ADVERTISEMENT

"പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40 –50–55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം" – ജി. പ്രദീപ്കുമാർ. (യൂണിയൻ അസറ്റ് മാനേജ്മെന്റ് കമ്പനി സിഇഒ ജി. പ്രദീപ്കുമാറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ)

50 ഓവറിന്റെ മാച്ചിൽ 40 ഓവർ വരെ മുട്ടി നിന്നിട്ട് അവസാന ഓവറിൽ അടിച്ചെടുക്കാൻ നോക്കുമ്പോൾ വിക്കറ്റ് പോവും. ക്രിക്കറ്റിൽ നാം കാണുന്ന ഈ കളിയാണ് താമസിച്ചു നിക്ഷേപം സ്റ്റാർട്ട് ചെയ്യുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത്. താമസിച്ചു തുടങ്ങുന്ന പലരും പെട്ടെന്നു പണമുണ്ടാക്കാൻ വലിയ റിസ്ക്കിൽ പോയി പെടും. വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും. 

കേരളത്തിൽ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അറിവ് കുറവാണ്. ഇപ്പോഴും താൽപര്യം ഭൂമി, സ്വർണം തുടങ്ങിയ ആസ്തികളോടാണ്. പൈസ കിട്ടിയാൽ റിയൽ എസ്റ്റേറ്റോ സ്വർണമോ വാങ്ങും. അല്ലെങ്കിൽ ഫിനാൻഷ്യൽ അസെറ്റ് എന്നു പറ​ഞ്ഞ് എഫ്ഡിയിലും ലൈഫ് പോളിസിയിലും നിക്ഷേപിക്കും. ഒരുപാടു പേർ മ്യൂച്വൽ ഫണ്ട് എന്നു തെറ്റിദ്ധരിച്ച് മറ്റു പലതിലും നിക്ഷേപിക്കുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല, എൻജിനീയർമാരായ സുഹൃത്തുക്കളൊക്കെ മ്യൂച്വൽ ഫണ്ടാണെന്നു പറഞ്ഞു കാണിക്കുന്നവയിൽ യൂലിപ്പും ട്രഡീഷനൽ പോളിസികളുമുണ്ടാകും. 

ജോലി കിട്ടിയാലുടൻ തുടങ്ങുക

പലരും നിക്ഷേപം നേരത്തേ പ്ലാൻ ചെയ്യില്ല. ജോലി കിട്ടിക്കഴിയുമ്പോൾ ഇരുപതിന്റെ ആദ്യ പകുതിയിൽ പ്ലാൻ ചെയ്ത് തുടങ്ങുകയാണ് നല്ലത്. 500–1000 രൂപയിൽ പോലും തുടങ്ങാം. വരുമാനം കൂടുന്നതിന് അനുസരിച്ച് തുക വർധിപ്പിക്കാം. 20–25 വർഷത്തിനുള്ളിൽ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടും. പിന്നെ പൈസയ്ക്കു വേണ്ടി ജോലി ചെയ്യണ്ട. ഇഷ്ടമുള്ള ജോലിയാണെങ്കിൽ തുടരാം. പാഷൻ ഫോളോ ചെയ്യാം. റിട്ടയർമെന്റിനെക്കുറിച്ച് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. പറയാൻ എളുപ്പമാണ്. പക്ഷേ, ഇരുപതുകളിൽ ഇക്കാര്യം ഞാൻ ആലോചിച്ചിട്ടില്ല. ആരും ആലോചിക്കില്ല. ഈ ഫീൽഡിൽ ഉണ്ടായിട്ടുപോലും ഞാൻ നിക്ഷേപിച്ചു തുടങ്ങിയതു വളരെ താമസിച്ചാണ്. 

കടക്കെണി വരുന്നത്

പണത്തിന് അത്യാവശ്യം വരുമ്പോൾ 35–40 ശതമാനത്തിനും മറ്റും കടമെടുക്കുകയോ ക്രെഡിറ്റ് കാർഡ് വായ്പയെ ആശ്രയിക്കുകയോ ചെയ്യും. അത് പിന്നെ തിരിച്ചടക്കാൻ പറ്റാതെ വരും. യുവാക്കളുടെ ഇടയിൽ നിക്ഷേപശീലം നേരത്തേ തുടങ്ങാൻ പറ്റുമെങ്കിൽ ഭാവി ശക്തമാക്കാം. ചുറ്റുമുള്ള എല്ലാവരും ചെയ്യുമ്പോൾ നമുക്കും സ്വാഭാവികമായി ചെയ്യാൻ തോന്നും. പക്ഷേ, കേരളത്തിൽ ഈ ബോധവൽക്കരണം കൂടുതൽ ആവശ്യമുണ്ട്.

നൽകുന്ന നേട്ടം നിങ്ങൾക്കു കിട്ടുന്നില്ല

മ്യൂച്വൽ ഫണ്ട്സ് സ്കീമുകളുടെ പെർഫോമൻസ് നോക്കിയാൽ അറിയാം, മൾട്ടി ബാഗറുകൾ 100 ‌ ഇരട്ടി വരെ നേട്ടം തന്നിട്ടുണ്ട്. പക്ഷേ, എത്ര പേർക്ക് ആ റിട്ടേൺ കിട്ടിയിട്ടുണ്ട് എന്നു പരിശോധിച്ചാൽ കുറച്ചു പേർക്കു മാത്രം. കാരണം, ആൾക്കാർ കുറച്ചുകാലം മാത്രമേ ഫണ്ട് കൈവശം വയ്ക്കു. അതിനാൽ, ഫണ്ട് മികച്ച നേട്ടം നൽകിയാലും ഭൂരിഭാഗത്തിനും അതു കിട്ടുന്നില്ല. ആംഫിയുടെ ഡേറ്റ നോക്കിയാൽ ഇക്വിറ്റി ഫണ്ടിൽ പകുതി പേർ പോലും രണ്ടു വർഷത്തിൽ കൂടുതൽ തുടരുന്നില്ല എന്നുകാണാം. 

എന്തെങ്കിലും ഒരു പ്രതീക്ഷയിൽ നിക്ഷേപിക്കും, 5–6 മാസം കഴിയുമ്പോൾ വിപണി താഴെ പോയാൽ പേടിച്ച് പണം പിൻവലിക്കും. ഏറ്റവും മോശം കാര്യമാണ് ഇടിവിൽ പാനിക്കായി പിൻവലിക്കുന്നത്. മറിച്ച് അതു നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാക്കുക. 9/11ൽ, 2009ൽ, 2013ൽ, കോവിഡിനു ശേഷം എല്ലാം ഉണ്ടായ ഇടിവിൽ നിക്ഷേപിക്കാമായിരുന്നു. ആ നെഗറ്റീവ് സെന്റിമെന്റ്സിൽ ആർക്കും ധൈര്യം ഉണ്ടാവില്ല. നമ്മളും പിൻവലിക്കും. അതിനാൽ നേട്ടം ഉണ്ടാകില്ല. അതേസമയം, തെറ്റായ സമയത്ത് നിക്ഷേപിക്കുന്നതുകൊണ്ടു കുഴപ്പമില്ല. കാരണം, ലോങ് ടേമിൽ മാർക്കറ്റ് കയറും. കാര്യം ലളിതമാണ്. എന്റെ അഭിപ്രായത്തിൽ 80–90% ചെയ്യുന്നത് മാർക്കറ്റാണ്. 10–20% മാത്രമേ ഫണ്ട് മാനേജരുടെ സംഭാവനയുള്ളൂ. 

ദീർഘകാലത്തേക്കു നിക്ഷേപിക്കുക എന്നതാണു പ്രധാനം. ഏതു ഫണ്ട്, ഏതു ഫണ്ട് മാനേജർ, ഏതു സെക്ടർ എന്നൊക്കെയുള്ളതിനു പ്രാധാന്യം അത്രയില്ല. ഒരു ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിച്ചാൽ പോലും ഭൂരിപക്ഷം ചെറുകിട നിക്ഷേപകരുടെയും ലക്ഷ്യങ്ങളെല്ലാം നേടാം. അങ്ങനെയുള്ള ഒരു അടിസ്ഥാന പോർട്‌ ഫോളിയോ ഉണ്ടാക്കിയിട്ട് ബാക്കി 20% റിസ്ക് ഉള്ളവയിൽ നിക്ഷേപിക്കാം. പക്ഷേ, തുടക്കത്തിൽ തന്നെ വലിയ റിസ്ക് ഉള്ളവയിൽ വേണ്ട. 

തുടക്കത്തിൽ എന്തു തന്ത്രം വേണം? 

1. സ്ഥിരവരുമാനത്തിൽനിന്ന് എസ്ഐപി ചെയ്യണം. അച്ചടക്കമാണ് എസ്ഐപിയുടെ നേട്ടം. എല്ലാവരും കരുതും, സ്വയം എല്ലാ മാസവും നിക്ഷേപിക്കാമെന്ന്. അതൊന്നും നടക്കില്ല. 

2. ഒന്നിച്ചൊരു തുക കിട്ടിയാൽ പല ഘട്ടമായി നിക്ഷേപിക്കാം. ആദ്യം ലിക്വിഡ് ഫണ്ടിലോ ഓവർനൈറ്റ് ഫണ്ടിലോ നിക്ഷേപിക്കുക. ഒന്നോ രണ്ടോ മികച്ച ഇക്വിറ്റി ഫണ്ടുകൾ കണ്ടെത്തി ഘട്ടം ഘട്ടമായി (എസ്ടിപി) അതിലേക്ക് തുക മാറ്റുക.   2020 മാർച്ച്– ഏപ്രിൽ കാലത്തെപോലെ സമയം ഏറ്റവും അനുയോജ്യമാണെങ്കിൽ മുഴുവനും ഒറ്റയടിക്കു നിക്ഷേപിക്കാം. പക്ഷേ, ഇന്നത്തെ അവസ്ഥയിൽ പല തവണയായി നിക്ഷേപിക്കുന്നതാണു നല്ലത്.

3. തുടക്കത്തിൽ മോശം അനുഭവം ഉണ്ടാകാതിരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ആദ്യം റിസ്ക് കുറഞ്ഞവയിൽ എസ്ഐപി/ എസ്ടിപി ചെയ്യുക. അല്ലെങ്കിൽ ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിച്ച് കാര്യങ്ങൾ മനസ്സിലാക്കി ഇക്വിറ്റിയിലേക്കു പോകുന്നതായിരിക്കും നല്ലത്. 

4. അന്ധമായി നിക്ഷേപിക്കുന്നതിനു പകരം ഒരു ലക്ഷ്യം വച്ച് നിക്ഷേപിക്കുക. 

എന്റെ നിക്ഷേപം എസ്ഐപിയിലൂടെ

എന്റെ ഭാവിക്കായുള്ള മുഴുവൻ സമ്പാദ്യവും എസ്ഐപി വഴിയാണ്. മക്കളെ പഠിപ്പിക്കുന്നതും റിട്ടയർമെന്റ് പ്ലാനിങ്ങും എല്ലാം എസ്ഐപി ആണ് തെരഞ്ഞെടുത്തത്. 1991ൽ ഈ ഫീൽഡിൽ എത്തിയ ഞാൻ ഇത്രയും കൊല്ലമായിട്ടും ഡിസ്ട്രിബ്യൂട്ടറുടെ ഹെൽപ് എടുക്കുന്നുണ്ട്. കാരണം, ഫണ്ട് തിരഞ്ഞെടുക്കാനും സാഹചര്യം അനുസരിച്ച് അതിൽ മാറ്റം വരുത്താനും സമയം ലഭിക്കില്ല. 

ആദ്യം ഇൻഷുറൻസ് എടുക്കണം

ഒരു വ്യക്തിക്ക് ഇൻഷുറൻസ് ഏറെ പ്രധാനമാണ്. മ്യൂച്വൽ ഫണ്ട് തുടങ്ങും മുൻപ് ആദ്യം ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും എടുക്കണം. വീട് ഇൻഷുർ ചെയ്യണം. പക്ഷേ, നിക്ഷേപവുമായി ഇതിനെ കൂട്ടരുത്. ഇൻഷുറൻസ് സംരക്ഷണമാണ്. മഴക്കാലമായാൽ കുട കയ്യിൽ കരുതില്ലേ. മഴ പെയ്തില്ലെങ്കിൽ കുടയുടെ ആവശ്യം വരില്ല. എന്നാൽ, കുട വേണം. ആ പ്രൊട്ടക്‌ഷൻ ആണ് ഇൻഷുറൻസ്. പലർക്കും ഇത് വ്യക്തമായി അറിയില്ല. 

English Summary: Interview with Union Mutual Fund CEO G Pradeepkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com