ADVERTISEMENT

അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പിന്തുണയിൽ യുദ്ധ ഭീതി മറികടന്ന രാജ്യാന്തര വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലെല്ലാം മുന്നേറ്റം നേടി. എന്നാൽ ടിസിഎസ്സിന് വരുമാനലക്ഷ്യം നേടാനാകാതെ പോയതും, ഇൻഫോസിസ് വരും പാദങ്ങളിൽ വരുമാനത്തിൽ വീഴ്ച പ്രതീക്ഷിക്കുന്നതും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് തിരുത്തൽ നൽകിയെങ്കിലും ഇന്ത്യൻ വിപണി നേട്ടം നിലനിർത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് ഞായറാഴ്ച വരാനിരിക്കുന്നത് ബാങ്കിങ് ഓഹരികളിലും സമ്മർദ്ദത്തിന് കാരണമായി. അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി പ്രതീക്ഷയ്ക്കപ്പുറം വളർന്നത് ബോണ്ട് യീൽഡിന് തിരിച്ചു വരവ് നൽകിയതും രാജ്യാന്തര വിപണിക്കൊപ്പം ഇന്ത്യൻ വിപണിയിലും അനുരണനങ്ങൾ സൃഷ്ടിച്ചു. 

പൊതു മേഖല ബാങ്കുകൾ ലാഭമെടുക്കലിൽ കഴിഞ്ഞ ആഴ്ച 3%വും, വില്പന സമ്മർദ്ദത്തിൽ ഐടി സെക്ടർ 1%വും നഷ്ടം കുറിച്ചപ്പോൾ മറ്റ് സെക്ടറുകളെല്ലാം കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി. നിഫ്റ്റി ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 7%ൽ കൂടുതലും, ഓട്ടോ സെക്ടർ 3%ൽ കൂടുതലും നേട്ടമുണ്ടാക്കി. പൊതു മേഖല സെക്ടറിന്റെയും, എഫ്എംസിജി സെക്ടറിന്റെയും കഴിഞ്ഞ ആഴ്ചയിലെ നേട്ടം 2%ൽ കൂടുതലാണ്.  

ഇന്ത്യൻ പണപ്പെരുപ്പം 

ഇന്ത്യയുടെ സെപ്റ്റംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച 5.02%ൽ ഒതുങ്ങിയത് വിപണിക്ക് അനുകൂലമായി. ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റിൽ 6.63% വളർന്ന ഇത് 5.50% വളരുമെന്നായിരുന്നു വിപണിയുടെ അനുമാനം. 

ഇന്ത്യയുടെ വ്യവസായികോല്പാദനം ഓഗസ്റ്റിൽ 10%ൽ കൂടുതൽ വളർച്ച നേടിയതും വിപണിക്ക് അനുകൂലമായി. മാനുഫാക്ച്ചറിങ്, ഇൻഫ്രാ, റിയൽ എസ്റ്റേറ്റ് സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷ പുലർത്തുന്നു. 

അമേരിക്കൻ പണപ്പെരുപ്പം 

അമേരിക്കയുടെ പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡക്സിന് പിന്നാലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സും സെപ്റ്റംബറിൽ വിപണി പ്രതീക്ഷയിൽ കവിഞ്ഞ വളർച്ച കുറിച്ചു. സെപ്റ്റംബറിൽ 3.6% വാർഷിക വളർച്ച പ്രതീക്ഷിച്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 3.7% മാത്രം വളർച്ച കുറിച്ചത് വിപണിഭയം ലഘൂകരിച്ചു. എങ്കിലും അമേരിക്കൻ പണപ്പെരുപ്പം വളരുന്നു എന്ന സൂചന അമേരിക്കൻ ബോണ്ട് യീൽഡിന്റെയും, ഡോളറിന്റെയും വീഴ്ചക്ക് തടയിട്ടു. നാസ്ഡാക്കും എസ് &പിയും കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങളിൽ പാതിയും നഷ്ടമാക്കിയപ്പോൾ, ഡൗ ജോൺസ്‌ 1% ൽ അധികം നേട്ടം കൈവരിച്ചു. അമേരിയ്ക്കൻ ബാങ്കുകളുടെ മികച്ച റിസൾട്ടുകളും വെള്ളിയാഴ്ച ഡൗ ജോൺസിന് പിന്തുണ നൽകി. 

നവംബർ ഒന്നിന് ഫെഡ് റിസർവ് നയപ്രഖ്യാപനങ്ങൾ നടത്താനിരിക്കെ ഈയാഴ്ചയിലും ഫെഡ് ചെയർമാനും, അംഗങ്ങളും വീണ്ടും സംസാരിക്കാനിറങ്ങുന്നത് വിപണിയെ സ്വാധീനിക്കും.  

share4

യുദ്ധം മുറുകുമ്പോൾ 

ഫെഡ് സഹായത്താൽ കഴിഞ്ഞ ആഴ്ച യുദ്ധഭീഷണി മറികടക്കാൻ ലോക വിപണിക്ക് കഴിഞ്ഞെങ്കിലും യുദ്ധസന്നാഹങ്ങൾ കടുക്കുന്നത് വരും ആഴ്ചകളിൽ വിപണിയെ സ്വാധീനിച്ചേക്കാം. ഇസ്രായേൽ പട ഗാസയിലേക്ക് ഹമാസ് വേട്ടക്കിറങ്ങുന്നത് യഥാർത്ഥ യുദ്ധത്തിന് നാന്ദി കുറിച്ചേക്കാമെന്നതും, ലോകം ഇരു ചേരിയിലും അണിനിരന്ന് കഴിഞ്ഞതും വിപണിയുടെ ഗതിയും നിർണയിച്ചേക്കാം. നിക്ഷേപകർ സുരക്ഷിത താവളങ്ങൾ തേടുന്നത് വിപണിയിൽ നിന്നും ഫണ്ടുകൾ പിൻവലിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

ലോക വിപണിയിൽ അടുത്ത വാരം 

അമേരിക്കൻ ഫെഡ് റിസർവ് അംഗങ്ങളുടെ പ്രസംഗങ്ങളും, തുടർന്ന് വ്യാഴാഴ്ച ഫെഡ് ചെയർമാന്റെ പ്രസ്താവനകളും വീണ്ടും ഡോളറിനെയും, ബോണ്ട് യീൽഡിനെയും തുടർന്ന് അമേരിക്കൻ വിപണിയെയും സ്വാധീനിക്കും. ചൊവ്വാഴ്ച അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നു. 

തിങ്കളാഴ്ച വരുന്ന ജർമൻ പിപിഐ കണക്കുകളും, ഇറ്റാലിയൻ സിപിഐ കണക്കുകളും, ബുധനാഴ്ച ബ്രിട്ടീഷ്, യൂറോ സോൺ പണപ്പെരുപ്പക്കണക്കുകളും പുറത്ത് വരുന്നു. 

ബുധനാഴ്ച പുറത്ത് വരുന്ന ചൈനീസ് ജിഡിപി കണക്കുകൾ ലോക വിപണിയെ സ്വാധീനിക്കും. ചൈനയുടെ റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും ബുധനാഴ്ച തന്നെ പുറത്ത് വരുന്നത് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലോൺ നിരക്കുകൾ വെള്ളിയാഴ്‌ച വിപണിയെ സ്വാധീനിക്കും. 

തിങ്കളാഴ്ചയാണ് ഇന്ത്യയുടെ സെപ്റ്റംബർ മാസത്തിലെ മൊത്ത വിലക്കയറ്റകണക്കുകളും, ഭക്ഷ്യ വില സൂചികയും പുറത്ത് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

∙വിപണി പ്രതീക്ഷക്കൊപ്പമെത്തിയ ലാഭക്കണക്കുകൾ പുറത്ത് വിട്ട ടിസിഎസിന് വരുമാനലക്‌ഷ്യം നേടാനാകാതെ പോയത് ഓഹരിക്ക് ക്ഷീണമായി. അറ്റാദായം മുൻവർഷത്തിൽ നിന്നും 8.7% വർദ്ധിച്ച് 13140 കോടിയിലേക്കും, വരുമാനം 7.8% വർദ്ധന നേടി 59692 കോടിയിലേക്കുമെത്തി..

∙കഴിഞ്ഞ പാദത്തിൽ 24%ൽ കൂടുതൽ എബിറ്റ് മാർജിൻ നേടിയ ടിസിഎസ് ഒൻപത് രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ 4150 നിരക്കിൽ 17000 കോടി രൂപക്കുള്ള ഓഹരികൾ തിരികെ വാങ്ങുന്നത് ഓഹരിക്ക് അനുകൂലമാണ്.     

∙ഇൻഫോസിസും ഭാവി വരുമാനത്തിൽ ഇടിവ് വരുമെന്ന് സൂചിപ്പിച്ചത് തിരുത്തൽ നൽകി. ഓഹരി ജെപി മോർഗന്റെ ഡിസ്‌കൗണ്ട് ലക്ഷ്യമായ 1400 രൂപ വരെ വീണ ശേഷം തിരികെ കയറി. 

∙വരുമാനവളർച്ചക്കൊപ്പം അറ്റാദായത്തിലും മുന്നേറ്റം നേടിയത് എച്ച്സിഎൽ ടെക്ക് ഓഹരിക്ക് വെള്ളിയാഴ്ച 3% വരെ മുന്നേറ്റം നൽകി. 

∙കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ റിയൽറ്റി സെക്ടർ മികച്ച മുന്നേറ്റം നേടി. പ്രസ്റ്റീജ്, ഫീനിക്സ് മിൽസ്, ശോഭ, ഡിഎൽഎഫ് മുതലായ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. 

share5

∙ഒരു വർഷത്തിനുള്ളിൽ ഇൻഡസ് ഇൻഡ് ബാങ്കിൽ 9.99% ഓഹരികൾ സ്വന്തമാക്കാനുള്ള അനുവാദം ആർബിഐ എസ്ബിഐ മ്യൂച്വൽ ഫണ്ടിന് നൽകിയത് ബാങ്കിന് അനുകൂലമാണ്. 

∙റൈറ്റ്സിനും, ഇർക്കോണിനും നവര്തന പദവി ലഭിച്ചത് ഇരു ഓഹരികൾക്കും കൂടുതൽ വലിയ ഓർഡറുകൾ ലഭ്യമാകുന്നതിനിടയായേക്കാം. ഇതോടെ ഇന്ത്യൻ പൊതുമേഖല നവര്തന കമ്പനികളുടെ എണ്ണം പതിനാറായി. 

∙അദാനി-ഹിൻഡൻബെർഗ് വിഷയത്തിന്മേലുള്ള സെബിയുടെ റിപ്പോർട്ട്  ഒക്ടോബർ ഇരുപതിന് പരിഗണിക്കുന്നത് അദാനി ഓഹരികൾക്ക്മേൽ സമ്മർദ്ധകാരണമായേക്കാം. വെള്ളിയാഴ്ച അദാനി ഓഹരികൾ നഷ്ടം കുറിച്ചു.

∙ജെഎൽആർ-ഇന്ത്യയുടെ മികച്ച വില്പനയുടെ പിന്ബലത്തിൽ ടാറ്റ മോട്ടോഴ്‌സ് റെക്കോർഡ് ഉയരത്തിലെത്തി. വെള്ളിയാഴ്ച ഓഹരി 4% മുന്നേറ്റം കുറിച്ചു. ടാറ്റ ടെക്ക് ഐപിഓ വരാനിരിക്കുന്നത് ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. കമ്പനി മികച്ച രണ്ടാംപാദഫലപ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. 

∙ഐപിഓയ്ക്ക് മുൻപ് തന്നെ ടാറ്റ ടെക്‌നോളജീസിന്റെ 9% ഓഹരികൾ 16300 കോടി രൂപക്ക് ടിപിജിയുടെ ക്ലൈമറ്റ് ഫണ്ട് സ്വന്തമാക്കിയത് ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. 

∙ലിഥിയം, നിയോബിയം മുതലായ ഭൗമ ലോഹങ്ങളുടെ റോയൽറ്റി നിരക്ക് 3%ലേക്ക് വർദ്ധിപ്പിച്ചത് ഖനി ഓഹരികൾക്ക് അനുകൂലമാണ്. 

