ADVERTISEMENT

മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും നേട്ടത്തോടെയാണ് ഇന്ത്യൻ വിപണി വ്യാപാരം ആരംഭിച്ചത്. അവസാന മണിക്കൂറിലെ ലാഭമെടുക്കലിനിടയിലും തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ വിപണിയുടെ ഇന്നലത്തെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ മികച്ച തുടക്കം സ്വന്തമാക്കിയ ഏഷ്യൻ വിപണികളെല്ലാം ഇന്ന് പോസിറ്റീവ് ക്ലോസിങ് നടത്തി.

ജർമനിയുടെ സിപിഐ ഡേറ്റ വരാനിരിക്കെ ഇന്ന് പോസിറ്റീവ് ഓപ്പണിങ് നടത്തിയ യൂറോപ്യൻ വിപണികൾ യൂറോ സോൺ ഡേറ്റകൾ മോശമായതു മൂലം നേരിയ ലാഭമെടുക്കലിൽ തുടരുന്നു. ബാങ്കിങ് സെക്ടറും റിലയൻസും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയൽറ്റി, മെറ്റൽ, ഐടി, ഫാർമ, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ  നേട്ടമുണ്ടാക്കി. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ്  സൂചികകളും ഇന്ന് മുന്നേറി. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

19452 പോയിന്‍റ്  വരെ മുന്നേറി നിന്ന നിഫ്റ്റിക്ക് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലേക്ക് മാറിയതും, യൂറോപ്യൻ വിപണിയിലെ വില്പന സമ്മർദ്ദവും നിർണായകമായി. 19347 പോയിന്‍റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിക്ക് 19280 പോയിന്‍റിലെ പിന്തുണ നിർണായകമാണ്. 19450 പോയിന്റിലും തുടർന്ന് 19530 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.  ഇന്ന് 44779 പോയിന്റ് വരെ മുന്നേറിയ ശേഷം 44232 പോയിന്റിലേക്ക് വീണ ബാങ്ക് നിഫ്റ്റിക്ക്  43800 പോയിന്റിലെ പിന്തുണ പ്രധാനമാണ്. 43800 പോയിന്റിൽ തന്നെയാണ് ബാങ്ക് നിഫ്റ്റിയുടെ പ്രധാന കടമ്പ. 

റിലയൻസിന്റെ വീഴ്ച, അപ്പർ സർക്യൂട്ടിൽ ജിയോ ഫിനാൻഷ്യൽസ് 

തിങ്കളാഴ്ച നടന്ന നാല്പത്തിയാറാമത് വാർഷിക യോഗത്തിൽ നടത്തിയ വലിയ മൂലധന നിക്ഷേപ പ്രഖ്യാപനങ്ങൾ റിലയൻസ് ഓഹരിയിൽ വില്പനസമ്മർദ്ദത്തിന് കാരണമായി. രാജ്യാന്തര ഘടകങ്ങളെല്ലാം അനുകൂലമായപ്പോൾ റിലയൻസിൽ വന്ന വില്പന ഇന്ത്യൻ സൂചികകൾക്ക് വലിയ മുന്നേറ്റങ്ങൾ നിഷേധിച്ചു. അതേ സമയം ജിയോ ഫിനാൻഷ്യൽസ് ഇന്ന് അപ്പർ സർക്യൂട്ടിലായി. 231.25 രൂപയാണ് നിലവിലെ ഓഹരി വില. 

മുന്നേറി ഹോട്ടൽ ഓഹരികൾ 

ജി20 യോഗത്തിനെത്തുന്ന വിവിഐപി ഡെലിഗേറ്റുകൾക്കായി ഡൽഹി ഏരിയയിൽ 3500ലധികം മുറികൾ ബുക്ക് ചെയ്യപ്പെട്ടത് ഇന്ത്യൻ ഹോട്ടലും, ലെമൺ ട്രീയുമടക്കമുള്ള ഓഹരികൾക്ക് ഇന്ന് മുന്നേറ്റം നൽകി. ടൂറിസം സീസണുകൾ തുടങ്ങാനിരിക്കെ ഹോസ്പിറ്റാലിറ്റി സെക്ടർ തുടർന്നുള്ള മാസങ്ങളിലും നിക്ഷേപത്തിന് അനുകൂലമാണ്. 

