തുടർച്ചയായി രണ്ടാം ദിവസവും നേട്ടം കൊയ്ത് ഓഹരി വിപണി

Mail This Article
പോസിറ്റീവ് തുടക്കത്തിന് ശേഷം ചാഞ്ചാടി നിന്ന ഇന്ത്യ വിപണി വീണ്ടും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യക്കൊപ്പം മികച്ച സർവീസ് പിഎംഐയുടെ പിൻബലത്തിൽ ജാപ്പനീസ് വിപണിയും, തായ്‌വാനീസ് വിപണിയും നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ചു. നഷ്ടതുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികൾ ഇന്ന് തിരിച്ചു വരവിന് ശ്രമിക്കുകയാണ്. നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ ഫ്യൂച്ചറുകളിലും ഇന്ന് വാങ്ങൽ പ്രകടമാകുന്നത് പ്രതീക്ഷയാണ്.
അദ്ധ്യാപക ദിനത്തിൽ വിദ്യാഭ്യാസ രംഗത്തെ ഈ ഓഹരികളെയറിയാം Read more...
ബാങ്കിങ് ഓഹരികളിൽ അനുഭവപ്പെട്ട വില്പന സമ്മർദ്ദമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് വലിയ മുന്നേറ്റം നിഷേധിച്ചത്. ബാങ്ക് നിഫ്റ്റി ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് മുന്നേറ്റം നേടി. നിഫ്റ്റി ഫാർമ, റിയൽറ്റി, മിഡ് ക്യാപ് സൂചികകൾ ഇന്ന് നേട്ടമുണ്ടാക്കി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
അവസാന മണിക്കൂറിലെ മുന്നേറ്റത്തിലും 19590 പോയിന്റിലെ കടമ്പ മറികടക്കാൻ കഴിയാതിരുന്ന നിഫ്റ്റി ഇന്ന് 19575 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 19525 പോയിന്റിൽ ശക്തമായ പിന്തുണ നേടിയ നിഫ്റ്റി തുടർന്നും 19480 പോയിന്റിലും, 19420 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. നാളെ 19600 പോയിന്റ് പിന്നിട്ടാൽ നിഫ്റ്റിയുടെ ആദ്യ കടമ്പകൾ 19640 പോയിന്റിലും 19690 പോയിന്റിലുമാണ്.
ഇന്ന് ആദ്യ മണിക്കൂറുകളിലെ സമ്മർദ്ദത്തിന് ശേഷം 44400 പോയിന്റിൽ പിന്തുണ നേടിയ ശേഷം ബാങ്ക് നിഫ്റ്റി 44532 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നാളെയും 44400 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 44700 പോയിന്റ് പിന്നിട്ടാൽ 44900 പോയിന്റിലും 45150 മേഖലയിലും റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ സർവീസ് പിഎംഐ
ഓഗസ്റ്റിൽ ഇന്ത്യയുടെ സർവീസ് പിഎംഐ വിപണി അനുമാനത്തിനും താഴെ 60.1 പോയിന്റ് കുറിച്ചു. ജൂലൈ മാസത്തിൽ 62.3 കുറിച്ച സർവീസ് പിഎംഐ ഓഗസ്റ്റിൽ 61 പോയിന്റ് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ സർവീസ് മേഖലയും മികച്ച നിലയിലാണ് തുടരുന്നത്.
ചൈനയുടെ സർവിസ് പിഎംഐ വീഴ്ച
ഓഗസ്റ്റിലെ ചൈനയുടെ സർവീസ് പിഎംഐ ഡേറ്റയിലെ വീഴ്ച അമേരിക്കൻ ഡോളറിനെ മൂന്ന് മാസത്തെ ഉയർന്ന നിരക്കിലെത്തിച്ചത് അമേരിക്കൻ ഫ്യൂച്ചറുകളെയും ഇന്ന് നഷ്ടത്തിലേക്ക് തള്ളിയിട്ടു. മൂന്ന് ദിവസം നീണ്ട അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന അമേരിക്കൻ വിപണിയുടെ ചലനങ്ങൾ ലോക വിപണിയുടെ ഗതി നിർണയിക്കും. ചൈനയുടെ കോആക്സിൻ സർവീസ് പിഎംഐ ഡേറ്റ നിരാശപ്പെടുത്തിയത് ഇന്ന് ഏഷ്യൻ വിപണികൾക്ക് നഷ്ടമുണ്ടാക്കിയപ്പോൾ, യൂറോപ്യൻ വിപണിയുടെ തുടക്കവും മോശമാക്കി. യൂറോപ്യൻ രാജ്യങ്ങളുടെയും സർവീസ് പിഎംഐ ഡേറ്റകളും വിപണി പ്രതീക്ഷക്കൊപ്പമെത്താതിരുന്നതും വീഴ്ചക്ക് കാരണമായി. നാളെയാണ് അമേരിക്കയുടെ സർവീസ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്.
അടുത്ത ആഴ്ചയിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കുന്നതും, തുടർന്നുള്ള ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും നിർണായകമാണ്. ഇന്നും നാളെയുമായി ഇസിബി അംഗങ്ങളും, തുടർന്ന് അമേരിക്കൻ ഫെഡ് റിസേർവ് അംഗങ്ങളും സംസാരിക്കാനിരിക്കുന്നതും വിപണിക്ക് നിർണായകമാണ്. സർവീസ് പിഎംഐ ഡേറ്റ മോശമായ സാഹചര്യത്തിൽ ചൈനയുടെ തുടർ ഉത്തേജനപ്രഖ്യാപനങ്ങളും വിപണി പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ
റഷ്യയുടെയും, സൗദിയുടെയും ഉല്പാദനനിയന്ത്രണ പ്രതീക്ഷയിൽ 2023ലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ക്രൂഡ് ഓയിൽ വില ക്രമപ്പെടുന്നത് ഓഹരി വിപണികൾക്ക് പ്രതീക്ഷയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 88 ഡോളറിന് മുകളിൽ തുടരുമ്പോൾ നാച്ചുറൽ ഗ്യാസ് ഇന്ന് 4% നഷ്ടം കുറിച്ചു.
സ്വർണം
ഫെഡ് അംഗങ്ങളുടെയും, ഇസിബി പ്രെസിഡന്റിന്റെയും പ്രസംഗങ്ങൾക്ക് മുന്നോടിയായി അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് വീണ്ടും 4.22%ലേക്ക് കയറിയത് സ്വർണത്തിനും തിരുത്തൽ നൽകി. വരും ആഴ്ചകളിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കുന്നതും, ഫെഡ് യോഗം നടക്കാനിരിക്കുന്നതും സ്വർണവിലയിലും ചാഞ്ചാട്ടത്തിന് കാരണമായേക്കാം. 1957 ഡോളറിലാണ് രാജ്യാന്തര സ്വർണ വില തുടരുന്നത്.
ഐപിഓ
സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും, സ്റ്റീൽ ഷീറ്റുകളും മറ്റും നിർമിക്കുന്ന രത്നവീർ പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ വില 93-98 രൂപയാണ്.
മുംബൈ ആസ്ഥാനമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശ്രംഖലയായ ജിപിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ഐപിഓ നാളെയാണ് ആരംഭിക്കുന്നത്. താനെ, പുണെ, ഭോപ്പാൽ എന്നിവിടങ്ങളിലായി 1100ലേറെ ബെഡുകളോട് കൂടിയ ആശുപത്രികളുള്ള കമ്പനിയുടെ ഐപിഓ വില 695-835 രൂപയാണ്.
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക