ADVERTISEMENT

കൊല്‍ക്കത്തയില്‍ നിന്നുള്ള ബർമന്‍ കുടുംബം ഈയിടെയായി കളത്തിലിറങ്ങി കളിക്കുകയാണ്. നല്ല സാധ്യതയുള്ള ബിസിനസുകള്‍ ഏതെങ്കിലും കാരണവശാല്‍ പൊളിയുകയോ പിന്നോക്കം പോവുകയോ ചെയ്യുകയാണെങ്കില്‍ അവരെത്തും. വേറാരുമല്ല, ഈ പറയുന്ന ബർമന്‍, അവരാണ് ഡാബറിന്‍റെ ഉടമസ്ഥർ. മികച്ച ക്യാഷ് ഫ്ളോയുള്ള ബർമന്‍ ഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കലുകള്‍ നടത്തുന്നത്. 

അധികകാലമായില്ല, മാനേജ്മെന്‍റിന്‍റെ കൈവശം പണമില്ലാത്തതിനാല്‍ മുന്നോട്ടുപോവാനാവാതെ നിന്ന എവറെഡിയെ ഇവർ ഏറ്റെടുത്തിട്ട്. ബാറ്ററി മേഖലയില്‍ 55 ശതമാനത്തോളം വിപണിവിഹിതമുള്ള എവറെഡിയുടെ വന്‍ സാധ്യതകള്‍ കണ്ട് അത് കാശു മുടക്കി ഏറ്റെടുത്ത് വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണിവർ. 

പുതിയ ഏറ്റെടുക്കൽ

എവറെഡി മാതൃകയിലല്ലെങ്കിലും, ഇതാ ഇപ്പോള്‍ ബർമന്‍ കുടുംബം റെലിഗെയർ എന്‍റർപ്രൈസസിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനായി ഇറങ്ങിയിരിക്കുകയാണ്. ആദ്യം റെലിഗെയറില്‍ 14 ശതമാനം ഓഹരിപങ്കാളിത്തം നേടിയ ബർമന്‍ അത് പിന്നീട് ഈയിടെ 26.5 ശതമാനമാക്കി. ഇതോടെ റെലിഗെയറിലെ ഏറ്റവും വലിയ ഷെയർഹോള്‍ഡറും ബർമനായി മാറി. സെബി നിയമപ്രകാരം ഏതെങ്കിലും ഗ്രൂപ്പ് 25 ശതമാനത്തില്‍ മുകളില്‍ ലിസ്റ്റഡ് കമ്പനിയില്‍ ഓഹരിപങ്കാളിത്തം നേടിയിട്ടുണ്ടെങ്കില്‍ അവർക്ക് കൂടുതല്‍ ഓഹരികള്‍ വാങ്ങാനായി ഓപ്പണ്‍ ഓഫർ വയ്ക്കാം. 

ഇതനുസരിച്ച് 2116 കോടി രൂപയ്ക്ക് റെലിഗെയറിന്‍റെ 26 ശതമാനം ഓഹരി ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാനാണ് ഇവർ ശ്രമിക്കുന്നത്. റെലിഗെയറിന്‍റെ 90 ലക്ഷം ഓഹരികള്‍ 235 രൂപ നിരക്കില്‍ കൈവശപ്പെടുത്താനാണ് നീക്കം. കഴിഞ്ഞയാഴ്ച 270 നിലവാരത്തില്‍ നിന്ന ഓഹരി ഓപ്പണ്‍ ഓഫർ വില താഴെയായതിനാല്‍ ഈയാഴ്ച തുടങ്ങിയതേ 250 രൂപയുടെ റേഞ്ചിലേക്ക് ഇടിഞ്ഞു. 

കമ്പനിയുടെ നിയന്ത്രണം കൈവരിച്ചാല്‍ നിലവില്‍ രാജ്യമെമ്പാടും പ്രവർത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സർവീസസ് പ്ളാറ്റ്ഫോമിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാവുമെന്നാണ് ബർമൻ കണക്കുകൂട്ടുന്നത്. വായ്പ, ബ്രോക്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലാണ് റെലിഗെയറുള്ളത്. തങ്ങളുടെ മാർഗനിർദ്ദേശം വരുന്നതു വഴി കമ്പനിയെ രാജ്യത്തെ തന്നെ മുന്‍നിര ധനകാര്യസ്ഥാപനമാക്കാന്‍ കഴിയുമെന്ന് ഡാബറിന്‍റെ ചെയർമാന്‍ എമിരിറ്റസായ ആനന്ദ് സി. ബർമന്‍ പറയുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള റെലിഗെയറിന് 400 ശാഖകളുണ്ട്. റാന്‍ബാക്സിയുടെ ഉടമകള്‍ കൂടിയായിരുന്ന ശിവിന്ദർ, മല്‍വിന്ദർ സിങ് സഹോദരന്മാരായിരുന്നു റെലിഗെയറിന്‍റെ പ്രമോട്ടർമാർ. സാമ്പത്തിക തിരിമറിയും ക്രമക്കേടുകളും കൊണ്ട് ഇവർക്ക് കമ്പനിയില്‍ നിന്നു പുറത്തുപോവേണ്ടി വന്നു. 2018 ല്‍ ഇവർ പുറത്തായതിനു ശേഷം ബോർഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ ചുമതല വർധിച്ചു. ഈ സാഹചര്യത്തിലാണ് ബർമന്‍ കുടുംബം പുതിയ നീക്കവുമായി എത്തുന്നത്.

English Summary : Burman and Religare, new Developments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com