ടി സി എസിന്റെ പിന്തുണയിൽ നഷ്ടം കുറച്ച് ഓഹരിവിപണി

Mail This Article
ഇന്ന് ഫ്ലാറ്റ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. തായ്‌വാൻ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഐടി, ബാങ്കിങ് സെക്ടറുകൾ നഷ്ടത്തിൽ ക്ളോസ് ചെയ്ത ഇന്ന് ഇന്ത്യൻ വിപണിയിൽ മറ്റ് സെക്ടറുകളെല്ലാം നഷ്ടമൊഴിവാക്കി. മെറ്റൽ, ഓട്ടോ, ഡിഫൻസ്, ഷിപ് ബിൽഡിങ്, മിഡ് ക്യാപ് ഐടി, അരി, ലിക്കർ സെക്ടറുകളും ഇന്ന് മുന്നേറ്റം നേടി. കൊച്ചിൻ ഷിപ് യാർഡ് ഇന്ന് 15% വരെ നേട്ടമുണ്ടാക്കി. ടിസിഎസിന്റെ അവസാന നിമിഷത്തെ തിരിച്ചു കയറ്റമാണ് ഇന്ത്യൻ വിപണിയുടെ നഷ്ടം കുറച്ചത്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
തുടർച്ചയായ മൂന്നാം ദിവസവും 19670 പോയിന്റിന് സമീപം തന്നെ ക്ളോസ് ചെയ്ത് നിഫ്റ്റി മികച്ച ബേസിട്ടത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ലോസിങിന് മുന്നോടിയായി ഷോർട് കവറിങ് നടന്നേക്കാവുന്നതും ഇന്ത്യൻ വിപണിയെ സഹായിച്ചേക്കാം. നിഫ്റ്റി 19600 പോയിന്റിലും തുടർന്ന് 19550 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുമ്പോൾ 19700 പോയിന്റ് പിന്നിട്ടാൽ 19750 പോയിന്റിലും 19800 പോയിന്റിലും വില്പനസമ്മർദ്ദവും പ്രതീക്ഷിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് മുന്നേറുകയും, എസ്ബിഐ നഷ്ടമൊഴിവാക്കുകയും ചെയ്‌തെങ്കിലും മറ്റ് ബാങ്കുകളിലെ ലാഭമെടുക്കൽ ബാങ്ക് നിഫ്റ്റിക്ക് ഇന്ന് നഷ്ടം നൽകി. ഇന്ന് 141 പോയിന്റ് നഷ്ടത്തിൽ 44624 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി ക്ളോസ് ചെയ്തത്. 44500 പോയിന്റിലും 44300 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റിയുടെ പ്രധാന കടമ്പ 45000 പോയിന്റിലാണ്.
എഫ്&ഓ ക്ളോസിങ്
വ്യാഴാഴ്ച ഫ്യൂച്ചർ, ഓപ്‌ഷൻ സെഗ്‌മെന്റുകളുടെ എക്സപയറിയും, തുടർന്ന് അടുത്ത തിങ്കളാഴ്ച ഇന്ത്യൻ വിപണി ഗാന്ധി ജയന്തി പ്രമാണിച്ച് അവധി ആണെന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും പുറത്ത് വരുന്നു.
അമേരിക്ക വീണ്ടും കടപ്പെടുമോ?
മാസങ്ങൾക്ക് മുൻപ് പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ കടമെടുപ്പ് പരിധി ഉയർത്തി രക്ഷപ്പെട്ട അമേരിക്കൻ സർക്കാരിന് ഇത്തവണ ബില്ലുകൾ പാസാക്കാൻ കൂടുതൽ പണിപ്പെടേണ്ടി വരുമെന്ന സൂചന വിപണിക്ക് ആശങ്കയാണ്. സെപ്റ്റംബർ 30 വരെ ബില്ലുകളിന്മേൽ ചൂട് പിടിച്ച ചർച്ചയ്ക്കുള്ള സാധ്യത വിപണിയെയും സ്വാധീനിക്കും. ഭരണ-പ്രതിപക്ഷ കടിപിടികളിൽപ്പെട്ട് സർക്കാർ ബില്ലുകൾ പാസാകാതെ വന്നാലത് അമേരിക്കയുടെ റേറ്റിങ്ങിനെ സാരമായി ബാധിക്കുമെന്ന മൂഡീസിന്റെ സൂചന ഇന്ന് ബോൺ യീൽഡിലെ തിരുത്തലുകൾക്ക് ഇടയിലും അമേരിക്കൻ ഫ്യൂച്ചറുകൾ വീഴാനിടയാക്കി. ഇന്നലെ ഡോളറിന്റെയും, അമേരിക്കൻ ബോണ്ട് യീൽഡിന്റെയും മുന്നേറ്റത്തിനിടയിലും ആമസോൺ നേതൃത്വം നൽകിയ ടെക്ക് റാലിയുടെ പിൻബലത്തിൽ അമേരിക്കൻ വിപണി ആശ്വാസമുന്നേറ്റം സ്വന്തമാക്കിയിരുന്നു.
