ബാങ്കിങ് നയിച്ചു, വിപണി മുന്നേറി

Mail This Article
ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തായ്‌വാനൊഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്ന് ഓപ്പണിങ് നേട്ടം നിലനിർത്തി. മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് വിപണി പ്രതീക്ഷയ്ക്കും മുകളിൽ നിന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നേട്ടം നിലനിർത്താൻ സഹായിച്ചത്. ബാങ്കിങ് മുന്നിൽ നിന്നും നയിച്ച ഇന്ന് ഓട്ടോ, റിയൽറ്റി സെക്ടറുകൾ നഷ്ടമൊഴിവാക്കിയതോടെ ഇന്ത്യൻ വിപണി വീണ്ടും സമ്പൂർണ നേട്ടം സ്വന്തമാക്കി. റെയിൽ, വളം അടക്കമുള്ള പൊതു മേഖല ഓഹരികൾ ഇന്നും കുതിച്ചത് റീറ്റെയ്ൽ നിക്ഷേപകർക്ക് അനുകൂലമായി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഇന്ന് ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് ഗ്യാപ്പ് അപ്പ് ഓപ്പണിങ് സ്വന്തമാക്കിയ നിഫ്റ്റി 19850 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങി 19775 പോയിന്റിൽ പിന്തുണ നേടിയ ശേഷം റേഞ്ച് ബൗണ്ട് വ്യാപാരം തുടർന്നു. ഇന്ന് 19811 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ 19740 പോയിന്റിലും 19660 പോയിന്റിലുമാണ്, 19880 പോയിന്റ് പിന്നിട്ടാൽ 19960 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.
ഇന്ന് 44600 പോയിന്റിലെ കടമ്പ കടക്കാനാകാതെ 44409 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി നാളെയും 44600 പോയിന്റിലും തുടർന്ന് 44800 പോയിന്റിലും വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 44200 പോയിന്റിലും 44000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ പിന്തുണകൾ.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ലിമിറ്റഡ് തിരികെ എച്ച്ഡിഎഫ്സി ബാങ്കിൽ ലയിച്ചതിന് ശേഷമുള്ള ആദ്യത്തെ പാദഫലപ്രഖ്യാപനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന് വിപണി പ്രതീക്ഷ നിലനിർത്താൻ സാധ്യമായത് ഇന്ന് ഇന്ത്യൻ വിപണിക്കും ബാങ്ക് നിഫ്റ്റിക്കും അനുകൂലമായി. നാളെ റിസൾട്ട് പ്രഖ്യാപിക്കുന്ന ഇൻഡസ് ഇന്‍ഡ് ബാങ്കൊഴികെ മറ്റ് ബാങ്കിങ് ഓഹരികളും ഇന്ന് മുന്നേറ്റം നേടി. എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ പാദത്തിൽ 15000 കോടിയിലധികം രൂപയുടെ അറ്റാദായം സ്വന്തമാക്കി.
അമേരിക്കൻ റിസൾട്ടുകൾ
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപായി ബാങ്ക് ഓഫ് അമേരിക്കയുടെയും, ഗോൾഡ്മാൻ സാക്സിന്റെയും, ലോക്ക് ഹീഡ് മാർട്ടിന്റെയും, ജോൺസൺ&ജോൺസണിന്റെയും റിസൾട്ടുകൾ വരാനിരിക്കെ മികച്ച റിസൾട്ടുകൾ പ്രതീക്ഷിച്ചു കൊണ്ട് അമേരിക്കൻ വിപണി ഇന്നലെ വീണ്ടും മുന്നേറി. നാസ്ഡാകും, എസ്&പിയും യഥാക്രമം 1.20%വും, 1.06%വും മുന്നേറിയപ്പോൾ ഡൗ ജോൺസ് 0.93% നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച വന്ന അമേരിക്കൻ റിസൾട്ടുകളുടെ ആവേശമാണ് യുദ്ധ ഭീതിക്കും, ബോണ്ട് യീൽഡ് മുന്നേറ്റത്തിനുമിടയിൽ ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകിയത്.
ഇന്ന് വിപണി സമയത്തിന് മുൻപായി വരുന്ന അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും ഇന്ന് സ്വാധീനം ചെലുത്തും. ഇന്നും നാളെയും ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. നാളെ വരുന്ന ബ്രിട്ടീഷ്, യൂറോ സോൺ, ചൈനീസ് ഡേറ്റകളും വിപണിക്ക് പ്രധാനമാണ്.
ചൈനീസ് ഡേറ്റ നാളെ
നാളെ വരാനിരിക്കുന്ന ചൈനയുടെ മൂന്നാം പാദ ജിഡിപി അടക്കമുള്ള ഡേറ്റകൾ നാളെ ഏഷ്യൻ വിപണികളെയും, യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. ചൈനയുടെ സെപ്റ്റംബറിലെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും, തൊഴിലില്ലായ്മ കണക്കുകളും നാളെ തന്നെയാണ് പുറത്ത് വരുന്നത്.
ക്രൂഡ് ഓയിൽ
നാളെ അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തെക്കുറിച്ചുള്ള സൂചനകൾ ലഭ്യമാകുന്ന എപിഐ റിപ്പോർട്ട് വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഷ്യൻ വ്യാപാരസമയത്ത് വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലേക്ക് കയറി. ചൈനീസ് ഡേറ്റകൾ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് നില മെച്ചപ്പെടുത്തുന്നത് രാജ്യാന്തര സ്വർണ വിലയിൽ ഇന്നലെ വീണ്ടും സമ്മർദ്ദം നൽകി. സ്വർണം ഇന്ന് തിരിച്ചു കയറി 1933 ഡോളറിൽ വ്യാപാരം തുടരുന്നു. വീണ്ടും 4.75%ൽ എത്തിയ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണവിലയിൽ വീണ്ടും സ്വാധീനം ചെലുത്തും.
നാളത്തെ പ്രധാന റിസൾട്ടുകൾ
വിപ്രോ, എൽടിഐ മൈൻഡ് ട്രീ, പെർസിസ്റ്റന്റ്, ഓഎഫ്എസ്എസ്, ബജാജ് ഓട്ടോ, ഇൻഡസ് ഇന്‍ഡ് ബാങ്ക്, ബന്ധൻ ബാങ്ക്, ഐസിഐസിഐ ലൊംബാർഡ്, യുടിഐ എഎംസി, 5 പൈസ, പോളിക്യാബ്‌സ്, ആസ്ട്രൽ, ടിറ്റഗർ റെയിൽ സിസ്റ്റംസ്, ടിപ്സ് ഇൻഡസ്ട്രീസ്, സീ, ഹെറിറ്റേജ് ഫുഡ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഗ്യാസ് വിതരണകമ്പനിയായ ഐആർഎം എനർജിയുടെ ഐപിഓ നാളെ ആരംഭിക്കുന്നു. ഓഹരിയുടെ ഐപിഓ വില 480-505 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക