ADVERTISEMENT

രാജ്യാന്തര വിപണികൾക്കൊപ്പം നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് ‘’ഷോർട് കവറിങ്ങി’’ൽ തിരിച്ചു കയറി നേട്ടത്തിൽ ക്ളോസ് ചെയ്തു.ചൈനയുടെ വ്യാവസായികലാഭത്തിലെ വീഴ്ചയുടെ തോത് കുറഞ്ഞു വരുന്നത് ചൈനീസ് വിപണിക്ക് മുന്നേറ്റം നൽകിയതിനെത്തുടർന്ന് മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് വിപണിക്ക് മാത്രം ഇന്ന് നഷ്ടം ഒഴിവാക്കാനായില്ല.

റിലയൻസ് മുന്നേറിയതും, എച്ച്ഡിഎഫ്സി ബാങ്ക് വലിയ നഷ്ടം ഒഴിവാക്കിയതും, ഐടി ഭീമന്മാരുടെ മുന്നേറ്റവും കഴിഞ്ഞ സെഷനുകളിൽ തുടർച്ചയായി ഫ്ലാറ്റ് ക്ളോസിങ് നേടിവന്ന ഇന്ത്യൻ വിപണിക്ക് ഇന്ന് അനുകൂലമായി. ബാങ്ക് നിഫ്റ്റി ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഫാർമ, റിയൽറ്റി, ഇൻഫ്രാ, എഫ്എംസിജി, മിഡ് & സ്‌മോൾ ക്യാപ് ബാങ്കുകൾ, ഇലക്ട്രോണിക്സ് നിർമാണ ഓഹരികൾ എന്നിവയും ഇന്ന് മികച്ച മുന്നേറ്റം നേടി. നിഫ്റ്റി സ്‌മോൾ & മീഡിയം സെക്ടറുകൾ യഥാക്രമം 1%വും, 0.8%വും മുന്നേറ്റം ഇന്ന് സ്വന്തമാക്കി.   

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്നലത്തെ ക്ളോസിങ് നിരക്കിൽ നിന്നും 100 പോയിന്റിൽ കൂടുതൽ നഷ്ടത്തിലേക്ക് വീണ നിഫ്റ്റി 19730 പോയിന്റ് വരെ മുന്നേറിയ ശേഷം 19716 പോയിന്റിൽ ഇന്ന് വ്യാപാരമവസാനിപ്പിച്ചു.19640 പോയിന്റിലും 19580 പോയിന്റിലും നിഫ്റ്റി പിന്തുണകൾ പ്രതീക്ഷിക്കുന്നു. 19760 പോയിന്റ് പിന്നിട്ടാൽ 19800 പോയിന്റിലും തുടർന്ന് 19880 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

എച്ച്ഡിഎഫ്സി ബാങ്കിന്റെ കയറ്റിറക്കങ്ങൾ ഇന്ന് ബാങ്ക് നിഫ്റ്റിക്കും വലിയ ചാഞ്ചാട്ടം നൽകി. ഇന്ന് 44200 പോയിന്റിലെ പിന്തുണ നഷ്ടമായെങ്കിലും തിരികെ കയറിയ ബാങ്ക് നിഫ്റ്റി 44588 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 44400, 44200, 44000 പോയിന്റുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ പിന്തുണകൾ. 44800 പോയിന്റിലും 45100 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

എഫ്&ഓ ക്ളോസിങ് നാളെ 

നാളത്തെ എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി ഷോർട്ട് കവറിങ് വന്നു കഴിഞ്ഞത് നാളെ ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. വെള്ളിയാഴ്ച ഇന്ത്യയുടെ ധനക്കമ്മിക്കണക്കുകളും, ഇൻഫ്രാസ്ട്രക്ച്ചർ ഔട്ട്പുട്ട് കണക്കുകളും പുറത്ത് വരുന്നു. തിങ്കളാഴ്ച ഇന്ത്യൻ വിപണിക്ക് അവധിയാണ്. 

അമേരിക്കൻ ജിഡിപി നാളെ 

ഫെഡ് നിരക്കുയർത്തൽ ഭീഷണിയിൽ ഡോളർ മുന്നേറുന്നതിന് പുറമെ അമേരിക്കയുടെ ബില്ലുകൾ പാസാകാതെ വരുമോ എന്ന ആശങ്കയും ഇന്നലെ അമേരിക്കൻ വിപണിയുടെ പതനത്തിന് വഴിവെച്ചു. അമേരിക്കൻ സൂചികകൾ ഇന്നലെ 1%ൽ കൂടുതൽ നഷ്ടം കുറിച്ചിരുന്നു. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4.50 ശതമാനത്തിലാണ് വ്യാപാരം തുടരുന്നത്.  

അമേരിക്ക കടപ്പെട്ട് പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇടക്കാല ഉഭയകക്ഷി ബിൽ ചർച്ചയ്ക്ക് വരുന്നത് ഇന്ന് ലോക വിപണിക്ക് തന്നെ പ്രതീക്ഷയാണ്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നുണ്ടെങ്കിലും ഡോളർ ഉയർന്ന നിരക്കിൽ തുടരുന്നതും, ബോണ്ട് യീൽഡ് തുടർച്ചയായി പിന്തുണ നൽകുന്നതും വിപണിക്ക് ആശങ്കയാണ്. നാളെയാണ് അമേരിക്കയുടെ രണ്ടാം പാദ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും പുറത്ത് വരുന്നത്. സ്പാനിഷ്, ജർമൻ പണപ്പെരുപ്പക്കണക്കുകളും നാളെ തന്നെ പുറത്ത് വരുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ വരാനിരിക്കെ ക്രൂഡ് ഓയിൽ വിതരണ നിയന്ത്രണത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ന് നേരിയ മുന്നേറ്റം നേടി. ബ്രെന്റ് ക്രൂഡ് ഓയിൽ 92 ഡോളറിന് സമീപമാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും ശക്തമായ മുന്നേറ്റം സ്വർണ വിലയെ ഏഷ്യൻ വിപണിയുടെ വ്യാപാരസമയത്ത് ഇന്ന് വീണ്ടും താഴേക്കിറക്കി. രാജ്യാന്തര സ്വർണവില 1914 ഡോളറിലാണ് തുടരുന്നത്. 

ഐപിഓ 

ഇന്ന് ആരംഭിച്ച വാലിയൻറ് ഓർഗാനിക്സിന്റെ ഉപകമ്പനിയായ വാലിയൻറ് ലബോറട്ടറീസിന്റെ ഐപിഓ അടുത്ത ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഔഷധ മൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 133-140 രൂപയാണ്. 

അലുമിനിയം കേബിളുകളും, വയറുകളും, ഇലക്ട്രിക്കൽ ഉത്പന്നങ്ങളും നിർമിക്കുന്ന പ്ലാസ വയേഴ്സിന്റെ ഐപിഓ വെള്ളിയാഴ്ച ആരംഭിച്ച് അടുത്ത ബുധനാഴ്ച അവസാനിക്കുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 51-54 രൂപയാണ്.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com