അമേരിക്കൻ ഫെഡ് അംഗങ്ങളിൽ ചിലരും, ഫെഡ് ചെയർമാൻ ജെറോം പാവലും ഈയാഴ്ചയിൽ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഭവന വില്പനകണക്കുകൾ ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം. ചൈനയുടെ വ്യാവസായിക ലാഭക്കണക്കുകൾ നാളെ ഏഷ്യൻ വിപണിയെയും സ്വാധീനിക്കും. വ്യാഴാഴ്ച അമേരിക്കൻ ജിഡിപി കണക്കുകളും വെള്ളിയാഴ്ച അമേരിക്കൻ പിസിഇ ഡേറ്റയും പുറത്ത് വരുന്നു.
ക്രൂഡ് ഓയിൽ
ഡോളറിന്റെ തുടർച്ചയായ മുന്നേറ്റത്തിനൊപ്പം അമേരിക്കയുടെ റേറ്റിങ്ങിനെ കുറിച്ചുള്ള മൂഡീസിന്റെ സൂചനകളും, വീണ്ടും സാമ്പത്തികമാന്ദ്യം ഭയം പിടിമുറുക്കുന്നതും ഇന്ന് ക്രൂഡ് ഓയിലിന് വീണ്ടും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 91 ഡോളറിലേക്കിറങ്ങിയത് ഓഹരി വിപണിക്ക് അനുകൂലമാണ്.
സ്വർണം
ഡോളറും, ബോണ്ട് യീൽഡും മുന്നേറുന്നത് രാജ്യന്തര സ്വർണവിലയേയും 1931 ഡോളറിലേക്കിറക്കി. ഫെഡ് റിസർവിനൊപ്പം ഇസിബിയും മറ്റ് കേന്ദ്രബാങ്കുകളും കൂടുതൽ കാലത്തേക്ക് നിരക്ക് ഉയർത്തി നിർത്തിയേക്കുമെന്ന സൂചന നൽകുന്നത് സാമ്പത്തികമാന്ദ്യഭയം തിരികെ കൊണ്ട് വരുന്നത് സ്വർണത്തിന് അനുകൂലമായേക്കാം.
ഐപിഓ
ഇന്നലെ ആരംഭിച്ച ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റേയും, അപ്ഡേറ്റർ സർവീസസിന്റെയും ഐപിഓകൾ നാളെയാണ് അവസാനിക്കുന്നത്. പോർട്ട് നിർമാതാക്കളായ ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ രണ്ട് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 113-119 രൂപയാണ്. ചെന്നൈ ആസ്ഥാനമായ ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനമായ അപ്ഡേറ്റർ സർവീസസിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ നിരക്ക് 280-300 രൂപയുമാണ്.
വാലിയൻറ് ഓർഗാനിക്സിന്റെ ഉപകമ്പനിയായ വാലിയൻറ് ലബോറട്ടറീസിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. ഔഷധമൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 133-140 രൂപയാണ്.
ഡിജികോർ സ്റ്റുഡിയോസ്, ഇൻഫൈൻ ഫിലിംസ്, ന്യൂജൈസ ടെക്ക്, അറേബ്യൻ പെട്രോളിയം, സാക്ഷി മെഡിടെക്ക് എന്നീ എസ്എംഇ ഐപിഓകളും തുടരുന്നു.
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക