ADVERTISEMENT

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. വിപണിയില്‍ ലിസ്റ്റ് ചെയ്ത  കമ്പനികളുടെ ഓഹരികള്‍ ഫ്രാക്ഷനില്‍ വാങ്ങാനാവുന്ന കാര്യം സെബി കാര്യമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ വന്നേക്കാം. വിപണിയില്‍ വലിയ വിലയുളള ഓഹരികളില്‍ ചെറുകിട നിക്ഷേപകർക്ക് പോലും ഓഹരിപങ്കാളിത്തം നേടാനാവുമെന്ന വലിയ കാര്യമാണ് ഇതോടെ നടപ്പിലാവുക. 

ഉദാഹരണത്തിന് ഒരു ലക്ഷത്തിഎണ്ണായിരം രൂപയ്ക്കടുത്ത് വിലയുള്ള എം.ആർ.എഫിന്‍റെ ഒരു ഓഹരി ഇപ്പോള്‍ വാങ്ങണമെങ്കില്‍ ഒരു ലക്ഷത്തിഎണ്ണായിരം രൂപ തന്നെ കൊടുക്കണം. എന്നാല്‍ ഫ്രാക്ഷന്‍ സിസ്റ്റം നടപ്പിലായാല്‍ ആയിരം രൂപയ്ക്ക് പോലും എം.ആർ.എഫിന്‍റെ ഓഹരി വിഭജിച്ച് ദശാംശത്തില്‍ വാങ്ങാം. ഒരു ലക്ഷത്തിഎണ്ണായിരത്തിന്‍റെ പകുതിയായ 54,000 രൂപ ഉണ്ടെങ്കില്‍ എം.ആർ.എഫിന്‍റെ അര ഓഹരി വാങ്ങാന്‍ കഴിയുമെന്ന് സാരം. 

നീക്കം സജീവം

സെബി ആക്ടിലെ മാറ്റങ്ങള്‍, ടെക്നോളജി, അനുബന്ധകാര്യങ്ങള്‍ എന്നിവ പഠിച്ചതിനുശേഷമായിരിക്കും ഇത് നടപ്പില്‍ വരുത്തണോ വേണ്ടയോയെന്ന കാര്യം തീരുമാനിക്കുക. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സും സെബിയും ഇക്കാര്യത്തില്‍ മുന്നോട്ടു പോയിട്ടുണ്ടെന്നാണ് സൂചന.  അമേരിക്കയില്‍ ഇത് വർഷങ്ങളായി നിലവിലുള്ള സിസ്റ്റമാണ്. ഇന്ത്യ പോലെ ചെറുകിട സമ്പാദ്യശീലമുള്ള രാജ്യത്ത് ഇത് നല്‍കുന്ന സാധ്യതകള്‍ അപാരമാണ്. ഏറ്റവും ചെറുകിട ഓഹരിയുടമക്ക് പോലും കമ്പനിയുടെ കോർപ്പറേറ്റ് തീരുമാനങ്ങളില്‍ വോട്ട് അവകാശമുണ്ടെന്നത് ഇതില്‍ പ്രധാനമാണ്. 

വളരെ സാധാരണക്കാരായ ആളുകളുടെ പ്രാതിനിധ്യം കൂടുതലായി ഓഹരിവിപണിയിലേക്ക് വരുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. നിക്ഷേപകരുടെ ഇടയില്‍ ജനകീയത ഉണ്ടാവുമെന്ന് ചുരുക്കം. നിലവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ വെറും മൂന്നു ശതമാനം ആളുകള്‍ മാത്രമേ ഓഹരി വിപണിയില്‍ ഇടപാടുകാരായുള്ളൂ. പുതിയ സമ്പ്രദായം വരുമ്പോള്‍ ഇതില്‍ മുന്നേറ്റമുണ്ടാവും.

