കസിനോ കമ്പനി ഡെല്‍റ്റയ്ക്ക് നികുതി നോട്ടിസ്, ഓഹരി വീണു
Mail This Article
പ്രമുഖ കസിനോ ഓപ്പറേറ്റിങ് കമ്പനിയായ ഡെല്‍റ്റ കോർപ്പറേഷന്‍റെ ഓഹരിക്ക് വന്‍ തിരിച്ചടി. നികുതിയിനത്തില്‍ 17000 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടിസ് അയച്ചതിനെത്തുടർന്നാണിത്. 32 രൂപ 60 പൈസ കുറഞ്ഞ് രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 142 രൂപ 80 പൈസയിലാണ് ഡെല്‍റ്റ ക്ളോസ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ക്ലോസിങ് 175 രൂപ 40 പൈസയായിരുന്നു. കമ്പനിയുടെ ഉയർന്ന നിലവാരം 52 ആഴ്ചക്കുള്ളില്‍ രേഖപ്പെടുത്തിയ 260 രൂപയാണ്.
ഗെയിമിങ് സെക്ടർ പൊതുവെ നികുതിവർധന മൂലം സമ്മർദ്ദമനുഭിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പ്രധാന കമ്പനിയായ ഡെല്‍റ്റ കോർപ്പിന് കൂനിന്മേല്‍ കുരു പോലെ നോട്ടിസും കിട്ടിയത്. 4500 കോടി രൂപയ്ക്കടുത്ത് വിപണിമൂല്യമുണ്ടായിരുന്ന കമ്പനിക്ക് ഇന്നത്തെ തകർച്ചയിൽ ഏകദേശം 700 കോടി രൂപയുടെ മൂല്യമാണ് നഷ്ടമായത്.
കനത്ത അടി
2017 ജൂലെ മുതല്‍ 2022 മാർച്ച് വരെയുള്ള കാലയളവിലെ നികുതിയായ 11,140 കോടി രൂപയും അതിന്‍റെ പലിശയും പിഴത്തുകയുമാണ് അടയ്ക്കേണ്ടത്. ഇത് നേരിട്ട് ഡെല്‍റ്റ കോർപ്പറേഷനാണ് അടയ്ക്കേണ്ടത്. ഇതിനു പുറമെ, ഉപകമ്പനികളായ ഡെല്‍റ്റിന്‍ ഡെന്‍സോങ്, ഹൈസ്ട്രീറ്റ് ക്രൂസ്, ഡെല്‍റ്റ പ്ളഷർ ക്രൂസ് എന്നിവയ്ക്കാണ് 5682 കോടിയുടെ നോട്ടിസ്. വിപണിമൂല്യത്തിനും മൂന്നു മടങ്ങ് മുകളില്‍ നികുതിത്തുക വന്നത് എല്ലാ അർത്ഥത്തിലും ഓഹരിയെ തളർത്തി. കമ്പനിയുടെ കഴിഞ്ഞ ഒരു ദശകത്തിലെ മൊത്തം വരുമാനത്തിനും മുകളിലാണ് ഇപ്പോള്‍ വന്നിരിക്കുന്ന നികുതിത്തുക.
നിയമപരമായി നേരിടുമെന്നും ഒത്തുതീർപ്പിനായി ആർബ്രിട്രേജ് സഹായം തേടുമെന്നും കമ്പനി അറിയിച്ചു.
വിവിധ ഗെയിമുകള്‍
രാജ്യത്ത് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏക കസിനോയാണ് ഡെല്‍റ്റ. ലൈവ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായി കളികളുണ്ട്. ഗോവയില്‍ രണ്ടു വമ്പന്‍ കപ്പലുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കസിനോ സംവിധാനത്തില്‍ രാത്രി മുഴുവന്‍ നീളുന്ന ചീട്ടുകളി ഉള്‍പ്പെടെയുള്ള വിവിധ തരം ഗെയിമുകളാണ് നടക്കുന്നത്. ഹോട്ടല്‍, റിയല്‍റ്റി മേഖലയിലും കമ്പനിക്ക് ബിസിനസുണ്ട്. കടമില്ലെന്ന ഘടകമാണ് ഓഹരിവിപണിയില്‍ ഡെല്‍യ്റ്റക്ക് പ്രിയം കൂട്ടിയത്.
കമ്പനിയെപ്പറ്റി ആദ്യം കേട്ടുതുടങ്ങിയത് പ്രമുഖ നിക്ഷേപകനായ അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാല കമ്പനിയുടെ ഓഹരികള്‍ വാങ്ങിത്തുടങ്ങിയപ്പോഴാണ്. പിന്നീട്, ഡിമോണിറ്റൈസേഷന്‍ സമയത്ത് കമ്പനിയുടെ ഓഹരികള്‍ തകർച്ചയെ നേരിട്ടപ്പോഴും വാർത്തയില്‍ അത് നിറഞ്ഞുനിന്നു.
ഈയിടെ കമ്പനിയുടെ ഓണ്‍ലൈന്‍ ഗെയ്മിങ് യൂണിറ്റ് മുഖ്യകമ്പനിയില്‍ നിന്ന് വിഭജിച്ച് അത് മാത്രമായി ഓഹരിവിപണിയില്‍ ഐ.പി.ഒ വഴി പ്രവേശിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഗെയ്മിങ് മേഖലയിലെ ജി.എസ്.ടി താരിഫ് നിരക്കിലെ 28 ശതമാനത്തിന്‍റെ വർധന കാരണം തല്‍ക്കാലം ഐ.പി.ഒ മാറ്റിവയ്ക്കുകയാണെന്ന് ഡെല്‍റ്റ കോർപ്പ് സി.എഫ്.ഒ ഹാർദ്ദിക് ദെബ്ബാർ പിന്നീട് അറിയിച്ചിരുന്നു. 15 വർഷമായി ഡെല്‍റ്റയില്‍ ജോലി ചെയ്ത ഈ സി.എഫ്.ഒ, ദെബ്ബാർ ഓഗസ്റ്റില്‍ രാജി വയ്ക്കുകയും ചെയ്തു.
English Summary : Casino Company Delta Got Tac Notice