ADVERTISEMENT

ഒരാഴ്ച നീണ്ട് നിന്ന് വീഴ്ചക്ക് ശേഷം ഇന്ന് പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ആശ്വാസമുന്നേറ്റം നടത്തിയെങ്കിലും തിരികെയിറങ്ങി ഫ്ലാറ്റ് ക്ളോസിങ് നടത്തി. ജപ്പാനും, തായ്‌വാനും ഇന്ന് മുന്നേറ്റം കുറിച്ചപ്പോൾ എവർഗ്രാൻഡെയുടെ മേൽ ചൈനീസ് അധികാരകേന്ദ്രങ്ങൾ അന്വേഷണം നടത്തുന്നു എന്ന സൂചനയിൽ ചൈനീസ് വിപണി വീണ്ടും വീണു. യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടതുടക്കമാണ് നേടിയത്. 

എച്ച്ഡിഎഫ്സി ബാങ്ക് വീഴാതെ നിന്നത് ബാങ്ക് നിഫ്റ്റിക്ക് മുന്നേറ്റം നൽകിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ നഷ്ടമൊഴിവാക്കിയത്. റിയൽറ്റി സെക്ടർ ഇന്ന് ഒന്നര ശതമാനത്തിൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കിയപ്പോൾ ഷുഗർ, ഇൻഫ്രാ, റെയിൽ, മാനുഫാക്ച്ചറിങ് സെക്ടറുകളിലും വാങ്ങൽ പ്രകടമായിരുന്നു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് മുന്നേറ്റം കുറിച്ചു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

പതിഞ്ഞ തുടക്കത്തിന് ശേഷം 19600 പോയിന്റിൽ പിന്തുണ ഉറപ്പിച്ച ശേഷം മുന്നേറിയ നിഫ്റ്റി 19734 പോയിന്റ് വരെ മുന്നേറിയ ശേഷം താഴേക്കിറങ്ങി 19674 പോയിന്റിലാണ് ഇന്ന് വ്യാപാരമവസാനിപ്പിച്ചത്. തുടർന്നും 19600 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 19740 പോയിന്റ് പിന്നിട്ടാൽ 19800 പോയിന്റിലും, 19880 പോയിന്റിലും വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

ഇന്ന് 44400 പോയിന്റിൽ പിന്തുണ നേടി തിരിച്ചു കയറിയ ബാങ്ക് നിഫ്റ്റി 44936 പോയിന്റ് വരെ മുന്നേറിയ ശേഷം 44766 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 44500 പോയിന്റിലും 44300 പോയിന്റിലും പിന്തുണകൾ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 45000 പോയിന്റിൽ വില്പന സമ്മർദ്ദം തുടർന്നും നേരിട്ടേക്കാം. എച്ച്ഡിഎഫ്സി ബാങ്കിൽ വാങ്ങൽ വന്നാൽ ബാങ്ക് നിഫ്റ്റി അതിധ്രുതം മുന്നേറിയേക്കാം.

ആർബിഐ തീരുമാനം അടുത്ത ആഴ്ചയിൽ 

ആർബിഐയുടെ അടുത്ത നായവലോകനയോഗം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. ഒക്ടോബർ നാല് മുതൽ ആറ് വരെ നടക്കുന്ന നയാവലോകന യോഗത്തിലും റിപ്പോ നിരക്ക് വർധനക്ക് സാധ്യതയില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിപണി. പണപ്പെരുപ്പം വീണ്ടും കുറയുന്നത് ആർബിഐ നിരക്ക് വർദ്ധന നടത്തിയേക്കില്ല എന്ന വിശ്വാസത്തിന് അനുകൂലമാണെങ്കിലും ഡോളറിന്റെ മുന്നേറ്റവും ആർബിഐ കണക്കിലെടുത്തേക്കാം. ഫെബ്രുവരിയിലാണ് ആർബിഐ അവസാനമായി നിരക്ക് ഉയർത്തൽ നടത്തിയത്. ഇന്ത്യയുടെ ധനക്കമ്മി കണക്കുകൾ വെള്ളിയാഴ്ചയാണ് പുറത്ത് വരുന്നത്.

