T + 2 വിലെ ആദ്യ ലിസ്റ്റിങ് നടത്തി ആർ.ആർ കേബിൾസ്

Mail This Article
പത്ത് ഐ.പി.ഒയും അഞ്ച് ലിസ്റ്റിങ്ങും നടക്കുന്ന ഈയാഴ്ചയില്‍ സുപ്രധാനമായ ഒരു കമ്പനി ഇന്ന് ഓഹരി വിപണിയിലെത്തി. ഐ.പി.ഒ നടത്തി രണ്ടു ദിവസം കഴിഞ്ഞ് (പുതിയ ടി+2 സമ്പ്രദായം) ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ കമ്പനിയെന്ന നേട്ടവും ഗുജറാത്തില്‍ നിന്നെത്തിയ ആർ.ആർ കേബിളിനാണ്. ആർ.ആർ കേബിള്‍ എന്ന് നമുക്ക് എളപ്പത്തിനു വേണ്ടി പറയാമെങ്കിലും ഇംഗ്ളിഷില്‍ എഴുതുമ്പോള്‍ കേബിളിന്‍റെ സ്ഥാനത്ത് Kabel എന്നാണ് എഴുത്ത് വരുന്നത്. ഉച്ചാരണവും ആർ.ആർ കാബ്ള്‍ എന്നാണ്.
1964 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പബ്ളിക് ഇഷ്യു നടത്തിയത്. 19 മടങ്ങ് അപേക്ഷകർ ഐ.പി.ഒക്കുണ്ടായിരുന്നു. ഇഷ്യു വില 1035 രൂപയായിരുന്നു.
ആദ്യദിനം ഗംഭീരം
എന്തായാലും വിപണിയിലെ ആദ്യ ദിനം ആർ.ആർ. കേബിള്‍ ഗംഭീരമാക്കി. ക്ളോസിങ് 163 രൂപ വർധനയോടെ 1198 ലായിരുന്നു. ഏകദേശം 16 ശതമാനം നേട്ടം. ഗ്രേമാർക്കറ്റില്‍ കുറച്ച് ദിവസമായി പത്തു ശതമാനത്തിന്‍റെ പ്രീമിയമുണ്ടായിരുന്നു. വിപണി വീണ ദിവസം ലിസ്റ്റിങിനെത്തിയതൊന്നും ആർ.ആറിനെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമായി. ഓപ്പണിങ് തന്നെ 1180 രൂപയിലായിരുന്നു. ഇന്നത്തെ കുറഞ്ഞ നിലവാരം 1136 രൂപ 80 പൈസയും കൂടിയത് 1212 രൂപ 70 പൈസയുമായിരുന്നു.
രാജ്യത്തെ കേബിള്‍ നിർമാതാക്കളില്‍ അഞ്ചാം സ്ഥാനമാണ് കമ്പനിക്കുള്ളത്. 5000 കോടി രൂപക്കടുത്താണ് വാർഷികവരുമാനം. ശ്രീഗോപാല്‍ കാബ്രയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. 2001ല്‍ ഇന്ത്യയില്‍ ആദ്യമായി വയർ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത കമ്പനിയും മറ്റാരുമല്ല.
മികവിന്റെ തിളക്കം
ബ്രോക്കിങ് സ്ഥാപനമായ പ്രഭുദാസ് ലീലാദർ ഈ ഓഹരിക്ക് 1407 രൂപയുടെ ടാർഗറ്റ് നല്‍കിയിട്ടുണ്ട്. വയർ ആന്‍റ് കേബിള്‍ (70 ശതമാനം വയർ, 30 ശതമാനം കേബിള്‍ എന്നതാണ് ഇവരുടെ റേഷ്യോ) എല്‍.ഇ.ഡി ലൈറ്റുകള്‍, ഫാന്‍, ഇലക്ട്രിക്കല്‍ അപ്ലയന്‍സസ് എന്നിവയിലും കമ്പനിയുണ്ട്. ഉല്‍പ്പന്ന വൈവിധ്യം, കപ്പാസിറ്റി കൂട്ടാനുള്ള നീക്കങ്ങള്‍, വിതരണശൃംഖല ഇനിയും വിശാലമാക്കാനുള്ള ശ്രമങ്ങള്‍, കയറ്റുമതി എന്നിങ്ങനെ എല്ലാ കള്ളികളിലും ടിക്ക് മാർക്ക് വീഴുന്ന പ്രകടനമാണ് ആർ.ആറിന്‍റെതെന്ന് പ്രഭുദാസ് ലീലാദറിന്‍റെ റിസർച്ച് റിപ്പോർട്ട് പറയുന്നു.
രാജ്യാന്തര പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ടി.പി.ജിയുടെ പിന്തുണയുള്ള കമ്പനി കഴിഞ്ഞ സാമ്പത്തികവർഷം 190 കോടിരൂപയുടെ ലാഭമാണ് നേടിയത്. ഇത് മുന്‍വർഷത്തെ അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തിന്‍റെ കുറവാണ്.
ലോജിസ്റ്റിക്സ് നയം വന്നതാണ് നേട്ടമാവുന്നതെന്നാണ് കമ്പനി മാനേജ്മെന്‍റ് പറയുന്നത്. രാജ്യമെമ്പാടും എത്താവുന്ന തരത്തില്‍ അടിസ്ഥാനവികസനം മെച്ചപ്പെട്ടു വരുന്നതിനാല്‍ വെയർഹൌസുകളുള്‍പ്പെടെയുള്ളവ സ്ഥാപിച്ച് പുതിയ മേഖലകളിലേക്ക് കൂടി കടന്നു കയറാനാണ് കമ്പനി പദ്ധതിയിടുന്നത്. മാളുകളും വീടുകളും ഉള്‍പ്പെടെ പല തരത്തിലുള്ള കണ്‍സ്ട്രക്ഷന്‍ ബൂമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ അടുത്ത പതിനഞ്ചു മുതല്‍ 20 വർഷത്തേക്ക് ഡിമാന്‍റ് ഉയർന്ന് തന്നെ പോവുമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മൂന്നു ലക്ഷം അംഗീകൃത ഇലക്ട്രീഷ്യന്മാരും ഒരു ലക്ഷം റീട്ടെയ്ല്‍ കൗണ്ടറുകളുമുള്ളതാണ് കമ്പനിയുടെ കരുത്ത്. കൂടിവരുന്ന പരസ്യച്ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയുമാണ് വെല്ലുവിളിയെങ്കിലും അതിനെ വ്യക്തമായ ആസൂത്രണം വഴി മറികടക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
Englis Summary : First T+ 2 Listing in Indian Share Market