മുറിച്ച് വാങ്ങൽ

എം.ആർ.എഫ്, ഹണിവെല്‍ ഓട്ടോമേഷന്‍, പേജ് ഇന്‍ഡസ്ട്രീസ് തുടങ്ങി വന്‍വിലയില്‍ കിടക്കുന്ന ഓഹരികളൊക്കെ ഇത്തരുണത്തില്‍ മുറിച്ച് വാങ്ങാനാവും. തന്നെയുമല്ല, ഉയർന്ന വിലയുള്ള ഓഹരികളില്‍ പലതും മികച്ച ലാഭവിഹിതം നല്‍കുന്നവരുമാണ്. അതും കരഗതമാക്കാന്‍ ചെറുകിട നിക്ഷേപകർക്ക് ഇതൊരു നല്ല അവസരമാണ്. പണമില്ല എന്ന കാരണത്താല്‍ ഇത്തരം ഓഹരികള്‍ ഇനി ചെറുകിടക്കാർക്ക് അന്യമാവില്ലെന്നത് ഉറപ്പ്. 

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാനിനും വന്‍ സാധ്യതകളാണ് ഇവിടെയുണ്ടാവുന്നത്. ഉദാഹരണത്തിന് മാരുതി കാറുള്ള ഒരു മാസശമ്പളക്കാരന്‍റെ കാര്യമെടുക്കാം. മാരുതി ഉപയോഗിക്കുന്നതിനാല്‍ തന്നെ മാരുതിയുടെ ഓഹരി ഇദ്ദേഹത്തിന് ആരും പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇദ്ദേഹത്തിന് വേറെ ഓഹരിയൊന്നും വാങ്ങാന്‍ താല്‍പര്യമില്ലെന്നും കരുതുക. ആ വ്യക്തിക്ക് നിലവില്‍ മാരുതിയുടെ ഓഹരി ഒരെണ്ണം വാങ്ങാന്‍ ഏകദേശം പതിനായിരം രൂപ വേണം. പതിനായിരം രൂപയ്ക്ക് ഒരെണ്ണം വാങ്ങാന്‍ പോയാല്‍ അദ്ദേഹത്തിന്‍റെ മാസബജറ്റ് താളം തെറ്റുമെന്നതിനാല്‍ ഇതുവരെ അദ്ദേഹം ഓഹരിവിപണിയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നുവെന്ന് കരുതുക. അദ്ദേഹത്തിന് ഇനി എസ്.ഐ.പി നോക്കാവുന്നതാണ്. പ്രതിമാസം നാലായിരമോ അയ്യായിരമോ എസ്.ഐ.പി ഇട്ട് എല്ലാ മാസവും ഫ്രാക്ഷനില്‍ ഓഹരി വാങ്ങിയാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ വളരെ വലിയ ചുവടുവയ്പ്പായിരിക്കുമത്. തന്നെയുമല്ല, ഇതുവരെ വിപണിയില്‍ പ്രാതിനിധ്യം ഇല്ലാതിരുന്ന വ്യക്തികള്‍ കൂടി ഇത് അവലംബിച്ച് വിപണിയിലേക്ക് വരുമ്പോള്‍ രാജ്യത്തിന്‍റെ നിക്ഷേപകസമ്പത്തിലും മുന്നേറ്റമുണ്ടാവുകയാണ്. 

കമ്പനികളെ സംബന്ധിച്ച്, ഒരു ലെവല്‍ കഴിഞ്ഞ് അവരുടെ ഓഹരി മുന്നേറിയാല്‍ കൂടുതല്‍ നിക്ഷേപകപ്രാതിനിധ്യം കൂട്ടാനായി ഓഹരി മുഖവില വിഭജിക്കേണ്ടി വരുന്ന  രീതിയുണ്ട്. ഇതിനായി ബോർഡ് മീറ്റിങ്, എഴുത്തുകുത്തുകള്‍ എന്നിങ്ങനെ വരുന്ന സമയനഷ്ടവും പുതിയ രീതി വരുന്നതോടെ ഒഴിവാക്കാനാവും.

English Summary : SEBI May Introduce Fractional System in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com