ADVERTISEMENT

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണിക്ക് ഈയാഴ്ചയിലെ രണ്ട് വ്യാപാരദിനങ്ങളിലും അടി തെറ്റി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ രാജ്യാന്തര വിപണിയുടെ സമ്മർദ്ദവും, എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ചയും ഇന്ന്ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. കൊറിയയും, ഇന്തോനേഷ്യയും ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ചു. 

എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം റിലയൻസും വീണത് ഇന്ന് ഇന്ത്യൻ വിപണിയുടെ തകർച്ചക്ക് ആക്കം കൂട്ടി. എച്ച്ഡിഎഫ്സി ബാങ്ക് വീഴ്ചയിൽ ബാങ്കിങ് സെക്ടർ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. ബാങ്കിങ്, മെറ്റൽ, റിയൽറ്റി സെക്ടറുകളും നിഫ്റ്റിക്കൊപ്പം ഒരു ശതമാനത്തിൽ കൂടുതൽ തിരുത്തൽ നേരിട്ടു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 20222 എന്ന പുതിയ റെക്കോർഡ് കുറിച്ച നിഫ്റ്റി ഇന്ന് 19901 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മാത്രം 1.15% നഷ്ടം കുറിച്ച നിഫ്റ്റിക്ക് 19800 പോയിന്റിലെ പിന്തുണ പ്രധാനമാണ്. 20000 പോയിന്റിൽ വീണ്ടും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

എച്ച്ഡിഎഫ്സി ബാങ്കിന്റെ തകർച്ചയിൽ അടി തെറ്റിയ ബാങ്ക് നിഫ്റ്റി ഇന്ന് 45384 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 45200 പോയിന്റിലും 45000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിക്ക് 45800 പോയിന്റിലും, 46150 മേഖലയിലും വീണ്ടും വില്പനസമ്മർദ്ദങ്ങൾ പ്രതീക്ഷിക്കാം.  

4% തകർന്ന് എച്ച്ഡിഎഫ്സി ബാങ്ക് 

തിങ്കളാഴ്ച നടന്ന നിക്ഷേപ സംഗമത്തിൽ നൽകിയ കണക്കുകൾ പ്രകാരം കിട്ടാക്കട അനുപാതത്തിൽ വർദ്ധനവുണ്ടായതും, പലിശ ലാഭത്തിന്റെ തോത് കുറഞ്ഞതും നിക്ഷേപകർ എച്ച്ഡിഎഫ്സി ബാങ്കിന്റെ ലക്ഷ്യ വിലയിൽ കുറവ് വരുത്താൻ ഇടയായത് ഓഹരിക്ക് ഇന്ന് വിപണിയിൽ വലിയ തകർച്ച നൽകി. മാതൃകമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡുമായി നടന്ന ലയനത്തിന് ശേഷം അക്കൗണ്ടിങ് രീതികളിലും മറ്റുമുണ്ടായ മാറ്റം മൂലം കമ്പനിയുടെ ആസ്തിക്കണക്കുകളിലുണ്ടായ മാറ്റവും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന് ഇന്ന് വിനയായി. 

ഫെഡ് തീരുമാനം ഇന്ന് 

ഇന്ന് അമേരിക്കൻ ഫെഡ് റിസർവ് നിരക്ക് വർദ്ധിപ്പിക്കുമോ എന്നും, ഫെഡ് ചെയർമാൻ ഫെഡിന്റെ ഭാവിപരിപാടികളെക്കുറിച്ച് നടത്തുന്ന പ്രസ്താവനകളും ലോക വിപണിയുടെ തന്നെ ഗതി നിർണയിക്കും.

ഫെഡ് നിരക്ക്  വർദ്ധന പ്രതീക്ഷിച്ച് അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെയും അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ബോണ്ട് യീൽഡിൽ ഇന്നുണ്ടായ നേരിയ തിരുത്തലിൽ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് തുടരുന്നത്. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു. വിപണി പ്രതീക്ഷയിലും മികച്ച ബ്രിട്ടീഷ് പണപ്പെരുപ്പക്കണക്കുകളും വിപണിക്ക് അനുകൂലമായി. 

മറ്റ് കേന്ദ്ര ബാങ്ക് തീരുമാനങ്ങൾ 

ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഇന്ന് പ്രൈം ലെൻഡിങ് നിരക്ക് കുറക്കാതെ വിട്ടത് വിപണിക്ക് നിരാശയായി. നാളെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും, വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാനും പുതിയ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ 

കഴിഞ്ഞ മൂന്ന് ആഴ്ചകളിലും മുന്നേറ്റം തുടർന്ന് വന്ന ക്രൂഡ് ഓയിൽ വില ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ വില്പന സമ്മർദ്ദത്തിലാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 93 ഡോളറിന് മുകളിൽ തന്നെയാണ്. ചൈനയുടെ പ്രൈം ലെൻഡിങ് കുറക്കാതെ വിട്ടതാണ് ഇന്ന് ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിച്ചത്. 

സ്വർണം 

അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ കാത്ത് സ്വർണ വിലയും 1950 ഡോളറിൽ തന്നെ തുടരുന്നു. ഇന്നത്തെ ഫെഡ് തീരുമാനങ്ങളും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും സ്വർണത്തിന്റേയും ഗതി നിർണയിക്കും. ഫെഡ് നിരക്ക് വർദ്ധന അവസാനിക്കാനിരിക്കെ സ്വർണത്തിലെയും വെള്ളിയിലെയും ഏതു  തിരുത്തലും അവസരമായേക്കാം. 

ഐപിഓ 

ഡൽഹി ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ സിഗ്നേച്ചർ ഗ്ലോബൽ, ഹൈദരാബാദ് ആസ്ഥാനമായ സായി സിൽക്‌സ് എന്നിവയുടെ ഇന്ന് ആരംഭിച്ച ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. സിഗ്നേച്ചർ ഗ്ലോബലിന്റെ ഐപിഓ വില 366-385 രൂപയും, സായി സിൽക്‌സിന്റെ ഐപിഓ വില 210-222 രൂപയുമാണ്.

ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനോജ് വൈഭവ് ജ്വല്ലേഴ്സിന്റെ ഐപിഓ വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com