ഇന്ത്യൻ ഡേറ്റകൾ 

നാളെ വരുന്ന ആദ്യപാദ ആഭ്യന്തര ഉല്പാദനക്കണക്കുകൾ ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ധനക്കമ്മി കണക്കുകളും, ഇൻഫ്രാ വളർച്ച കണക്കുകളും നാളെ പുറത്ത് വരും. വെള്ളിയാഴ്ചയാണ് ഓഗസ്റ്റിലെ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ വരുന്നത്. 

ആശ്വാസമായി ജോബ് ഓപ്പണിങ് 

പുതിയ തൊഴിലവസര നിരക്കുകൾ പ്രതീക്ഷിച്ചതിലും കുറഞ്ഞത്  ഫെഡ് ‘’ഫിയറിൽ’’ അയവ് വരുത്തിയത് ഡോളറിന്‍റെ തിരുത്തലിനും അമേരിക്കൻ വിപണിയിലെ മുന്നേറ്റത്തിനും കാരണമായി. അമേരിക്കൻ ബോണ്ട് യീൽഡ് 4.10%ലേക്ക് വീണപ്പോൾ നാസ്ഡാക് 1.74 ശതമാനവും എസ്&പി ശതമാനവും മുന്നേറ്റം കുറിച്ചു. ഇന്ന് അമേരിക്കൻ ജിഡിപി കണക്കുകൾ വരാനിരിക്കെ ബോണ്ട് യീൽഡ് വീണ്ടും തിരിച്ച് 4.15 ശതമാനത്തിലേക്ക് മുന്നേറിയപ്പോൾ  ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.  

അടുത്ത തിങ്കളാഴ്ച ലേബർ ഡേ അവധിയാഘോഷിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക.  മൂന്ന് ദിവസം നീളുന്ന വാരാന്ത്യത്തിന് മുൻപായി നാളെ ജോബ് ഡേറ്റയും, പിസിഇ ഡേറ്റയും മറ്റന്നാൾ ഓഗസ്റ്റിലെ നോൺ ഫാം പേറോൾ കണക്കുകളും പുറത്തുവരും.  ഇത്  അമേരിക്കൻ വിപണിക്ക് നിർണായകമാണ്. നാളത്തെ യൂറോ സോൺ, ഫ്രഞ്ച്, ഇറ്റാലിയൻ സിപിഐ ഡേറ്റകളും, ജർമൻ റീറ്റെയ്ൽ വില്പന കണക്കുകളൂം, തൊഴിലില്ലായ്മ കണക്കുകളും യൂറോപ്യൻ വിപണിക്കും നിർണായകമാണ്. നാളെയും മറ്റന്നാളുമായി വരുന്ന ജപ്പാന്‍റെയും ചൈനയുടെയും ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്.  കൊറിയൻ, ജാപ്പനീസ് വ്യവസായികോല്പാദന കണക്കുകളും, റീറ്റെയ്ൽ വില്പന കണക്കുകളൂം നാളെയാണ് വരുന്നത്. 

ക്രൂഡ് ഓയിൽ 

ഡോളർ വീഴ്‌ച്ചക്കൊപ്പം, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വലിയ കുറവ് വന്നു എന്ന അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ട്യൂട്ടിന്റെ റിപ്പോർട്ടും ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും പ്രധാനമാണ്. ബ്രെൻറ്റ് ക്രൂഡ് ഓയിൽ 85 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിലെ വീഴ്ച ഇന്നലെ സ്വർണത്തിനും വലിയ മുന്നേറ്റം നൽകി. 1965 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണ വിലക്ക് ഈയാഴ്ച്  വരാനിരിക്കുന്ന അമേരിക്കൻ ചൈനീസ് ഡേറ്റകളും വളരെ പ്രധാനമാണ്.  

ഐപിഒ 

ഇന്ന് ആരംഭിച്ച  ഋഷഭ് ഇൻസ്ട്രമെന്‍റ്സിന്‍റെ  പ്രാരംഭ ഓഹരി വിൽപ്പന സെപ്റ്റംബർ ഒന്നിന് അവസാനിക്കുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഒ വില 418-441 രൂപയാണ്.

English Summary: Stock Market Closing Report

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക. വാട്സാപ് : 8606666722

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com