡിങ്. ഈ അയഥാർഥമായ സങ്കൽപങ്ങളെ വസ്തുതകളിൽനിന്നു വേർപെടുത്തി ഒഴിവാക്കാൻ ശ്രമിച്ചാൽ ഒരു ട്രേഡർക്ക് വിജയിക്കാനാവും. 

ട്രേഡിങ് സീക്രട്സ്?

വിജയികളായ ട്രേഡർമാരെല്ലാം ഏതെങ്കിലും തരത്തിൽപെട്ട ചില ട്രേഡിങ് രഹസ്യങ്ങൾ അറിയുന്നവരാണ് എന്ന ധാരണ പലർക്കുമുണ്ട്. ട്രേഡിങ്ങിലെ ‘രഹസ്യ സൂത്രങ്ങൾ’ അഥവാ ട്രേഡിങ് സീക്രട്‌സ് അറിയാത്തതുകൊണ്ടാണ് താൻ പരാജയപ്പെടുന്നതെന്നു കരുതുന്നവരും ഏറെയാണ്. അതിനുവേണ്ടി സമയവും പണവും അവർ ചെലവഴിക്കും. പരാജയപ്പെടുന്നവർക്ക് ഒരിക്കലും മനസ്സുകൊണ്ട് അംഗീകരിക്കാനാകില്ല, ട്രേഡിങ് അതീവ ലളിതം ആണെന്നുള്ള കാര്യം. ഇവിടെയൊക്കെയാണ് മനസ്സ് എത്രമാത്രം ഇക്കാര്യങ്ങളിൾ ഇടപെടുന്നുണ്ട് എന്നു മനസ്സിലാക്കേണ്ടത്.

ട്രേഡിങ്ങിൽ വിജയിക്കുന്നവർ അതീവ ബുദ്ധിശാലികളോ അക്കാദമിക മികവോ ഉള്ളവർ ആയിരിക്കണമെന്നില്ല. കഠിനാധ്വാനികളും അവരുടെ തൊഴിൽ മേഖലകളിൽ മികച്ച വിജയങ്ങൾ നേടിയവരും ഉന്നത വിദ്യാഭ്യാസമുള്ളവരുമായ പലരും ഇന്നു ഈ രംഗത്തേക്കു വരുന്നുണ്ട്. ഇവരിൽ മിക്കവരും ട്രേഡിങ്ങിൽ വലിയ വിജയം നേടണമെന്നു നിർബന്ധവുമില്ല. ബുദ്ധി ശേഷിയോ ട്രേഡിങ് രഹസ്യങ്ങൾ അറിയാം എന്നുള്ളതോ വിദ്യാഭ്യാസ നിലവാരമോ അല്ല ട്രേഡിങ്ങിലെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ഒന്നോ രണ്ടോ തവണ ട്രേഡിങ്ങിൽ പൈസ മുടക്കി അക്കൗണ്ട് കാലിയായ ശേഷം (wipe out) താൻ നേരത്തേ ആഗ്രഹിച്ച രീതിയിൽ മാർക്കറ്റ് ‘റിവേഴ്സ്’ ആകുന്നതു കാണുമ്പോൾ അയാൾ മനസ്സിൽ ആഗ്രഹിക്കും, കുറച്ചുകൂടി പിടിച്ചുനിൽക്കാനുള്ള പണം കയ്യിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. വലിയ തുക ഇല്ലാത്തതാണ് പരാജയകാരണമെന്ന്. എന്നാൽ, എത്ര പണം ഉണ്ടായിരുന്നാലും കാര്യമില്ല ‘വൈപ് ഔട്ട്’ ആയ ചെറിയ അക്കൗണ്ടുകൾ പോലെ തന്നെ വലിയ അക്കൗണ്ടുകളിലും സംഭവിക്കും.

പരാജയപ്പെടുന്നവർ ഒരിക്കലും പരാജയം പ്രതീക്ഷിച്ചിരുന്നവരല്ല. അതുകൊണ്ടുതന്നെ ആ സാധ്യത എങ്ങനെ മാനേജ് ചെയ്യണമെന്ന് ആലോചിക്കുകയുമില്ല. ട്രേഡിങ്ങിൽ കൃത്യമായി പുലർത്തേണ്ട മണി മാനേജ്മെന്റ് രീതികളും അച്ചടക്കവും ഇല്ലാത്തതാണ് പരാജയങ്ങളുെട അടിസ്ഥാന കാരണം. നല്ലൊരു ട്രേഡർ തീർച്ചയായും തന്റെ പരാജയങ്ങൾക്കുമേൽ ഒരു നിയന്ത്രണം ഉണ്ടാക്കാൻ ശ്രമിക്കും. ഓരോ ട്രേഡിങ്ങിലും തനിക്കു പരാജയം സംഭവിച്ചാൽ നഷ്ടപ്പെടാവുന്ന പണത്തെ പരിമിതപ്പെടുത്തി റിസ്ക് മാനേജ്മെന്റ് നടത്തുന്നവരാണ് ആത്യന്തികമായി വിജയിക്കുക. ചെറിയ അക്കൗണ്ടുകളിലെ, ഏറ്റവും ചെലവു കുറഞ്ഞ തെറ്റുകളിൽനിന്നു പാഠം പഠിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാർഗം 

മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കം "മണി മൈൻഡ്" പംക്തിയിൽ പ്രസിദ്ധീകരിച്ചത്

English Summary: Secret For Success In Stock Market Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT