ADVERTISEMENT

സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന കാലത്താണ്‌ നാമിപ്പോൾ. ചെറിയ തുകയുടെ പണമിടപാടുകള്‍ക്കു പോലും സ്‌മാര്‍ട്ട്‌ഫോണും യുപിഐയും ഇല്ലാതെ പറ്റില്ല. നിക്ഷേപവും ഇന്‍ഷുറന്‍സുമൊക്കെ ഡിജിറ്റല്‍ രൂപത്തില്‍ നടത്തുന്നത്‌ ശീലമായി. എന്നാല്‍ അപ്രതീക്ഷിതമായി ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒരു യുദ്ധമോ രാജ്യാന്തര സംഘര്‍ഷമോ ഉണ്ടായാല്‍ ഈ ആധുനിക രീതികള്‍ എത്രത്തോളം നമ്മെ തുണയ്ക്കും?

പെട്ടെന്നൊരു ദിവസം വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന യുദ്ധമുഖത്തെ മനുഷ്യര്‍ നേരിടുന്ന ഹതാശമായ അനുഭവം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്‌. യുദ്ധത്തിന്റെ ക്രൂരത അവരുടെ ജീവിതങ്ങളെ അനിശ്ചിതത്വത്തിലേക്ക്‌ തള്ളിയിട്ടിരിക്കുകയാണ്‌. ദൂരെയുള്ളവരുമായി ആശയ വിനിമയം പോലും അസാധ്യമാക്കികൊണ്ട്‌ ഒരു തുരുത്തില്‍ അകപ്പെട്ടവര്‍ക്ക്‌ സാമ്പത്തിക ആവശ്യങ്ങള്‍ക്ക്‌ ആശ്രയിക്കാന്‍ ഇലക്‌ട്രോണിക്‌ ഉപാധികളൊന്നും തന്നെ പ്രവര്‍ത്തനക്ഷമമല്ലാത്ത സ്ഥിതിയിലാണ്‌. അടച്ചിടപ്പെട്ട ബാങ്കുകളും എടിഎമ്മുകളും സാമ്പത്തിക ഇടപാടുകള്‍ക്ക്‌ ആശ്രയിക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ ഒരു പക്ഷേ അവര്‍ക്ക്‌ ഏറ്റവും വലിയ തുണയാകുന്നത്‌ ഭൗതിക രൂപത്തിലുള്ള സ്വര്‍ണമായിരിക്കും.

സ്വര്‍ണം യുദ്ധം പോലുള്ള അനിശ്ചിത ഘട്ടങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന്‌ പറയുന്നതിന്റെ അര്‍ത്ഥം ഇത്തരം സാഹചര്യങ്ങളാണ്‌ നമുക്ക്‌ ബോധ്യപ്പെടുത്തിതരുന്നത്‌. യുദ്ധം കറന്‍സിയുടെ മൂല്യത്തില്‍ വലിയ ഇടിവിന്‌ വഴിവെക്കാറുണ്ട്‌. ഈ അവസരത്തില്‍ സ്വര്‍ണം മൂല്യത്തിന്റെ ഒരു സ്റ്റോര്‍ എന്ന നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മാറിയ കാലത്തും ലോകമെമ്പാടും രാജ്യങ്ങള്‍ സ്വര്‍ണം ഒരു കരുതലായി നിലനിര്‍ത്തുന്നത്‌ അനിശ്ചിത വേളകളില്‍ ഈ മഞ്ഞലോഹത്തിനുള്ള സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്താണ്‌.

goldbar1

മൂല്യത്തിന്റെ സംഭരണി

ചരിത്രപരമായി തന്നെ സ്വര്‍ണത്തിന്‌ മൂല്യത്തിന്റെ ഒരു സംഭരണി എന്ന നിലയിലുള്ള പ്രാധാന്യം നിലനിന്നിരുന്നു. യുദ്ധങ്ങള്‍ സാധാരണമായ ഒരു കാലത്ത്‌ അതിന്റെ പ്രാധാന്യം വളരെ കൂടുതലുമായിരുന്നു. ദൈനംദിന ഇടപാടുകള്‍ക്ക്‌ ഉപരിയായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരുതല്‍ എന്ന നിലയില്‍ സ്വര്‍ണത്തിന്‌ കൈവന്ന പ്രാധാന്യം പിന്നീട്‌ ആധുനിക കാലത്തും നിലനിന്നു.

ഇന്ന്‌ ലോകരാജ്യങ്ങള്‍ ഡോളറിലും സ്വര്‍ണത്തിലുമാണ്‌ കരുതല്‍ ധനം സൂക്ഷിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിന്റെ കറന്‍സി ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു മൂലമാണ്‌ അതിന്‌ കരുതല്‍ മൂല്യം കൈവന്നത്‌. അനിശ്ചിത വേളകളിലെ താങ്ങ്‌ എന്ന നിലയില്‍ സ്വര്‍ണത്തിനും സ്വീകാര്യത നിലനിന്നു. യുദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന്റെയും ഡോളറിന്റെയും മൂല്യം ഉയരുകയും പ്രാദേശിക കറന്‍സികളുടെ മൂല്യം ഇടിയുകയുമാണ്‌ പതിവ്‌.

goldbar2

താങ്ങാകുന്ന മഞ്ഞലോഹം

യുദ്ധം നടക്കുന്ന രാജ്യങ്ങളിലെ കറന്‍സികള്‍ അതിശക്തമായ ഇടിവുകള്‍ക്ക്‌ വിധേയമാകാറുണ്ട്‌. യുക്രെയ്‌നെതിരായ യുദ്ധം ആരംഭിച്ച സമയത്ത്‌ റഷ്യന്‍ റൂബിളിന്റെ മൂല്യത്തിനുണ്ടായ ഇടിവ്‌ ഒരു സമീപ കാല ഉദാഹരണമാണ്‌. ഇത്തരം സാഹചര്യങ്ങളിലാണ്‌ കൈവശമിരിക്കുന്ന സ്വര്‍ണം യുദ്ധസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ജനങ്ങള്‍ക്ക്‌ തുണയാകുന്നത്‌. മൂല്യത്തിന്റെ സംഭരണി എന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാമ്പത്തിക പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അവസരങ്ങളാണ്‌ ഇവ. തങ്ങളുടെ കൈവശമുള്ള കറന്‍സി ഇടിയുന്ന സമയത്ത്‌ തന്നെ സ്വര്‍ണത്തിന്റെ മൂല്യം ഉയരുന്നത്‌ മൂലം മഞ്ഞലോഹം അവര്‍ക്ക്‌ താങ്ങായി മാറുന്നു. ഇലക്‌ട്രോണിക്‌ ഉപാധികള്‍ വഴിയുള്ള വിനിമയം അസാധ്യമാകുന്ന സാഹചര്യങ്ങളില്‍ ഭൗതിക രൂപത്തിലുള്ള സ്വര്‍ണമായിരിക്കും തുണയാകുന്നത്‌.

സ്വർണം നൽകുന്നു പരിരക്ഷയും

gold7

ഭൗതികരൂപത്തിലുള്ള സ്വര്‍ണം ഒരു തരത്തില്‍ ഇന്‍ഷുറന്‍സ്‌ പോലെയാണ്‌. ഇന്‍ഷുറന്‍സിന്‌ നാം നല്‍കുന്ന പ്രീമിയം ഒരു ചെലവ്‌ മാത്രമായിട്ടായിരിക്കും അത്‌ നല്‍കുന്ന വേളയില്‍ നമുക്ക്‌ അനുഭവപ്പെടുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ദുരന്തമോ അപകടമോ രോഗമോ ഉണ്ടാകുമ്പോഴായിരിക്കും ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എത്ര വലുതാണെന്ന്‌ നാം തിരിച്ചറിയുന്നത്‌. സ്വര്‍ണാഭരണങ്ങള്‍ നാം വാങ്ങുന്നത്‌ ഒരു അലങ്കാരവസ്‌തു എന്ന നിലയിലാണ്‌. അലങ്കാരത്തിന്‌ അപ്പുറം അതിനുള്ള സാമ്പത്തികമൂല്യത്തെ കുറിച്ച്‌ നമുക്ക്‌ ബോധ്യപ്പെടുന്നത്‌ അപ്രതീക്ഷിതമായ പ്രതിസന്ധികളുടെ ഘട്ടത്തിലാണ്‌.

English Summary:

Why Gold is Going Up in War Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com