∙കെവൈസി നിയമങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആർബിഐ പിഴ ചുമത്തിയത് പേടിഎം ഓഹരിക്ക് വെള്ളിയാഴ്ച തിരുത്തൽ നൽകി. ഓഹരി അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഇൻഡിഗോയുടെ സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാംഗ്‌വാൾ സ്‌പൈസ് ജെറ്റിൽ നിക്ഷേപം പരിഗണിക്കുന്നു എന്ന വാർത്ത ഓഹരിക്ക് മുന്നേറ്റം നൽകി.

∙ലാപ്ടോപ്പ് ഇറക്കുമതി നിരോധനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ട് പോകുന്നത് ലാപ്പ്ടോപ്പ് നിർമാണ ഓഹരികളിൽ ഒരു വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം.

business2

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ 

∙എച്ച്ഡിഎഫ്സി ബാങ്ക് ഞായറാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു. ഡിമാർട്ട്, ഡാൽമിയ ഭാരത്, ടെക്സ്മാക്കോ റെയിൽ, ടെക്സ്മാക്കോ ഇൻഫ്രാ മുതലായ കമ്പനികൾ ശനിയാഴ്ചയാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. 

∙ജിയോ ഫിനാൻസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഫെഡറൽ ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, ടിൻപ്ലേറ്റ്, നെൽകോ, സിയാറ്റ്, സൈന്റ്റ്‌ ഡിഎൽഎം, സെലാൻ, യാത്ര മുതലായവ തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു. 

∙ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഐടിസി, ഹിന്ദ് യൂണിലിവർ, വിപ്രോ, ടാറ്റ എൽഎക്സി, എൽടിഐ മൈൻഡ്ട്രീ, എൽടിടിഎസ്, ഓഎഫ്എസ്എസ്, സെൻസാർ ടെക്ക്, ഹാപ്പിയസ്റ്റ് മൈൻഡ്‌സ്, സയിന്റ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, അൾട്രാ ടെക്ക്, വോൾട്ടാസ്, ഹാവെൽസ്, പോളി ക്യാബ്‌സ്, ആസ്ട്രൽ, സീ, ജെ&കെ ബാങ്ക്, ബന്ധൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്‌ബി ബാങ്ക്, ക്യാൻ ഫൈൻ ഹോംസ്, എൽ&ടി ഫിനാൻസ്, ടിറ്റാഗർ റെയിൽ, യുബിഎൽ, പിവിആർ, അതുൽ ഓട്ടോ, ബട്ടർഫ്‌ളൈ, തേജസ് നെറ്റ്, എച്ച്എഫ്സിഎൽ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഇസ്രായേൽ പ്രതികാരനടപടികളുടെ വ്യാപ്തി വർദ്ധിപ്പിച്ചത് ബ്രെന്റ് ക്രൂഡ് ഓയിലിനെ തിരികെ 90 ഡോളറിലേക്കെത്തിച്ചു. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വൻ വർധനവാണ് കഴിഞ്ഞ ആഴ്ചയിൽ ക്രൂഡിന്റെ മുന്നേറ്റത്തിന് തടയിട്ടത്. 

സ്വർണം 

യുദ്ധസന്നാഹങ്ങൾ മുറുകിത്തുടങ്ങിയതും 1700 ഡോളറിന്റെ പടിവാതിൽക്കൽ നിന്നും സ്വർണം തിരികെ 1900 ഡോളറും പിന്നിട്ട് 1945 ഡോളറിലേക്ക് മുന്നേറി. യുദ്ധഭീഷണി സ്വർണ വില ഇനിയും ഉയർത്തിയേക്കും. 

ഐപിഓ 

ഗ്യാസ് വിതരണകമ്പനിയായ ഐആർഎം എനർജിയുടെ ഐപിഓ അടുത്ത ബുധനാഴ്ച ആരംഭിക്കുന്നു. ഓഹരിയുടെ ഐപിഓ വില 480-505 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Global Stock Market Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com