മ്യൂച്വല്‍ ഫണ്ട് സഹി ഹൈ, നിക്ഷേപകർക്ക് ആശയ്ക്ക് വകയുണ്ടോ?

HIGHLIGHTS
  • മ്യൂച്വല്‍ ഫണ്ട് വ്യാപനത്തിന്‍റെ തോത് വേഗതയാർജിക്കുന്നു
mutual-fund
Photo:Shutterstock/one photo
SHARE

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം പുതിയ ഉയരങ്ങളിലേക്ക് പോവുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോള്‍ കാണിക്കുന്നു. കോവിഡ് മഹാമാരി സമയത്ത് മാത്രം ആരംഭിച്ച ട്രസ്റ്റ്, നവി, എന്‍.ജെ, സാംകോ സമീപകാലത്ത് അവതരിപ്പിക്കപ്പെട്ട വൈറ്റ് ഓക്ക് എന്നീ അഞ്ചു ഫണ്ടുകള്‍ മാത്രം കൈയ്യാളുന്നത് 12,400 കോടി രൂപയാണ്. മൊത്തം വ്യവസായം കൈകാര്യം ചെയ്യുന്ന 46 ലക്ഷം കോടി രൂപയുടെ വളരെ ചെറിയ ശതമാനമേ ഇതുള്ളുവെങ്കില്‍ പോലും കുറഞ്ഞ സമയത്തിനുള്ളില്‍ ഇവർക്കിതു നേടാനായത് കാണിക്കുന്നത് മ്യൂച്വല്‍ ഫണ്ട് വ്യാപനത്തിന്‍റെ തോത് വേഗതയാർജിക്കുന്നുവെന്നാണ്. 

ഇനി കളത്തിലേക്ക് ഉടന്‍ വരാനിരിക്കുന്നവരെ നോക്കാം.സിറോദ, ഹീലിയോസ് ക്യാപിറ്റല്‍ എന്നിവരും ഈയിടെ പ്രവർത്തനം തുടങ്ങിയ ബജാജ് ഫിന്‍സെർവുമാണ് അതില്‍ പ്രധാനം. സിറോദ ടെക്നോളജി ഉപയോഗിച്ച് ഓഹരിവിപണിരംഗത്ത് വിപ്ളവകരമായ പ്ളാറ്റ്ഫോം സൃഷ്ടിച്ചതു മ്യൂച്വല്‍ ഫണ്ടിലും ആവർത്തിച്ചാല്‍ ഈ വ്യവസായം കൂടുതല്‍ ജനകീയമാവുമെന്ന് ഉറപ്പ്. ബജാജ് ഫിന്‍സെർവ്വും തങ്ങളുടെ ശക്തിക്കൊത്ത പ്രവർത്തനം പുറത്തെടുത്താല്‍ പിന്നെ പറയേണ്ടതില്ലല്ലോ. സിറോദ പോലെ തന്നെ വിപണിയിലെ ബ്രോക്കിങ് രംഗത്തുള്ള ഗ്രോ ഇന്ത്യാബുള്‍സ് മ്യൂച്വല്‍ഫണ്ട് വാങ്ങാനുള്ള അനുമതി നേടിക്കഴിഞ്ഞു.

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ

ഇനി ഇതിനെല്ലാം പുറമെയാണ് റിലയന്‍സിന്‍റെ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസിന്‍റെ വരവ്. അമേരിക്കയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്‍റ് കമ്പനിയായ ബ്ളാക്ക് റോക്കുമായി ചേർന്ന് അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിക്ഷേപകരംഗത്തെ ഏങ്ങനെയാണ് മാറ്റിമറിക്കുകയെന്ന് കാത്തിരുന്ന് കാണാം. മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ജിയോ ഇനിയും വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ടെക്നോളജിയുടെ കൈപിടിച്ച് നിക്ഷേപകമേഖലയില്‍ ദ്രുതവളർച്ച കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഇവരെല്ലാവരും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തന്ത്രങ്ങളാലോചിക്കുന്ന തിരക്കിലാണിപ്പോള്‍. വിതരണരംഗത്ത് ടെക്നോളജി ഉപയോഗിച്ചുള്ള കുതിച്ചുച്ചാട്ടങ്ങള്‍ പുതിയ കളിക്കാർ അവതരിപ്പിക്കുമ്പോള്‍ പഴയ പടക്കുതിരകള്‍ അതിനെ എങ്ങനെ നേരിടണമെന്ന ആലോചനിയിലാണ്. 

 മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ആവേശം

ദീർഘകാല സമയമെടുത്ത് വിശ്വാസ്യത സൃഷ്ടിക്കേണ്ട മേഖലയാണെങ്കിലും ഇന്ത്യയില്‍ വ്യാപനം കുറവാണെന്നതും അതുവഴിയുണ്ടാവുന്ന അനന്തസാധ്യതകളിലേക്കുമാണ് ഇവരെല്ലാവരും കണ്ണുവയ്ക്കുന്നത്. 2023 മാർച്ചിലെ കണക്കനുസരിച്ച് 14.57 കോടി നിക്ഷേപക അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 13 കോടി 28 ലക്ഷം അക്കണ്ടുകളും സാധാരണ നിക്ഷേപകരുടേതാണ്. ജനസംഖ്യയിലെ വർധന പരിഗണിക്കുമ്പോള്‍ അപാരസാധ്യതയെന്ന് നിഷ്പ്രയാസം പറയാം. 

നിലവില്‍ വിപണിയിലുള്ള 46 ലക്ഷം കോടി രൂപയുടെ 80 ശതമാനവും കൈവശം വച്ചിരിക്കുന്നത് മുന്‍നിരയിലുള്ള പത്തു കമ്പനികളാണ്. ആകെ 44 കമ്പനികളാണ് ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ട് രംഗത്തുള്ളത്. അധികം താമസിയാതെ ഇത് 50 കടക്കുമെന്ന് പ്രതീക്ഷിക്കാം.

20,245 കോടി രൂപയാണ് ഓഗസ്റ്റില്‍ മാത്രം മ്യൂച്വല്‍ ഫണ്ടിലേക്ക് വന്നത്. ഇത് കഴിഞ്ഞ അഞ്ചുമാസത്തെ ഉയർന്ന നിരക്കാണ്. ജൂലൈയില്‍ ഇത് 7626 കോടി മാത്രമായിരുന്നു. മാസം തോറുമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് സ്കീമിലൂടെ മാത്രം ഓഗസ്റ്റില്‍ വന്നത് 15,814 കോടി രൂപയാണ്. ഇത് എക്കാലത്തേയും ഉയർന്ന നേട്ടമാണ്. ഈ മുന്നേറ്റവും ഒപ്പം വലിയ ഇടിവുകളില്ലാതെ സ്ഥിരതയാർജിക്കുന്ന ഓഹരിവിപണിയും പുതിയതായി വരാനിരിക്കുന്ന മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ആവേശം പകരുന്നു.

English Summary : Mutual Fund Companies are Planning to Flourishing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS