ADVERTISEMENT

എഫ്&ഓ എക്സ്പയറി ദിനത്തിൽ തലേന്നത്തെ ഷോർട്ട് കവറിങ്ങിന്റെ ആവേശത്തുടർച്ചയെന്നോണം നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി നേട്ടങ്ങളെല്ലാം കൈവിട്ട് വീണ്ടുംതകർന്നു. ചൈനീസ് വിപണിയുടെ പിൻബലത്തിൽ ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ ജാപ്പനീസ്, ഹോങ്കോങ് വിപണികളും ഇന്ന് വലിയ നഷ്ടം കുറിച്ചു. ഡോളറിന്റെ മുന്നേറ്റം യൂറോപ്യൻ വിപണികളെയും, അമേരിക്കൻ ഫ്യൂച്ചറുകളെയും നഷ്ടത്തിലേക്ക് തന്നെ എത്തിച്ചു. 

അമേരിക്കൻ വിപണി വീഴ്ചയുടെ കൂടി ഭയത്തിൽ ഐടി സെക്ടർ രണ്ട് ശതമാനത്തിലേറെ വീണതാണ് ഇന്ന് ഇന്ത്യൻ വിപണിയെ വീഴ്ത്തിക്കളഞ്ഞത്. ഇന്ത്യൻ വിപണി വീണ്ടും സമ്പൂർണ പരാജയം കുറിച്ച ഇന്ത്യൻ വിപണിയിലെ എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഐടിയ്ക്കൊപ്പം എഫ്എംസിജി, റിയൽറ്റി, ഓട്ടോ, മെറ്റൽ സെക്ടറുകളും ഇന്ന് 1%ൽ കൂടുതൽ നഷ്ടം കുറിച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചികയും, നിഫ്റ്റി നെക്സ്റ്റ്-50യും ഒന്നര ശതമാനം വീതം നഷ്ടമാണ് കുറിച്ചത്. 

തിങ്കളാഴ്ച അവധി 

കഴിഞ്ഞ 18 സെഷനുകൾക്കിടയിൽ ആദ്യമായി 19500 പോയിന്റിന്റെ പിന്തുണ നഷ്ടമായ നിഫ്റ്റി ഇന്ന് 192 പോയിന്റുകൾ നഷ്ടമാക്കി 19523 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇനി 19440 പോയിന്റിലും, 19380 പോയിന്റിലും ആദ്യ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റിയുടെ പ്രധാനപിന്തുണ 19200 പോയിന്റിലാണ്. 19700 പോയിന്റിലും 19770 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ. 

ഇന്ന് 44800 പോയിന്റ് പിന്നിടാനാവാതെ 44300 പോയിന്റിൽ ക്ളോസ് ചെയ്ത ബാങ്ക് നിഫ്റ്റി 44200 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 44000 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 44800 പോയിന്റും 45100 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ഐടിയിൽ അവസരം 

മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി ഭീമന്മാരുടെ ലക്ഷ്യവിലകളിൽ കുറവ് വരുത്തിയതും ഇന്നത്തെ ഐടി വീഴ്ചക്ക് വഴിവെച്ചു. ടെക്ക് മഹിന്ദ്ര, എംഫസിസ്, വിപ്രോ, ഇൻഫോസിസ് എന്നീ ഐടി ഓഹരികൾ ഇന്ന് കൂടുതൽ നഷ്ടം കുറിച്ചു. വിപ്രോ, ടെക്ക് മഹിന്ദ്ര എന്നിവ മോർഗൻ സ്റ്റാൻലിയുടെ ലക്ഷ്യത്തിലേക്ക് അടുത്തത് ഓഹരികളിൽ അവസരമാണ്. ഐടി സെക്ടറിലെ അടുത്ത ഇറക്കം രണ്ടാം പാദ ഫലത്തിന് മുൻപായി ഐടി ഓഹരികളിൽ അവസരമായി കാണാം. 

ആർബിഐ നയാവലോകനയോഗം അടുത്ത ആഴ്ച 

ആർബിഐയുടെ അടുത്ത നയാവലോകനയോഗം ഒക്ടോബർ നാല് മുതൽ ആറ് വരെ നടക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്കു പ്രധാനമാണ്. ഫെബ്രുവരിയിൽ അവസാനമായി നിരക്ക് ഉയർത്തൽ നടത്തിയ ആർബിഐ ഇത്തവണയും റിപ്പോ നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ വിപണി. ഡോളറിന്റെ വില വർദ്ധന രൂപയുടെ  വീഴ്ചക്ക് കാരണമാകുന്നതും, ക്രൂഡ് ഓയിലിന്റെ മുന്നേറ്റവും ആർബിഐ ഇത്തവണ കണക്കിലെടുത്തേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയുമാണ്. 

ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും, ഇൻഫ്രാ സ്ട്രക്ച്ചർ ഔട്ട്പുട്ടും നാളെയാണ് പുറത്ത് വരുന്നത്. 

ഫെഡ് ചെയർമാൻ ഇന്ന് വീണ്ടും 

പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രെസെന്ററിവ്സിൽ ഉഭയകക്ഷി ബിൽ പാസാകാതെ വരുന്നത് ഭാഗികമായ ‘’അടച്ചു പൂട്ടലി’’ലേക്ക് അമേരിക്കയെ കൊണ്ട് പോകുമെന്നത് ലോക വിപണിയിൽ ആശങ്ക പടർത്തിക്കഴിഞ്ഞു. ഡോളറിന് മികച്ച പിന്തുണയുമായി ബോണ്ട് യീൽഡ് പുതിയ ഉയരങ്ങൾ താണ്ടുന്നതും വിപണിയെ ആഴ്ചാവസാനത്തിൽ കൂടുതൽ സമ്മർദ്ദത്തിലാക്കിയേക്കാം. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 4.644%ലാണ് തുടരുന്നത്. എങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് പ്രതീക്ഷയാണ്.

ഇന്ന് അമേരിക്കയുടെ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും വരുന്നതിന് പുറമെ ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിയിൽ ഓളങ്ങൾക്ക് കാരണമായേക്കാം. ശനിയാഴ്ചയാണ് ചൈനയുടെ പിഎംഐ ഡേറ്റകൾ പുറത്ത് വരുന്നത്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വീഴ്ച ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. വീണ്ടും 95 ഡോളർ വരെ മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിലിന് ഇന്നത്തെ അമേരിക്കൻ ജിഡിപി ഡേറ്റയും, മറ്റന്നാളത്തെ ചൈനീസ് പിഎംഐ ഡേറ്റയും പ്രധാനമാണ്. 

സ്വർണം 

ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡ് റെക്കോർഡ് നിലകളിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്നത് സ്വർണത്തിനും തിരുത്തൽ നൽകി. വളരെ നിർണായകമായ 1880 ഡോളറിനടുത്താണ് രാജ്യാന്തര സ്വർണവില വ്യാപാരം തുടരുന്നത്.  

ഐപിഓ 

ഇന്നലെ ആരംഭിച്ച വാലിയൻറ് ഓർഗാനിക്സിന്റെ ഉപകമ്പനിയായ വാലിയൻറ് ലബോറട്ടറീസിന്റെ ഐപിഓ അടുത്ത ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഔഷധമൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 133-140 രൂപയാണ്. 

അലുമിനിയം കേബിളുകളും, വയറുകളും, ഇലക്ട്രിക്കൽ ഉത്പന്നങ്ങളും നിർമിക്കുന്ന പ്ലാസ വയേഴ്സിന്റെ ഐപിഓ നാളെ ആരംഭിച്ച് അടുത്ത ബുധനാഴ്ച അവസാനിക്കുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 51-54 രൂപയാണ്.

വാട്സാപ് : 8606666722

English Summary : Share Market Today in India

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com