ഉയർന്ന നിരക്ക് ഏറെ കാലത്തേക്ക് 

അമേരിക്കൻ ഫെഡ് റിസർവ് ഉയർന്ന നിരക്ക് മുൻപ് തീരുമാനിച്ചതിലും ഏറെ കാലത്തേക്ക് നിലനിർത്തുമെന്ന് ഉറപ്പിച്ചത് ഡോളറിന് വീണ്ടും മുന്നേറ്റം നൽകുന്നത് വിപണിക്ക് ഭീഷണിയാണ്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് വീണ്ടും 4.50%ലേക്ക് മുന്നേറിയത് ഇന്ന് അമേരിക്കൻ ഫ്യൂച്ചറിന് വീണ്ടും ക്ഷീണമായി. ഈയാഴ്ച ഫെഡ് അംഗങ്ങൾക്കൊപ്പം വെള്ളിയാഴ്ച ഫെഡ് ചെയർമാനും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഇസിബി  പ്രസിഡണ്ട് ക്രിസ്റ്റിൻ ലെഗാർദെയുടെ ഇന്നത്തെ പ്രസ്താവനകൾ യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

അമേരിക്കയുടെ കടമെടുപ്പ് പരിധിയുടെ കടമ്പകൾ കടന്നിട്ട് അധികമാകുന്നതിന് മുൻപ് തന്നെ വീണ്ടും അമേരിക്കൻ സർക്കാർ ഡീഫോൾട്ടിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകൾ ലോക വിപണിക്ക് കൂടുതൽ ക്ഷീണത്തിന് കാരണമായേക്കാമെന്നും വിപണി ഭയക്കുന്നു. ക്രൂഡ് ഓയിൽ വില മുന്നേറ്റം പണപ്പെരുപ്പ തോത് ഉയർത്തി നിർത്തിയേക്കാമെന്നതും വിപണിക്ക് ക്ഷീണമാണ്.  

വീണ്ടും ചൈനീസ് റിയൽ എസ്റ്റേറ്റ് തകർച്ച 

ചൈനയുടെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ അന്വേഷണം നേരിടുന്നത് ഭാവി കടമെടുപ്പിനെ ബാധിക്കുമെന്ന കമ്പനിയുടെ തന്നെ വെളിപ്പെടുത്തൽ ഇന്ന് ഓഹരിയുടെ വൻ തകർച്ചക്ക് വഴിവെച്ചു. ചൈനീസ് റിയൽഎസ്റ്റേറ്റ് ഓഹരികൾ തകർന്ന് തുടങ്ങുന്നത് ചൈനക്ക് പുറമെ, ഹോങ്കോങ്, സിംഗപ്പൂർ വിപണികൾക്കും, മെറ്റൽ സെക്ടറിനും ക്ഷീണമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ ഫെഡ് റിസർവ് നിരക്കുകൾ ഉയർത്തി തന്നെ നിർത്തുമെന്ന ഭീഷണി ക്രൂഡ് ഓയിലിന്റെ മുന്നേറ്റം കഴിഞ്ഞ ആഴ്ചയിൽ തടഞ്ഞെങ്കിലും റഷ്യയും, സൗദിയും ചേർന്ന് നടത്തുന്ന വിതരണ നിയന്ത്രണം ക്രൂഡ് ഓയിൽ വിലയിൽ വലിയ വീഴ്ച വരാതെ കാത്തു. 92 ഡോളറിൽ വ്യാപാരം തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ 150 ഡോളർ വരെ മുന്നേറിയേക്കാമെന്ന ജെപി മോർഗന്റെ പ്രസ്താവനയും ക്രൂഡ് ഓയിലിന് അനുകൂലമാണ്. 

സ്വർണം 

ഡോളർ വീണ്ടും മുന്നേറുന്നത് ഭീഷണിയാണെങ്കിലും സ്വർണവില 1944 ഡോളറിലാണ് തുടരുന്നത്. വിപണിയിലെ അസ്ഥിരതകളും സ്വർണത്തിന് അനുകൂലമാണ്. ബോണ്ട് യീൽഡിലെ ചലനങ്ങൾ ഇന്നും സ്വർണത്തെ സ്വാധീനിച്ചേക്കാം.

ഐപിഓ 

ഇന്ന് ആരംഭിച്ച ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റേയും, അപ്ഡേറ്റർ സർവീസസിന്റെയും ഐപിഒകൾ ബുധനാഴ്ച അവസാനിക്കുന്നു. പോർട്ട് നിർമാതാക്കളായ ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില വില 113-119  നിരക്കിലാണ്. ചെന്നൈ ആസ്ഥാനമായ ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനമായ അപ്ഡേറ്റർ സർവീസസിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ നിരക്ക് 280-300 രൂപയാണ്. 

ഡിജികോർ സ്റ്റുഡിയോസ്, ഇൻഫൈൻ ഫിലിംസ്, ന്യൂജൈസ ടെക്ക്, അറേബ്യൻ പെട്രോളിയം, സാക്ഷി മെഡിടെക്ക് എന്നീ എസ്എംഇ ഐപിഓകളും ഇന്ന് ആരംഭിക്കുന്നു. 

മൂന്ന് മെയിൻ ബോർഡ് ഐപിഓകളും, 13 എസ്എംഇ ഐപിഓകളുമടക്കം 16 പുതിയ ഐപിഓകളാണ് ഈയാഴ്ച വിപണിയിലെത്തുന്നത്.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com